എയ്ഡഡ് സ്കൂൾ ഭിന്നശേഷി സംവരണം: സർക്കാർ നിയമോപദേശം തേടും

Mail This Article
തിരുവനന്തപുരം∙ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് എൻഎസ്എസ് മാനേജ്മെന്റിനു കീഴിലെ എയ്ഡഡ് സ്കൂളുകൾക്ക് അനുകൂലമായി വന്ന കോടതി വിധി മറ്റ് എയ്ഡഡ് സ്കൂളുകൾക്കു കൂടി ബാധകമാക്കുന്നതിനെക്കുറിച്ച് സർക്കാർ എജിയുടെ നിയമോപദേശം തേടും. നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ സബ്മിഷനുള്ള മറുപടിയിലാണു മന്ത്രി വി.ശിവൻകുട്ടിക്കു വേണ്ടി മന്ത്രി കെ.എൻ.ബാലഗോപാൽ ഇക്കാര്യം അറിയിച്ചത്.
എൻഎസ്എസ് മാനേജ്മെന്റിനു കീഴിലുള്ള എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷിക്കാർക്കു സംവരണം ചെയ്ത തസ്തികകൾ ഒഴിച്ചിട്ട് ബാക്കി തസ്തികകളിൽ നിയമനം നൽകാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസവകുപ്പ് ഉത്തരവുമിറക്കി.
ഭിന്നശേഷി സംവരണ വിഷയം മൂലം സംസ്ഥാനത്തെ പതിനാറായിരത്തോളം അധ്യാപകർക്കു നിയമനാംഗീകാരം നൽകാൻ കഴിയുന്നില്ലെന്നും എൻഎസ്എസ് മാനേജ്മെന്റിന് അനുകൂലമായി വന്ന കോടതി വിധി മറ്റുള്ളവയ്ക്കും ബാധകമാക്കണമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. പൊതുവായി ഉത്തരവിറക്കണമെന്നായിരുന്നു ആവശ്യം. ഇക്കാര്യം എജിയുടെ ഉപദേശം ലഭിച്ചശേഷം സർക്കാർ പരിശോധിക്കുമെന്നു മന്ത്രി പറഞ്ഞു.