സപ്ലൈകോ: സബ്സിഡി സാധന വിൽപന മൂന്നിലൊന്നായി കുറച്ചു; കഴിഞ്ഞ 3 വർഷത്തെ കണക്കുകൾ പുറത്ത്
![supplyco supplyco](https://img-mm.manoramaonline.com/content/dam/mm/mo/sampadyam/business-news/images/2024/2/23/supplyco.jpg?w=1120&h=583)
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തു സാധാരണക്കാരുടെ ആശ്രയമായിരുന്ന സപ്ലൈകോ വിൽപനശാലകളിൽ സബ്സിഡി സാധനങ്ങളുടെ വിൽപന കഴിഞ്ഞ 3 വർഷം കൊണ്ടു സർക്കാർ മൂന്നിലൊന്നായി കുറച്ചു. സപ്ലൈകോയിൽ കഴിഞ്ഞ 2 വർഷത്തിലേറെയായി സബ്സിഡി സാധനങ്ങൾക്കു ക്ഷാമമുണ്ടെന്ന് വ്യക്തമാക്കുന്നതാണു കഴിഞ്ഞ 3 വർഷത്തെ കണക്കുകൾ. എല്ലാ വിൽപനശാലകളിലും സാധനങ്ങളുണ്ടെന്നും മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കുകയാണന്നും ആവർത്തിച്ചിരുന്ന സർക്കാരിന്റെ വാദം തള്ളുന്നതാണ് ഈ കണക്കുകൾ.
സപ്ലൈകോയിൽ 13 സാധനങ്ങളാണ് എല്ലാ വിഭാഗം റേഷൻ കാർഡ് ഉടമകൾക്കും സബ്സിഡിയോടെ വർഷങ്ങളായി നൽകുന്നത്. സപ്ലൈകോയ്ക്ക് വിപണി ഇടപെടലിനുള്ള ധനസഹായം സർക്കാർ കുറച്ചതും കൃത്യസമയത്തു പണം നൽകാതിരുന്നതും സപ്ലൈകോയിലെ സാമ്പത്തികപ്രതിസന്ധിയുമാണ് വിൽപന കുറയ്ക്കാനുള്ള കാരണം. പ്രതിസന്ധി നേരിടാൻ സബ്സിഡി സാധനങ്ങളുടെ വിൽപനയിൽ കുറവു വരുത്തിയപ്പോൾ ഇതേ സാധനങ്ങൾ നോൺ സബ്സിഡി വിഭാഗത്തിലൂടെ കൂടുതലായി വിറ്റഴിക്കാനും സപ്ലൈകോ ശ്രമിച്ചു. സബ്സിഡി സാധനങ്ങളിൽ കുറുവ, ജയ, മട്ട എന്നീ അരിയുടെ വിൽപന മൂന്നിലൊന്നായി കുറച്ചപ്പോൾ പച്ചരി വിൽപന പകുതിയായി. കടല, വൻപയർ, മല്ലി, ഉഴുന്ന്, പഞ്ചസാര, വെളിച്ചെണ്ണ, തുവരപ്പരിപ്പ് എന്നിവയുടെ സബ്സിഡി വിൽപനയിൽ വൻ ഇടിവാണ് ഉണ്ടായത്. ചെറുപയർ, മുളക് എന്നിവയുടെ വിൽപനയിലും കാര്യമായ കുറവുണ്ട്. അതേസമയം, നോൺ സബ്സിഡി ഇനത്തിലെ ചെറുപയർ, ഉഴുന്ന്, കടല, വൻപയർ, തുവരപ്പരിപ്പ്, പഞ്ചസാര എന്നിവയുടെ വിൽപന ഗണ്യമായി ഉയർന്നു.
വിപണി ഇടപെടൽ: വിഹിതം നൽകിയില്ല
2022–23 ൽ റേഷൻ കടകൾ വഴി കിറ്റുകൾ നൽകുന്നതിനായി 400 കോടി രൂപ അനുവദിച്ചതിന്റെ പേരിൽ, സപ്ലൈകോ വിൽപനശാലകൾ വഴിയുള്ള വിപണി ഇടപെടലിനു ഒരു രൂപ പോലും സർക്കാർ സപ്ലൈകോയ്ക്ക് അനുവദിച്ചില്ല. ഇതോടെ അടുത്ത വർഷം സബ്സിഡി സാധനങ്ങൾ വാങ്ങാൻ പണം തികയാതെ വന്നു. പിന്നീട് 357.63 കോടി രൂപ 2023–24 ലും 355 കോടി രൂപ ഈ സാമ്പത്തിക വർഷവും അനുവദിച്ചെങ്കിലും മുൻ വർഷങ്ങളിലെ നഷ്ടത്തിന്റെ പേരിൽ സബ്സിഡി സാധനങ്ങളുടെ വിൽപന സപ്ലൈകോ കുറച്ചു.