ADVERTISEMENT

ന്യൂഡൽഹി ∙ ‘അമുൽ’ എന്ന ബ്രാൻഡ് നാമത്തിൽ അറിയപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും വലിയ പാലുൽപന്ന വിതരണക്കാരായ ഗുജറാത്ത് കോ–ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിനെ (ജിസിഎംഎംഎഫ്) വളർച്ചയുടെ പടവുകളിലേക്കു കൈപിടിച്ചു കയറ്റിയ ശേഷമാണ് മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്നു രൂപീന്ദർ സിങ് സോധി എന്ന ആർ.എസ്.സോധിയുടെ പടിയിറക്കം. 2010ൽ‌ എംഡി സ്ഥാനത്തെത്തിയ സോധി പടിയിറങ്ങുന്നതോടെ, അമുലിനെ സംബന്ധിച്ച് ഒരു കാലഘട്ടത്തിന്റെ അന്ത്യം കൂടിയാണിത്. ആർ.എസ്.സോധി എംഡി സ്ഥാനത്തെത്തുമ്പോഴുണ്ടായിരുന്ന വാർഷിക വിറ്റുവരവ് അഞ്ചിരട്ടിയിലേറെ വർധിപ്പിച്ചാണ് അദ്ദേഹം പദവിയൊഴിയുന്നത്.

1982 മാർച്ചിൽ സീനിയർ സെയിൽസ് ഓഫിസർ തസ്തികയിലാണു സോധി ജിസിഎംഎംഎഫിൽ ചേരുന്നത്. അന്ന് കമ്പനിയുടെ വിറ്റുവരവ് 121 കോടി രൂപ മാത്രം. സോധിയുടെ ശമ്പളം 1450 രൂപയും. 2000ൽ സോധി കമ്പനിയിലെ മാർക്കറ്റിങ് വിഭാഗം ജനറൽ മാനേജരായി. പത്തു വർഷങ്ങൾക്കുശേഷം 2010ൽ സോധിയെ കമ്പനിയുടെ എംഡിയായി നിയമിച്ചു.

ഇന്ത്യയിൽ ധവളവിപ്ലവത്തിന്റെ പിതാവായി അറിയപ്പെടുന്ന വർഗീസ് കുര്യന്റെ നേരിട്ടുള്ള മാർഗനിർദ്ദേശത്തിൽ മൂന്നു പതിറ്റാണ്ടിലധികം ജോലി ചെയ്യാൻ സാധിച്ചത് സോധിയെ വളരെയധികം സഹായിച്ചു. സോധി കമ്പനിയുടെ എംഡിയായി ചുമതലയേൽക്കുമ്പോൾ സെയിൽസിലെ വാർഷിക വിറ്റുവരവ് 9774 കോടി രൂപയായിരുന്നു. 2021–22 സീസണായപ്പോഴേയ്ക്കും ഇത് അഞ്ചിരട്ടിയോളം വളർന്ന് 46,481 കോടി രൂപയായി. അമുൽ ബ്രാൻഡിസുള്ള ഉൽപന്നങ്ങളുടെ മൊത്തം വിറ്റുവരവ് 2019–20 കാലഘട്ടത്തിൽ 52,000 കോടിയിലധികം രൂപയായിരുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

മാനേജിങ് ഡയറക്ടറെന്ന നിലയിൽ അമുൽ ബ്രാൻഡിൽ അൻപതിൽപ്പരം പുതിയ ഉൽപന്നങ്ങളാണ് അദ്ദേഹം വിപണിയിലെത്തിച്ചത്. ഒരു പതിറ്റാണ്ടു പിന്നിട്ട സേവനത്തിനുശേഷം എം‍ഡി സ്ഥാനത്തുനിന്ന് രാജിവയ്ക്കാൻ സോധി നിർബന്ധിതനായതാണെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും അമുലിന്റെ വളർച്ചയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ വിസ്മരിക്കാവുന്നതല്ല. കഴിഞ്ഞ 3–4 വർഷമായി രാജിക്കാര്യം തന്റെ മനസ്സിലുണ്ടായിരുന്നുവെന്നാണു സോധിയുടെ ഭാഷ്യം.

English Summary: Amul MD RS Sodhi Resigns

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com