മെട്രോ മണ്ഡലത്തിലെ ഷൈനിങ് സ്റ്റാറായി ഷൈന്‍ ടീച്ചര്‍; എറണാകുളത്ത് ചെങ്കൊടി പാറിക്കാൻ സിപിഎം
Mail This Article
കൊച്ചി ∙ എറണാകുളം ലോക്സഭാ സീറ്റിൽ അമ്പരപ്പിച്ചിരിക്കുകയാണു സിപിഎം. ചർച്ചയിലുണ്ടായിരുന്ന പേരുകളെല്ലാം ഒഴിവാക്കി പാർട്ടിക്കുള്ളിൽതന്നെ അത്ര പ്രശസ്തയല്ലാത്ത കെ.ജെ.ഷൈൻ എന്ന ഷൈൻ ടീച്ചറെയാണ് ഇത്തവണ എറണാകുളം പിടിക്കാൻ പാർട്ടി നിയോഗിച്ചത്. പാർട്ടിയിലും എറണാകുളം ജില്ലയ്ക്കു പുറത്തും വലിയ തോതിൽ അറിയപ്പെടുന്ന ആളല്ലെങ്കിലും തന്റെ തട്ടകമായ വടക്കൻ പറവൂർ മേഖലയില്‍ പാര്‍ട്ടിയുടെ സജീവ സാന്നിധ്യവും മികച്ച പ്രാസംഗികയുമാണ് 53 വയസ്സുകാരിയായ കെ.ജെ.ഷൈൻ.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ തട്ടകത്തിൽനിന്നു തന്നെയാണ് സിപിഎം സ്ഥാനാർഥിയെ അവതരിപ്പിച്ചത്. കോട്ടപ്പുറം രൂപതയുടെ കീഴിലുള്ള വൈപ്പിൻ പള്ളിപ്പുറം സെന്റ് മേരീസ് ൈഹസ്കൂളിൽ യുപി വിഭാഗം അധ്യാപികയായ ഷൈൻ ഇപ്പോൾ ഡപ്യൂട്ടേഷനിൽ സമഗ്ര ശിക്ഷ കേരളയിൽ (എസ്എസ്കെ) ട്രെയിനറായി ജോലിചെയ്യുന്നു. പാർട്ടി സ്ഥാനാർഥിയായി, പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്ന കെ.ജെ.ഷൈന്റെ സ്ഥാനാർഥിത്വം സമുദായ സമവാക്യങ്ങളും കണക്കിലെടുത്താണ്.
Read Also: ഉത്തർപ്രദേശിൽ സീറ്റു വിഭജനം പൂർത്തിയാക്കി ഇന്ത്യ മുന്നണി; കോൺഗ്രസിന് 17 സീറ്റ്
സിപിഎം പറവൂർ ടൗൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമായ ഷൈൻ, കോട്ടപ്പുറം രൂപതയിലെ കെസിഎസ്എൽ, കെസിവൈഎം സംഘടനാ പ്രവർത്തകയുമായിരുന്നു. കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ മുൻ ജില്ലാ പ്രസിഡന്റു കൂടിയായ ഷൈൻ നിലവിൽ കെഎസ്ടിഎയുടെ സംസ്ഥാന കമ്മിറ്റി അംഗമാണ്. പറവൂർ നഗരസഭയിൽ തുടർച്ചയായി 3 വട്ടം വിജയിച്ചിട്ടുണ്ട് എന്നതും സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷയായി തുടരുന്നതും സ്ഥാനാർഥി നിർണയത്തിൽ നിർണായകമായി. ഗോതുരുത്ത് കോണത്ത് പരേതനായ ജോസഫിന്റെയും മേരിയുടെയും മകളാണ്. റിട്ട. സീനിയർ സൂപ്രണ്ട് കൂനമ്മാവ് വാഴപ്പിള്ളി ഡൈന്യൂസ് തോമസാണു ഭർത്താവ്. എച്ച്ഡിഎഫ്സി ബാങ്ക് പച്ചാളം ശാഖയിൽ അസി. മാനേജരായ ആരോമൽ, എംബിബിഎസ് വിദ്യാർഥി അലൻ, ആലുവ സെന്റ് സേവ്യേഴ്സ് കോളജിൽ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥി ആമി ഷൈൻ എന്നിവരാണ് മക്കൾ.
നേരത്തേ, മുൻ എം.പി കെ.വി.തോമസിന്റെ പേരുൾപ്പെടെ സിപിഎം പരിഗണിക്കുന്നവരുടേതായി പുറത്തു വന്നിരുന്നു. കഴിഞ്ഞ പല തിരഞ്ഞെടുപ്പുകളിലും പാർട്ടിക്കു പുറത്തുനിന്ന് സ്ഥാനാർഥികളെ കണ്ടെത്തുന്ന രീതിയാണ് സിപിഎം നടത്തിയിരുന്നത് എങ്കിൽ ഇത്തവണ പാർട്ടിക്കുള്ളിൽ നിന്നുതന്നെ സ്ഥാനാർഥിയായി. വടകരയിൽ കെ.കെ.ശൈലജയ്ക്കു പുറമെ സംസ്ഥാനത്തു മറ്റൊരു വനിതാ സ്ഥാനാർഥിയെ കൂടി മത്സരിപ്പിക്കുന്നു എന്നതും ശ്രദ്ധേയമാണ്. കോൺഗ്രസ് സ്ഥാനാർഥിയായി നിലവിലെ എംപി ഹൈബി ഈഡൻ വരും. ബിജെപി സ്ഥാനാർഥി കൂടി എത്തുന്നതോടെ എറണാകുളത്തെ മത്സരം കൊഴുക്കും. ബിജെപിയും വനിതാ സ്ഥാനാർഥിയെ മത്സരിപ്പിക്കാനാണു സാധ്യത.