ബ്രൂവറി: മന്ത്രിമാർ ജാഗ്രത പുലർത്തിയില്ലെന്ന് സിപിഐ
![Liquor (Representational Image, Credit: 5PH/shutterstock.com) (Representational Image, Credit: 5PH/shutterstock.com)](https://img-mm.manoramaonline.com/content/dam/mm/mo/global-malayali/gulf/images/2024/1/25/liquor-shop.jpg?w=1120&h=583)
Mail This Article
തിരുവനന്തപുരം∙ പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറി അനുവദിച്ച മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ മതിയായ ജാഗ്രത പുലർത്തിയില്ലെന്ന് സംസ്ഥാന നിർവാഹകസമിതി യോഗം വിലയിരുത്തി. മന്ത്രിമാർ സംശയങ്ങൾ ഉന്നയിച്ചെങ്കിലും സിപിഎം മന്ത്രിമാരുടെ വിശദീകരണം കൊണ്ട് തൃപ്തരായി. ഗുരുതര ജലചൂഷണത്തിന്റെ പ്രശ്നം ഉയരാനിടയുള്ള വിഷയം എന്ന ഗൗരവത്തോടെ ബ്രൂവറി അനുമതിയെ മന്ത്രിമാർ സമീപിക്കേണ്ടതായിരുന്നുവെന്ന വികാരമാണ് യോഗത്തിൽ ഉണ്ടായത്.
മന്ത്രിസഭാ യോഗത്തിനു മുൻപായി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും മന്ത്രിമാരും നടത്താറുള്ള യോഗത്തിൽ അന്ന് ജി.ആർ.അനിലും ജെ.ചിഞ്ചുറാണിയുമാണ് നേരിട്ടു പങ്കെടുത്തത്. കെ.രാജനും പി.പ്രസാദും ഓൺലൈനായിട്ടാണ് ചർച്ചയുടെ ഭാഗമായത്. മന്ത്രിസഭായോഗ അജൻഡയിൽ ബ്രൂവറി ഉണ്ടെന്നു മന്ത്രിമാർ സെക്രട്ടറിയെ ധരിപ്പിച്ചു. വ്യവസായ മന്ത്രിയുമായി സംസാരിച്ചെന്നും ആശങ്കകൾ വേണ്ടെന്നാണ് അദ്ദേഹം അറിയിച്ചതെന്നും മന്ത്രിമാർ പറഞ്ഞു. എങ്കിലും മന്ത്രിസഭാ യോഗത്തിൽ പാർട്ടിയുടെ നിലപാടും സന്ദേഹങ്ങളും ഉന്നയിക്കണമെന്ന് നിർദേശിച്ചിരുന്നതായി ബിനോയ് വിശ്വം യോഗത്തെ അറിയിച്ചു. അതനുസരിച്ച് മന്ത്രിമാർ വിവിധ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയെങ്കിലും വ്യവസായ, തദ്ദേശ മന്ത്രിമാരുടെ മറുപടികൾ ഉൾക്കൊള്ളുകയാണ് ചെയ്തതെന്ന് നിർവാഹകസമിതി വിലയിരുത്തി.
ബ്രൂവറിക്കെതിരെ സിപിഐ പാലക്കാട് ജില്ലാകൗൺസിൽ സംസ്ഥാന സെക്രട്ടറിക്ക് നൽകിയ കത്തിൽ മൂന്നു കാര്യങ്ങളാണ് പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്
∙ തണ്ണീർത്തട സംരക്ഷണ നിയമം ലംഘിച്ചുകൊണ്ടാണ് ഒയാസിസ് കമ്പനി എലപ്പുള്ളിയിൽ ഫാക്ടറി സ്ഥാപിക്കാൻ നോക്കുന്നത്. 25 ഏക്കർ സ്ഥലം വ്യവസായ ആവശ്യത്തിനായി തരം മാറ്റണമെന്ന അവരുടെ അപേക്ഷ ആർഡിഒയും കൃഷി വകുപ്പും ആദ്യം നിരസിച്ചതാണ്.
