‘ഒരു തിരഞ്ഞെടുപ്പും നിസാരമല്ല; അമിത ആത്മവിശ്വാസം പാടില്ലെന്ന് പഠിച്ചു’: അരവിന്ദ് കേജ്‌രിവാൾ
Mail This Article
ന്യൂഡൽഹി∙ ഹരിയാന തിരഞ്ഞെടുപ്പിലെ ബിജെപിയുടെ അട്ടിമറി വിജയത്തിൽ നിന്നും പഠിച്ച പാഠം തിരഞ്ഞെടുപ്പുകളിൽ അമിത ആത്മവിശ്വാസം പാടില്ലെന്നാണെന്ന് ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ഹരിയാന തിരഞ്ഞെടുപ്പിലെ ആം ആദ്മി പാർട്ടിയുടെ കനത്ത തോൽവിക്ക് പിന്നാലെയാണ് കേജ്‌രിവാളിന്റെ പ്രതികരണം. ഡൽഹിയിൽ ആപ്പിന്റെ മുