ADVERTISEMENT

ന്യൂഡല്‍ഹി∙ ഇലക്ട്രിക് കാര്‍ നിര്‍മാണ കമ്പനിയായ ടെസ്‌ലയുടെ സ്ഥാപകനും ലോകത്തെ ശതകോടീശ്വരന്മാരില്‍ ഒന്നാമനുമായ ഇലോണ്‍ മസ്‌ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈപിടിച്ചു ചുവന്ന കാറിനു സമീപം നില്‍ക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത് ബിജെപി.

ഇന്ത്യയില്‍ വൈദ്യുത കാര്‍ വില്‍പന തുടങ്ങാനൊരുങ്ങുന്ന അമേരിക്കന്‍ വൈദ്യുത കാര്‍ കമ്പനിയായ ടെസ്‌ല ബെംഗളൂരു ആസ്ഥാനമായി ഇന്ത്യയില്‍ കമ്പനി റജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് ബിജെപി സമൂഹമാധ്യമത്തിൽ ചിത്രം പങ്കുവച്ചത്. 2015ല്‍ അമേരിക്കയില്‍ ടെസ്‌ല കമ്പനി സന്ദര്‍ശിച്ച മോദി, ഇലോണ്‍ മസ്‌കുമായി സൗഹൃദസംഭാഷണം നടത്തുന്ന ചിത്രമാണിത്. ഒന്നരമണിക്കൂറോളം മോദി അന്നു കമ്പനിയില്‍ ചെലവിട്ടിരുന്നു. ‘ബെംഗളൂരു യൂണിറ്റുമായി ടെസ്‌ല ഇന്ത്യയിലേക്ക് ഡ്രൈവ് ചെയ്‌തെത്തുന്നു’ എന്നും ബിജെപി ട്വീറ്റ് ചെയ്തിട്ടുണ്ട്. 

ടെസ്‌ല ഇന്ത്യ മോട്ടേഴ്‌സ് ആന്‍ഡ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് ഇന്ത്യയിലെ ഉപസ്ഥാപനം റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജൂണില്‍ പ്രവര്‍ത്തനം ആരംഭിക്കും. മോഡല്‍ 3 സെഡാനാവും ഇന്ത്യയില്‍ ആദ്യം വില്‍പനയ്ക്ക് എത്തുക. വൈഭവ് തനേജ, വെങ്കട്രംഗന്‍ ശ്രീറാം, ഡേവിഡ് ജോണ്‍ ഫെയ്ന്‍സ്റ്റെയ്ന്‍ എന്നിവരാണു ഡയറക്ടര്‍മാരെന്നും കമ്പനി അറിയിച്ചു. ബെംഗളൂരുവില്‍ ടെസ്‌ല ഗവേഷണ വികസനകേന്ദ്രം തുറക്കുമെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നു. ഇന്ത്യയില്‍ ഫാക്ടറി തുടങ്ങുന്നതിന് ഏതാനും സംസ്ഥാനങ്ങളുമായി കമ്പനി ആദ്യവട്ട ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.

‘വാഗ്ദാനം ചെയ്തതു പോലെ’ എന്നാണ് മസ്‌ക് ഇന്ത്യയിലേക്കെത്തുന്നതിനെക്കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. ‘അടുത്ത വര്‍ഷം ഉറപ്പായും’ എന്ന് കഴിഞ്ഞ ഒക്‌ടോബറില്‍ മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു. ‘ഇന്ത്യക്കു ടെസ്‌ലയെ വേണം’ എന്നെഴുതിയ ടീഷര്‍ട്ടിന്റെ ചിത്രം പങ്കുവച്ചായിരുന്നു അന്നു മസ്‌കിന്റെ വാഗ്ദാനം. 

നിലവില്‍ ഇറക്കുമതി തീരുവ മൂലം ടെസ്‌ലയുടെ കാറുകള്‍ക്ക് ഇന്ത്യയില്‍ വലിയ വിലയാണ്. എന്നാല്‍ കമ്പനി ഇന്ത്യയില്‍ നിര്‍മാണം ആരംഭിക്കുന്നതോടെ ഇടത്തരക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്ന വിലയ്ക്ക് കാറുകള്‍ ലഭ്യമാക്കാന്‍ കഴിയുമെന്നു കമ്പനി അവകാശപ്പെടുന്നു. ബെംഗളൂരുവിനു സമീപം തുംകുറില്‍ ടെസ്‌ലക്ക് നിര്‍മാണ യൂണിറ്റ് ആരംഭിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ സ്ഥലം വാഗ്ദാനം ചെയ്തുവെന്നാണു റിപ്പോര്‍ട്ട്. പരിസ്ഥിതി സൗഹൃദ ഗതാഗതത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയെ കര്‍ണാടകം നയിക്കുമെന്ന് മുഖ്യമന്ത്രി ബി.എസ് യെഡ്യൂരപ്പ പറഞ്ഞു.

English Summary: PM Modi, Elon Musk's 2015 Photo In BJP's Tesla Replug

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com