ADVERTISEMENT

ന്യൂഡൽഹി ∙ ജനകീയ നിലപാടുകളിലൂടെ ജനഹൃദയങ്ങളിൽ ഇടംനേടിയ മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി. ഹൃദയാഘാതത്തെ തുടർ‌ന്ന് ഇന്നലെ രാത്രി അന്തരിച്ച മുതിർന്ന ബിജെപി നേതാവും മുൻ ‌കേന്ദ്രമന്ത്രിയുമായ സുഷമ സ്വരാജിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാർ തുടങ്ങിയവർ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു. ലോധി റോഡ് വൈദ്യുത ശ്മശാനത്തിലായിരുന്നു സംസ്കാരം. ചൊവ്വാഴ്ച ഹൃദയാഘാതത്തെത്തുടർന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ എത്തിച്ചെങ്കിലും രാത്രി 11 മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഒന്നാം മോദി സർക്കാരിൽ വിദേശകാര്യമന്ത്രിയെന്ന നിലയിൽ തിളങ്ങുന്ന പ്രകടനം കാഴ്ചവച്ച സുഷമ സ്വരാജ്, 1996,1998,1999 വാജ്പേയ് മന്ത്രിസഭകളിലായി വാർത്താ വിതരണ പ്രക്ഷേപണം, വാർത്താ വിനിമയം, ആരോഗ്യം കുടുംബക്ഷേമം, പാർലമെന്ററി കാര്യം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. 2009– 14 കാലയളവിൽ ലോക്സഭാ പ്രതിപക്ഷ നേതാവായിരുന്നു.

1977ൽ ഹരിയാന നിയമസഭയിലെത്തിയ സുഷമ സംസ്‌ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ മന്ത്രിയായി. 1980ൽ ജനതാ പാർട്ടിയിൽ നിന്നു ജനസംഘവിഭാഗം പിരിഞ്ഞു ബിജെപി രൂപീകരിച്ചതു മുതൽ സുഷമ പാർട്ടിയിലുണ്ട്. ദേശീയ നേതൃത്വത്തിലെത്തിയ അവർ 1990ൽ രാജ്യസഭാംഗമായി. 1998ൽ ഡൽഹിയിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി. രാജ്യത്ത് ഒരു രാഷ്ട്രീയപാർട്ടിയുടെ വക്താവാകുന്ന ആദ്യ വനിതയെന്ന റെക്കോഡും സുഷമയ്ക്ക് സ്വന്തം. മൂന്നു തവണ രാജ്യസഭയിലേക്കും നാലു തവണ ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com