സീറ്റ് സംവരണം: 40% സീറ്റ് കേരളീയർക്ക്; സ്വകാര്യ സർവകലാശാലാ ബിൽ നിയമസഭ പാസാക്കി

Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തു സ്വകാര്യ സർവകലാശാലകൾക്കു വഴിയൊരുക്കുന്ന ബിൽ നിയമസഭ പാസാക്കി. ഭരണപക്ഷവും പ്രതിപക്ഷവും അനുകൂലിച്ച ബില്ലിനെ ആർഎംപി അംഗം കെ.കെ.രമ മാത്രം എതിർത്തു. വിദ്യാഭ്യാസക്കച്ചവടം ലക്ഷ്യമിട്ടുള്ള ബിൽ പിൻവലിക്കണമെന്നു രമ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ചർച്ച പൂർത്തിയാക്കിയ ബിൽ ഇന്നലെ ശബ്ദവോട്ടോടെയാണു പാസാക്കിയത്. സ്വകാര്യ സർവകലാശാല ഒറ്റ ക്യാംപസിൽ മാത്രമേ അനുവദിക്കൂ. ഒന്നിലധികം ക്യാംപസുകൾ (മൾട്ടി ക്യാംപസ്) ആരംഭിക്കാമെന്ന വ്യവസ്ഥ നിന്നൊഴിവാക്കി. വ്യവസ്ഥ യുജിസി ചട്ടത്തിനു വിരുദ്ധമാണെന്നതു കണക്കിലെടുത്താണു നടപടി. പ്രതിപക്ഷവും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
പ്രധാന വ്യവസ്ഥകൾ
∙ 5 വർഷം പൂർത്തിയാക്കിയ സർവകലാശാലകൾക്ക് ഓഫ് ക്യാംപസ് ആരംഭിക്കാം.
∙ സർവകലാശാലകൾ ആരംഭിക്കാനുള്ള അപേക്ഷകൾ സർക്കാർ നിയോഗിക്കുന്ന വിദഗ്ധ സമിതി പരിശോധിക്കും.
∙ 40% സീറ്റ് കേരളത്തിലെ സ്ഥിരംനിവാസികൾക്കു മാറ്റിവയ്ക്കണം.
∙ പട്ടികവിഭാഗ വിദ്യാർഥികൾക്കു സർക്കാർ നിശ്ചയിക്കുന്ന ഫീസ് ഇളവ്, സ്കോളർഷിപ് എന്നിവ ലഭ്യമാക്കണം. സംസ്ഥാനത്ത് നിലവിലുള്ള സംവരണ മാനദണ്ഡങ്ങൾ പാലിക്കണം.
∙ സ്പോൺസറിങ് ബോഡി 25 കോടി രൂപയുടെ എൻഡോവ്മെന്റ് ഫണ്ട് രൂപീകരിക്കണം.
∙ സർവകലാശാലയോ സ്പോൺസറിങ് ബോഡിയോ ബില്ലിലെ വ്യവസ്ഥകൾ ലംഘിച്ചാൽ ഫണ്ട് ഭാഗികമായോ മുഴുവനായോ സർക്കാരിനു കണ്ടുകെട്ടാം. സർവകലാശാല പിരിച്ചുവിട്ടാൽ വിദ്യാർഥികൾക്കുള്ള നഷ്ടപരിഹാരവും ഈ ഫണ്ടിൽനിന്ന്.
∙ റഗുലേറ്ററി ഏജൻസി നിശ്ചയിക്കുന്ന അളവിൽ ഭൂമി വേണം. ഉദാ: എൻജിനീയറിങ് സർവകലാശാലയാണെങ്കിൽ എഐസിടിഇ നിഷ്കർഷിക്കുന്ന വ്യവസ്ഥകൾ പാലിക്കണം.
∙ ഭരണസമിതിയിൽ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയടക്കം സർക്കാരിന്റെ 2 പ്രതിനിധികൾ.
∙ പരാതികൾ പരിഹരിക്കാൻ സെൽ.
∙ വിദ്യാർഥി യൂണിയനുകൾക്ക് അനുമതി.
വാഴ്സിറ്റികളിൽ പരിശോധന: പ്രതിപക്ഷം എതിർത്തു: ബില്ലിലെ വ്യവസ്ഥ പിൻവലിച്ചു
തിരുവനന്തപുരം∙ പൊതു സർവകലാശാലകളിൽ മന്ത്രി ചുമതലപ്പെടുത്തുന്ന ആർക്കും പരിശോധന നടത്താമെന്ന വ്യവസ്ഥ പ്രതിപക്ഷത്തിന്റെ എതിർപ്പിനെത്തുടർന്ന് സർക്കാർ പിൻവലിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് സെക്രട്ടറിയിൽ കുറയാത്ത ഉദ്യോഗസ്ഥനു മാത്രമേ പരിശോധന നടത്താനാകൂ എന്ന ഭേദഗതി ഉൾപ്പെടുത്തി ബിൽ ശബ്ദവോട്ടോടെ സഭ പാസാക്കി. പ്രോ ചാൻസലറായ ഉന്നത വിദ്യാഭ്യാസ മന്ത്രി സർവകലാശാലയിലെ അധികാരങ്ങൾ പിടിച്ചെടുക്കുമെന്ന പ്രതിപക്ഷ ആരോപണം അടിസ്ഥാനരഹിതമാണെന്നു ബിന്ദു പറഞ്ഞു.
ചാൻസലറുടെ അഭാവത്തിൽ അദ്ദേഹത്തിന്റെ ചുമതലകൾ പ്രോ ചാൻസലർ വഹിക്കണമെന്ന വ്യവസ്ഥ നേരത്തേയുണ്ട്. അക്കാര്യത്തിൽ വ്യക്തത വരുത്തുക മാത്രമാണു ചെയ്തിരിക്കുന്നത്. വൈസ് ചാൻസലറുമായുള്ള തർക്കങ്ങൾ ഒഴിവാക്കാനാണിത്. ബില്ലിൽ ഒട്ടേറെ വ്യവസ്ഥകളുണ്ടെങ്കിലും കുറ്റിയിൽ കെട്ടിയിട്ട പശുവിനെ പോലെ പ്രതിപക്ഷം പ്രോ ചാൻസലർ വിഷയത്തിൽ മാത്രം ചുറ്റിത്തിരിയുകയാണ്. സർവകലാശാലാ റജിസ്ട്രാറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.