ബസേലിയോസ് ജോസഫ് കാതോലിക്കാബാവായുടെ സ്ഥാനാരോഹണം: മലയാളത്തിലും പ്രാർഥനകൾ

Mail This Article
അച്ചാനെ (ലബനൻ) ∙ മധ്യപൂർവ ദേശവുമായുള്ള ബന്ധം സഭാവ്യക്തിത്വത്തിന്റെ ആണിക്കല്ലായാണു യാക്കോബായ സമൂഹം കരുതുന്നത്. വിശ്വാസം, ആചാരം എന്നിവയിലെല്ലാം ചരിത്രപരമായ ആ സ്വാധീനമുണ്ട്. ബെയ്റൂട്ടിൽനിന്ന് 20 കിലോമീറ്റർ അകലെ അച്ചാനെ എന്ന സ്ഥലത്തെ സെന്റ് മേരീസ് പാത്രിയർക്കാ കത്തീഡ്രലിൽ നടന്ന ശ്രേഷ്ഠ കാതോലിക്കാബാവായുടെ വാഴിക്കൽ അതിന് അടിവരയിടുന്നതായി.സിറിയയിലെ ഡമാസ്കസ് ആണ് അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ ആസ്ഥാനം. സിറിയയിലെ സംഘർഷ സാഹചര്യം മൂലം മറ്റൊരു ആസ്ഥാനമായാണ് ലബനനിലെ അച്ചാനെയിലെ പാത്രിയർക്കാ കേന്ദ്രം പ്രവർത്തിക്കുന്നത്.
വൈകിട്ടു നടന്ന ശ്രേഷ്ഠ കാതോലിക്കാബാവായുടെ സ്ഥാനാരോഹണത്തിനു മുന്നോടിയായി രാവിലെ സെന്റ് മേരീസ് കത്തീഡ്രലിൽ പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ കാർമികത്വത്തിൽ നടന്ന കുർബാനയിൽ മലയാളത്തിലുള്ള ആരാധനാഗീതങ്ങളും പ്രാർഥനാഭാഗങ്ങളും ഉൾപ്പെടുത്തി. സ്വർഗസ്ഥനായ പിതാവേ എന്ന പ്രാർഥനയുടെ ആദ്യഭാഗം പാത്രിയർക്കീസ് ബാവാ തന്നെ മലയാളത്തിൽ ചൊല്ലി. സിറിയൻ ഗായകസംഘവും മറ്റിടങ്ങളിൽ നിന്നുള്ള മെത്രാപ്പൊലീത്തമാരുമടക്കം മലയാളത്തിലുള്ള ചില ആരാധാനഗീതങ്ങൾ ആലപിച്ചു.ശ്രേഷ്ഠ കാതോലിക്കാബാവായുടെ സഹോദരൻമാരായ ഉമ്മച്ചൻ, സണ്ണി എന്നിവരും കുടുംബാംഗങ്ങളും പരേതയായ സഹോദരി ശാന്തയുടെ കുടുംബവും അഭിഷേകശുശ്രൂഷയിൽ പങ്കെടുക്കാനെത്തി.