ADVERTISEMENT

തൃശൂർ∙ വിദ്യാഭ്യാസ വിചക്ഷണനും സംസ്ഥാന വിദ്യാഭ്യാസ മുൻ ജോയിന്റ് ഡയറക്ടറും സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന്റെ ആസൂത്രകനുമായ പി.ചിത്രൻ നമ്പൂതിരിപ്പാട് (104) അന്തരിച്ചു. ചെമ്പുക്കാവ് മ്യൂസിയം റോഡ് മുക്തിയിലായിരുന്നു താമസം.

100 വയസ്സുവരെ തുടർച്ചയായി 30 വർഷം ഹിമാലയയാത്രകൾ നടത്തിയ ചിത്രൻ നമ്പൂതിരിപ്പാട് ലളിത ജീവിതത്തിന്റെ അടയാളമായിരുന്നു. 1957ൽ ഇഎംഎസ് സർക്കാരിനു മലപ്പുറം ജില്ലയിലെ മൂക്കുതലയിൽ സ്വന്തം ഉടമസ്ഥതയിലുള്ള സ്കൂൾ ഒരു രൂപയ്ക്കു നൽകി വിദ്യാഭ്യാസ വിപ്ലവത്തിൽ അദ്ദേഹം പങ്കാളിയായി. വിരമിച്ച ശേഷം സർക്കാർ വാഗ്ദാനം ചെയ്ത ഉന്നതപദവികളും അദ്ദേഹം നിരസിച്ചു.

പൊന്നാനി താലൂക്കിലെ പകരാവൂർ കൃഷ്‌ണൻ സോമയാജിപ്പാടിന്റെയും പാർവതി അന്തർജനത്തിന്റെയും മകനായി ജനിച്ച അദ്ദേഹം വേദവും സംസ്‌കൃതവും പഠിച്ചശേഷം തൃശൂർ സെന്റ് തോമസ് കോളജിൽ ഇന്റർമീഡിയറ്റിനു ചേർന്നു. പഠിക്കുമ്പോൾ തന്നെ ഇടതുപക്ഷ വിദ്യാർഥി പ്രസ്‌ഥാനത്തിന്റെ സെക്രട്ടറിയും കോളജ് യൂണിയൻ സ്‌പീക്കറുമായി. അഖിലേന്ത്യാ വിദ്യാർഥി ഫെഡറേഷന്റെ പ്രഥമ സമ്മേളനത്തിൽ ഭാരവാഹിയായി.

മദ്രാസ് സർവകലാശാലയിൽനിന്ന് ധനശാസ്‌ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം കോഴിക്കോട്ട് സുകുമാർ അഴീക്കോടിന്റെ സഹപാഠിയായി അധ്യാപക പരിശീലനം പൂർത്തിയാക്കി. ഹ്രസ്വമായ കോളജ് അധ്യാപനത്തിനു ശേഷമാണ് തന്റെ പ്രദേശത്തെ പാവപ്പെട്ട വിദ്യാർഥികൾക്ക് അറിവു പകരാൻ മൂക്കുതലയിൽ സ്‌കൂൾ സ്‌ഥാപിക്കുന്നതിനു മുൻകയ്യെടുത്തത്.

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് രണ്ട് ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളിൽ ധാരാളം ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.
‘പുണ്യഹിമാലയം’ യാത്രാവിവരണഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പത്നി: ലീല, മക്കൾ: പാർവതി, കൃഷ്ണൻ, ബ്രഹ്മദത്തൻ, ഉഷ, ഗൗരി.

English Summary: P Chithran Namboothirippadu passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com