ശ്രീലങ്കൻ പ്രധാനമന്ത്രിയായി ഡോ. ഹരിണി അമരസൂര്യ; ഈ പദവിയിലെത്തുന്ന മൂന്നാമത്തെ വനിത
Mail This Article
കൊളംബോ∙ ശ്രീലങ്കയുടെ പതിനാറാമത്തെ പ്രധാനമന്ത്രിയായി ഡോ. ഹരിണി അമരസൂര്യ ചുമതലയേറ്റു. എൻപിപി എംപിയായ ഹരിണി അധ്യാപികയും സാമൂഹികപ്രവർത്തകയുമാണ്. ശ്രീലങ്കയുടെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ്.
ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അനുര കുമാര ദിസനായകെ ചുമതലയേറ്റതിനെ തുടർന്ന് ദിനേശ് ഗുണവർധന പ്രധാനമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. പിന്നാലെ പ്രസിഡന്റ് ഹരിണിയെ പ്രധാനമന്ത്രിയായി നിയമിക്കുകയായിരുന്നു.
ശ്രീലങ്കയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ മിന്നും വിജയവുമായാണ് അനുര കുമാര ദിസനായകെ പ്രസിഡന്‍റ് പദവിയിലെത്തിയത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 50 ശതമാനത്തിലധികം വോട്ട് നേടി ആയിരുന്നു വിജയം. ശ്രീലങ്കയുടെ ഒമ്പതാമത്തെ പ്രസിഡന്‍റാണ് അനുര കുമാര. മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പാർട്ടിയായ ജനതാ വിമുക്തി പെരമുനയുടെ നേതാവാണ്.