വിവാഹത്തിന് മുന്‍കയ്യെടുത്തത് ജോളി തന്നെ; സത്യം പുറത്തുവരട്ടെ: ജോസഫ്
![jolly-father-joseph-4 ജോളി, ജോളിയുടെ പിതാവ് ജോസഫ്](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2019/10/5/jolly-father-joseph-4.jpg?w=1120&h=583)
Mail This Article
കോഴിക്കോട്∙ ദുരൂഹമരണങ്ങളില്‍ സംശയമുണ്ടായിരുന്നില്ലെന്നു ജോളിയുടെ അച്ഛന്‍ ജോസഫ്. ജോളിക്കു റോയിയുടെ അനുജന്‍ റോജോയുമായി സ്വത്തു തര്‍ക്കമുണ്ടായിരുന്നു. റോയിയുടെ ബന്ധു ഷാജുവുമായുള്ള വിവാഹത്തിനു മുന്‍കൈയെടുത്തതും ജോളിയാണ്. അന്വേഷണത്തില്‍ എല്ലാ സത്യവും പുറത്തുവരട്ടെയെന്നും ജോസഫ് പറഞ്ഞു.
കൂടത്തായി മരണപരമ്പരയില്‍ മുഖ്യകണ്ണി ജോളിയടക്കം മൂന്നുപേരാണ് അറസ്റ്റിലായത്. ജോളിയുടെ സുഹൃത്ത് എം.എസ്. ഷാജി (മാത്യു), സ്വര്‍ണപ്പണിക്കാരനായ പ്രജുകുമാര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റു രണ്ടുപേര്‍. രാവിലെ കസ്റ്റഡിയിലെടുത്ത മൂന്നുപേരെയും മണിക്കൂറുകള്‍ ചോദ്യം ചെയ്തശേഷമാണ് അറസ്റ്റുരേഖപ്പെടുത്തിയത്.
ജോളിയുടെ കുടുംബത്തില്‍ സ്വത്തുതര്‍ക്കമുണ്ടെന്നു ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു വ്യക്തമാക്കി. അതേസമയം മരണപരമ്പരയില്‍ തനിക്കു പങ്കില്ലെന്നും ഷാജു പറഞ്ഞു. മരണങ്ങളില്‍ ജോളിക്കു പങ്കുണ്ടോയെന്ന കാര്യത്തിൽ പ്രതികരിക്കുന്നില്ല. ഫൊറന്‍സിക് പരിശോധനാഫലം വരുമ്പോള്‍ എല്ലാം അറിയാമല്ലോ എന്നായിരുന്നു ഷാജുവിന്റെ നിലപാട്.
എല്ലാത്തിനും കാരണം സ്വത്തുതര്‍ക്കമെന്ന് ഷാജുവിന്റെ പിതാവും മരിച്ച ടോമിന്റെ സഹോദരനുമായ സക്കറിയ പ്രതികരിച്ചു. സിലിയുടെ കുഞ്ഞ് മരിച്ചത് അപസ്മാരം മൂലമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. എല്ലാം ക്രൈംബ്രാഞ്ച് അന്വേഷിക്കട്ടെയെന്നും അന്വേഷണത്തെ നേരിടുമെന്നും സക്കറിയ വ്യക്തമാക്കി.