എൽടിടിഇ സ്ലീപ്പിങ് സെൽ; ലഹരി, ആയുധ കടത്ത്; സുരേഷിന്റെ വീട്ടിൽ ഫോൺ ജാമർ
Mail This Article
കൊച്ചി ∙ അങ്കമാലിയിൽ ക്യൂബ്രാഞ്ച് അറസ്റ്റു ചെയ്ത ശ്രീലങ്കൻ സ്വദേശി സുരേഷ് താമസിച്ച വീട്ടിൽ മൊബൈൽ ജാമർ ഉപയോഗിച്ചിരുന്നതായി വെളിപ്പെടുത്തൽ. എൻഐഎ നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാളുടെ കൂട്ടുപ്രതി സുന്ദർരാജയിൽനിന്നു നിർണായക വിവരങ്ങൾ ലഭിച്ചത്. അറസ്റ്റു ചെയ്ത സമയത്തു സഹായികളെ ഉപയോഗിച്ച് ഉപകരണം സ്ഥലത്തുനിന്നു മാറ്റിയതായും വെളിപ്പെടുത്തി. സുരേഷ് ഇതു സമ്മതിച്ചിട്ടില്ല.
ഉപകരണം കണ്ടെത്തുന്നതിന് എൻഐഎ അന്വേഷണം ഊർജിതമാക്കി. ഇത്രനാൾ പിടിയിലാകാതെ ഇവർ കൊച്ചിയിൽ കഴിഞ്ഞത് എങ്ങനെ എന്ന അന്വേഷണത്തിൽ നിന്നാണ് മൊബൈൽ ജാമറിനെക്കുറിച്ചു വിവരം ലഭിക്കുന്നത്. നിശ്ചിത പ്രദേശത്തെ ഫോൺ സിഗ്നലുകളെ തടയാനാണ് ജാമറുകൾ ഉപയോഗിക്കുന്നത്. ഇവർ താമസിക്കുന്ന സ്ഥലത്തെക്കുറിച്ച് മൊബൈൽ ഫോൺ സിഗ്നൽ പിന്തുടർന്നു കണ്ടെത്താതിരിക്കുന്നതിനാണത്രെ ജാമർ ഉപയോഗിച്ചത്.
മറ്റു സ്ഥലങ്ങളിൽ ഫോൺ ഉപയോഗിച്ചിരുന്ന സുരേഷ് താമസ സ്ഥലത്ത് മൊബൈൽ ഫോൺ ഒഴിവാക്കി. ഇവരുടെ ലഹരിക്കടത്തു ശൃംഖലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി അന്വേഷണ സംഘം ചെന്നൈയിൽ എത്തി. പരിശോധനകളിൽ അവിടെനിന്നും നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഏതാനും അറസ്റ്റുകളും ഉണ്ടാകുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.
ശ്രീലങ്കയുമായി ബന്ധപ്പെട്ടുള്ള ആയുധക്കടത്ത്, ലഹരിക്കടത്ത് കേസിൽ എൻഐഎ ഇയാളെ ക്യൂബ്രാഞ്ചിൽനിന്നു കസ്റ്റഡിയിൽ വാങ്ങിയിരുന്നു. തുടർന്ന് രണ്ടാഴ്ച മുൻപ് അറസ്റ്റു ചെയ്തു കൊച്ചി എന്‍ഐഎ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങി. ചോദ്യം ചെയ്യലിലാണ് ഇയാളിൽനിന്ന് ഗൗരവമായ വിവരങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചത്.
തമിഴ്നാട്ടിൽ എൽടിടിഇ പൂർവ സംഘാംഗങ്ങൾ ഉൾപ്പെടുന്ന വൻ ലഹരിമരുന്നു ശൃംഖല പ്രവർത്തിക്കുന്നുണ്ടെന്നാണ് വ്യക്തമായിട്ടുള്ളത്. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ശ്രീലങ്കൻ പൗരൻ താമസിക്കുന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് ഇയാളെ ക്യൂബ്രാഞ്ച് അറസ്റ്റു ചെയ്തത്. ശ്രീലങ്കയിലേയ്ക്കു കടത്തുകയായിരുന്ന 300 കിലോ ലഹരിമരുന്നിനൊപ്പം എകെ 47 തോക്കുകളും 10,000 വെടിയുണ്ടകളും വിഴിഞ്ഞം പുറംകടലിൽ എൻസിബി പിടികൂടിയിരുന്നു.
ഇതിന്റെ അന്വേഷണമാണ് ശ്രീലങ്കൻ സ്വദേശി സുരേഷിലേയ്ക്കും സുന്ദർരാജയിലേയ്ക്കും എത്തിച്ചത്. കേരളത്തിൽ എൽടിടിഇയുടെ സ്ലീപ്പിങ് സെല്ലുകൾ സജീവമാകുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതേ തുടർന്നു നടത്തിയ ചോദ്യം ചെയ്യലുകളിലാണ് അങ്കമാലി കേന്ദ്രീകരിച്ചു പ്രവർത്തിച്ചു വന്ന ഇവരിലേയ്ക്കു സംശയമുന നീണ്ടത്.
എറണാകുളം ജില്ലയിലെ മത്സ്യബന്ധന തുറമുഖവും കൊച്ചി രാജ്യാന്തര വിമാനത്താവളവും ഈ സംഘം പ്രയോജനപ്പെടുത്തുകയാണ് എന്നാണ് വ്യക്തമായിട്ടുള്ളത്. കൂടുതൽ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എൻഐഎ നടത്തിയ പരിശോധനയിൽ ധാരാളം ശ്രീലങ്കൻ പൗരൻമാർ ഈ പ്രദേശങ്ങളിൽ തങ്ങുന്നുണ്ട് എന്നു മനസ്സിലാക്കി.
അങ്കമാലിയിൽ താമസിച്ചിരുന്ന സുന്ദർരാജയ്ക്കും സുരേഷിനും ഇന്ത്യൻ പാസ്പോർട്ട് ലഭിച്ചിരുന്നു. ഒരു വർഷത്തോളമായി ഇവർ അങ്കമാലിയിലും പരിസരങ്ങളിലും താമസിക്കുന്നുണ്ട്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലൂടെയും മുനമ്പത്തൂടെയും ആയുധങ്ങളും ലഹരിയും ഇവർ കടത്തിയിരുന്നതായാണ് അന്വേഷണ സംഘം കരുതുന്നത്. ഇവരുടെ താമസം സംബന്ധിച്ച വിവരങ്ങൾ രഹസ്യാന്വേഷണ ഏജൻസികൾക്കും കണ്ടെത്താൻ സാധിച്ചിരുന്നില്ല.
English Summary: NIA investigation in arms and drugs smuggling case