‘പുലര്‍ച്ചെ 1.30-ന് സുഷമാജി ഫോണ്‍ എടുത്തു; വിമാനം ഇറാഖില്‍ ഇറക്കി; നഴ്‌സുമാര്‍ മടങ്ങി’
Mail This Article
അതിഭീകരമായ ഏറ്റുമുട്ടലിനിടെ ഇറാഖില്‍നിന്ന് 45 മലയാളി നഴ്‌സുമാര്‍ ഉൾപ്പെടെ 46 പേരെ ഒരു പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപ്പെടുത്തി കേരളത്തില്‍ എത്തിച്ചതിന് വിദേശകാര്യമന്ത്രിയായിരുന്ന സുഷമ സ്വരാജ് നല്‍കിയ സഹായത്തെക്കുറിച്ചും പിന്തുണയെക്കുറിച്ചും മനോരമ ഓണ്‍ലൈനോടു പറയുമ്പോള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിക്കു രാഷ്ട്രീയത്തിന് അതീതമായി നൂറ് നാവ്.
''രക്തരൂക്ഷിതമായി തുടരുന്ന ഇറാഖിനു മുകളില്‍ പറക്കുന്ന പ്രത്യേക വിമാനത്തില്‍നിന്ന് കേരളത്തിന്റെ പ്രതിനിധി ഗ്യാനേഷ് കുമാര്‍ ഐഎഎസ് രാത്രി ഒന്നരയ്ക്കാണ് സാറ്റലൈറ്റ് ഫോണിൽ എന്നെ വിളിച്ചത്. വിമാനത്തിന് ഇറാഖില്‍ ഇറങ്ങാന്‍ അനുമതി ലഭിച്ചിട്ടില്ല. പൈലറ്റ് വിമാനം തിരിച്ചു പറത്തുകയാണ്. എന്തെങ്കിലും പെട്ടെന്നു ചെയ്യണം. ഒരു നിമിഷം തരിച്ചു പോയി. ഡല്‍ഹിയില്‍ മൂന്നു ദിവസത്തോളം നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രത്യേക വിമാനം ഇറാഖിലേക്ക് അയയ്ക്കാന്‍ തീരുമാനിച്ചത്. അതിന്റെ ആശ്വാസത്തിലാണു തിരിച്ചു കേരളത്തിലേക്കു പോന്നതും.
ഗ്യാനേഷ് വിളിക്കുമ്പോള്‍ എന്റെയൊപ്പം ഒരാള്‍ പോലുമില്ല. സഹായത്തിന് ആരെ വിളിക്കണം എന്ന് തലപുകയ്ക്കുമ്പോഴാണ് സുഷമാജിയെക്കുറിച്ച് ഓര്‍ക്കുന്നത്. രാത്രി 1.30 കഴിഞ്ഞിരുന്നു. ഒന്നും ആലോചിച്ചില്ല. അവരുടെ നമ്പരില്‍ വിളിച്ചു. അവര്‍ ഫോണ്‍ എടുത്തു. കാര്യങ്ങള്‍ അറിയിച്ചപ്പോള്‍ അവര്‍ക്കും ആശ്ചര്യം. എല്ലാം കൃത്യമായി ചെയ്തിരുന്നുവല്ലോ എന്നു പറഞ്ഞു. ഒന്നും പേടിക്കേണ്ടതില്ല, എല്ലാം നിശ്ചയിച്ച രീതിയില്‍ തന്നെ നടക്കുമെന്നും അവര്‍ ആശ്വസിപ്പിച്ചു.
ഉടന്‍ തന്നെ അവര്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടു. ഇറാഖില്‍ എംബസി ഇല്ലാത്തതിനാല്‍ വിമാനം ഇറങ്ങാനുള്ള സന്ദേശം നല്‍കേണ്ടിയിരുന്നത് കുവൈത്തില്‍നിന്നാണ്. അതിലുണ്ടായ പാകപ്പിഴയാണ് പ്രശ്‌നങ്ങള്‍ക്കു കാരണമായത്. വെറും 15 മിനിട്ടിനുള്ളില്‍ തന്നെ പ്രശ്‌നം പരിഹരിച്ചതായി സുഷമാജി അറിയിച്ചു. ഉടന്‍ തന്നെ ഗ്യാനേഷ് കുമാറിനെ വിളിച്ചു വിവരം പറഞ്ഞു. തുടര്‍ന്നു വിമാനം തിരിച്ചുവിട്ട പൈലറ്റ് ഇറാഖില്‍ ഇറങ്ങി നഴ്‌സുമാരെയും കൊണ്ട് കേരളത്തിലേക്കു പറക്കുകയായിരുന്നു.'' - ഉമ്മന്‍ചാണ്ടി ഓര്‍മിക്കുന്നു.
ഇറാഖില്‍ കാണാതായ 39 പഞ്ചാബി തൊഴിലാളികള്‍ കൊല്ലപ്പെട്ടുവെന്ന അഭ്യൂഹം നിലനില്‍ക്കുന്ന സമയത്താണ് 45 മലയാളി നഴ്‌സുമാര്‍ കുടുങ്ങിയെന്ന വിവരം അറിയുന്നതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇറാഖിലാകട്ടെ സര്‍ക്കാര്‍ ഇല്ല, പൊലീസ് ഇല്ല. ഭീകരമായ ഏറ്റുമുട്ടല്‍. ഇന്ത്യന്‍ എംബസി പോലും പൂര്‍ണമായും പ്രവര്‍ത്തിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് മലയാളി നഴ്‌സുമാരുടെ രക്ഷ തേടി ഡല്‍ഹിയില്‍ എത്തുന്നത്. വിവരങ്ങള്‍ വിശദമായി സുഷമ സ്വരാജുമായി സംസാരിച്ചു.
