രഹ്നയ്ക്ക് അഭിപ്രായം പറയാം; ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

Mail This Article
ന്യൂഡൽഹി∙ ആക്ടിവിസ്റ്റ് രഹന ഫാത്തിമ സമൂഹമാധ്യമങ്ങളിലൂടെ അഭിപ്രായം പറയുന്നത് വിലക്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. രഹനയുടെ ഹർജിയിൽ കേരള സർക്കാരിനും പരാതിക്കാരനായ ബിജെപി നേതാവ് രാധാകൃഷ്ണ മേനോനും സുപ്രീം കോടതി നോട്ടിസ് അയയ്ക്കാൻ നിർദേശിച്ചു. ഭരണഘടന നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യമാണ് ഹൈക്കോടതി വിലക്കിയത് എന്നു കാണിച്ചാണ് രഹന സുപ്രീം കോടതിയെ സമീപിച്ചത്.
മതവികാരം വ്രണപ്പെടുത്തും വിധം സമൂഹമാധ്യമങ്ങളിലൂടെ അഭിപ്രായ പ്രകടനം നടത്തിയതിനെ തുടർന്ന് പത്തനംതിട്ട പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് കേസിന്റെ വിചാരണ കഴിയും വരെ മാധ്യമങ്ങളിലൂടെ അഭിപ്രായ പ്രകടനം നടത്തരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. ദൃശ്യമാധ്യമങ്ങളിലൂടെയോ ഇലക്ട്രോണിക്, ഡിജിറ്റൽ മാധ്യമങ്ങളിലൂടെയോ അഭിപ്രായം പറയുന്നതിനായിരുന്നു വിലക്ക്. സുപ്രീം കോടതി ഉത്തരവു പ്രകാരം 2018ൽ മതവികാരം വ്രണപ്പെടുത്തുന്നതു വിലക്കിയ കോടതി ഉത്തരവ് നിലനിർത്തിക്കൊണ്ടാണ് മറ്റ് അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നതിനുള്ള വിലക്ക് നീക്കിയത്.
ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട രഹനയുടെ അഭിപ്രായ പ്രകടനങ്ങളിലെ വിലക്കുകൾ നിലനിൽക്കെ യൂട്യൂബിൽ പാചക പരിപാടിക്കിടെ നടത്തിയ പരാമർശമാണ് വീണ്ടും വിവാദമായത്. ഇതിനെതിരെ ബിജെപി നേതാക്കൾ പരാതി നൽകിയതിനെ തുടർന്നായിരുന്നു ഒരു അഭിപ്രായ പ്രകടനവും സമൂഹമാധ്യമങ്ങളിലൂടെ പാടില്ലെന്ന് കോടതി ഉത്തരവിട്ടത്. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചെന്നു കാണിച്ചായിരുന്നു തുടർ പരാതി. ഭരണഘടന നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യം കോടതി പുനഃസ്ഥാപിച്ചു തന്നതിൽ ആശ്വാസമുണ്ടെന്ന് രഹന മനോരമ ഓൺലൈനോടു പ്രതികരിച്ചു.
English Summary: Supreme Court Stayed High Court verdict on Ban of Rehna Fathima comments in Social Media