∙ പദ്ധതിക്കായി ഭൂഗർഭ ജലം ഉപയോഗിക്കില്ലെന്ന വിശദീകരിക്കുന്നുണ്ടെങ്കിലും വെള്ളം പിന്നെ എവിടെ നിന്ന് എന്നതിൽ വ്യക്തതയില്ല. മഴവെള്ള സംഭരണിയാണ് ഉദ്ദേശിക്കുന്നതെന്നും അതല്ല, മലമ്പുഴ ഡാമിൽ നിന്നാണെന്നും പറയുന്നുണ്ട്. കൃഷിക്കും കുടിവെള്ളത്തിനും വേണ്ടിയാണ് ഡാമിലെ വെള്ളം. അതു വ്യവസായ ആവശ്യത്തിനു നൽകേണ്ട കാര്യമില്ല.
∙ പരിസര മലിനീകരണം ഒഴിവാക്കാൻ എന്തു ചെയ്യുമെന്നതിൽ വ്യക്തതയില്ല. പ്രദേശവാസികൾക്ക് അക്കാര്യത്തിൽ വലിയ ആശങ്കയുണ്ട്.
എൽഡിഎഫ് പ്രകടന പത്രിക മദ്യവർജനത്തെ പ്രോത്സാഹിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കെ ബ്രൂവറിക്കായുള്ള നീക്കം പ്രകടനപത്രികയുടെ അന്തഃസത്തയ്ക്ക് ചേരുന്നതല്ലെന്നും സിപിഐ കരുതുന്നു. അതിൽ നിന്നു മാറ്റം ഉദ്ദേശിക്കുന്നുണ്ടെങ്കിൽ മുന്നണിക്കുള്ളിൽ രാഷ്ട്രീയ സമന്വയം ഉണ്ടാക്കണമായിരുന്നു. എന്നാൽ ബ്രൂവറിക്കാര്യം എൽഡിഎഫ് ചർച്ച ചെയ്തിട്ടില്ല. ഇക്കാര്യങ്ങൾ വിലയിരുത്തിയ നേതൃയോഗം ഒയാസിസ് കമ്പനിയുമായുള്ള കരാർ റദ്ദാക്കണമെന്ന പാലക്കാട്ടെ പാർട്ടിയുടെ ആവശ്യത്തിന് പിന്തുണ നൽകാനാണ് തീരുമാനിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറിയെ ഇക്കാര്യം ധരിപ്പിക്കും. എന്നാൽ പരസ്യപ്രതികരണം നടത്തില്ല. സർക്കാരിനെതിരെ എഐടിയുസി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനും ജോയിന്റ് കൗൺസിൽ നടത്തിയ പണിമുടക്കിനും ശേഷമാണ് നയപരമായ ഒരു പ്രശ്നത്തിൽ സിപിഐ നേരിട്ട് ഉടക്കുന്നത്.
സർക്കാർ നയം വായിക്കാതെ ആണോ എതിർപ്പ് ?: പി.രാജീവ്
കേരളത്തിന്റെ നയവും നാട്ടിലെ നിയമവും ചട്ടവും അനുസരിച്ച് ഏതു വ്യവസായത്തിന് അനുമതി തേടിയാലും നൽകുമെന്നു മന്ത്രി പി.രാജീവ്. പാലക്കാട്ടെ എഥനോൾ നിർമാണ പ്ലാന്റിനോടു സിപിഐ ഉൾപ്പെടെയുള്ളവർക്കുള്ള എതിർപ്പു മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോഴാണു മറുപടി. എല്ലാം വായിച്ചു പഠിച്ചവർ എന്നു മാധ്യമങ്ങൾ തന്നെ അവതരിപ്പിക്കുന്നവർ സർക്കാരിന്റെ നയമൊന്നും വായിക്കാതെയാണോ അഭിപ്രായം പറയുന്നത്? നിയമവിരുദ്ധമായിട്ടോ, ചട്ടവിരുദ്ധമായിട്ടോ ഒരു വ്യവസായത്തിനും അനുമതി കൊടുക്കില്ലെന്നും മന്ത്രി പറഞ്ഞു.