ഉടന്‍ തന്നെ അവര്‍ എല്ലാ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും വിളിച്ചു കൂട്ടി സ്ഥിതിഗതികള്‍ വിലയിരുത്തി. തുടര്‍ന്നു മുന്നു ദിവസം നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍. സാധ്യമായ എല്ലാ വഴികളും തേടി. ഇറാഖില്‍നിന്ന് വിമാനങ്ങളൊന്നും സര്‍വീസ് നടത്തുന്നില്ല. കപ്പലില്‍ കൊണ്ടുവരുന്നത് നഴ്‌സുമാരുടെ ജീവനു ഭീഷണിയാകുമെന്ന ആശങ്കയുയര്‍ന്നു. പ്രത്യേക വിമാനം അയയ്ക്കണമെന്ന് കേരള സര്‍ക്കാര്‍ ആവശ്യം മുന്നോട്ടുവച്ചു. ഉടന്‍ തന്നെ സുഷമ സ്വരാജ് എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട് അതിനുള്ള സൗകര്യം ചെയ്തു തന്നു.
കേരളത്തിന്റെ രണ്ടു പ്രതിനിധികളെ വിമാനത്തില്‍ അയയ്ക്കണമെന്ന സര്‍ക്കാര്‍ ആവശ്യവും അവര്‍ അംഗീകരിച്ചു. അതുകൊണ്ട് വലിയൊരു ദുരന്തമുഖത്ത് നിന്ന് 45 മാലാഖമാരെ നമുക്ക് തിരിച്ച് കേരളത്തിന്റെ മണ്ണില്‍ എത്തിക്കാന്‍ കഴിഞ്ഞു. - ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതിനു ശേഷമാണ് പഞ്ചാബില്‍നിന്നുള്ള തൊഴിലാളികളെ ഭീകരര്‍ കൊന്നു കുഴിച്ചുമുടിയെന്ന വാര്‍ത്ത പുറത്തുവരുന്നത്.
1977-ല്‍ ആണ് സുഷമ സ്വരാജുമായി ആദ്യമായി പരിചയപ്പെടുന്നതെന്ന് ഉമ്മന്‍ചാണ്ടി ഓര്‍മിച്ചു. ''അന്ന് അവര്‍ ഹരിയാന ഭവനനിര്‍മാണ വകുപ്പ് മന്ത്രിയാണ്. ഞാന്‍ എ.കെ. ആന്റണി മന്ത്രിസഭയില്‍ ഭവനനിര്‍മാണത്തിന്റെ ചുമതലയുള്ള മന്ത്രിയും. തിരുവനന്തപുരം ചെങ്കല്‍ചൂളയിലെ സ്ഥിതി അന്ന് ഏറെ ദയനീയമായിരുന്നു. അവിടെ പാര്‍പ്പിടസമുച്ചയം കെട്ടി ചേരിയില്‍നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
1977 ഒക്‌ടോബര്‍ 2-ന് മുഖ്യമന്ത്രി എ.കെ. ആന്റണി പദ്ധതിക്കു തറക്കല്ലിട്ടു. ആദ്യഘട്ട നിര്‍മാണം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കി. 1978 ഒക്‌ടോബര്‍ 2-ന് മുഖ്യമന്ത്രി തന്നെ താക്കോല്‍ദാനം നിര്‍വഹിച്ചു. അന്ന് മറ്റു സ്ഥലങ്ങളിലൊന്നും ചേരിനിര്‍മാര്‍ജന പദ്ധതി അത്ര വ്യാപകമായിരുന്നില്ല. ഇതു ദേശീയതലത്തില്‍ വലിയ വാര്‍ത്തയായി. പിന്നാലെ ഹരിയാനയില്‍നിന്നു സുഷമ വിളിച്ചു.
പദ്ധതി ഇഷ്ടമായെന്നും നേരിട്ടു വന്നു കാണാന്‍ ആഗ്രഹമുണ്ടെന്നും അവര്‍ പറഞ്ഞു. പിന്നീട് അവര്‍ തിരുവനന്തപുരത്ത് എത്തി പദ്ധതി കണ്ട് അതിന്റെ ഗുണഭോക്താക്കളുമായി നേരിട്ടു സംസാരിച്ചാണു മടങ്ങിയത്. ഹരിയാനയില്‍ അത്തരം പദ്ധതികള്‍ക്ക് അവര്‍ തുടക്കമിട്ടെന്നും പിന്നീട് അറിയാനായി''. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേട്ട് അതിനു കൃത്യമായി പരിഹാരം കാണാന്‍ പരിശ്രമിച്ചിരുന്ന കരുത്തുറ്റ രാഷ്ട്രീയ നേതാവായാണ് താന്‍ സുഷമ സ്വരാജിനെ വിലയിരുത്തുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.