7000 രൂപയുള്ള ചെരിപ്പും 4000 രൂപയുള്ള ഷർട്ടും ധരിച്ചു കോടതിയിൽ, പൾസർ സുനിയുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കാൻ പൊലീസ്
Mail This Article
കൊച്ചി∙ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിലെ ഒന്നാം പ്രതി എൻ.എസ്.സുനിൽകുമാർ (പൾസർ സുനി) ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം ആഡംബര വാഹനങ്ങളും വിലകൂടിയ ഉൽപനങ്ങളും ഉപയോഗിക്കുന്നതിന്റെ സാമ്പത്തിക സ്രോതസ്സു കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.
ജാമ്യത്തിൽ ഇറങ്ങുന്നതിനു മുൻപു ജയിലിൽ നിന്നും നേരിട്ടു വന്ന ഘട്ടത്തിൽ 7000 രൂപ വിലവരുന്ന ചെരിപ്പും 4000 രൂപ വിലവരുന്ന ഷർട്ടും ധരിച്ചു സുനിൽകുമാർ കോടതിയിലെത്തിയ വിവരം രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു. വിചാരണ അന്തിമഘട്ടത്തിൽ എത്തി നിൽക്കെ, സുനിൽകുമാറിനെ ആരെങ്കിലും സ്വാധീനിക്കാൻ ശ്രമിക്കുമോ, കോടതി നേരിട്ടു ചോദ്യം ചെയ്യുന്ന ഘട്ടത്തിൽ ആർക്കെങ്കിലും അനുകൂലമായി മറുപടി പറയാൻ സുനിൽകുമാർ ശ്രമിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണു പരിശോധിക്കുന്നത്. വിചാരണക്കോടതിയിൽ സുനിൽകുമാറിന്റെ ചോദ്യം ചെയ്യൽ ഇന്നലെയും തുടർന്നു.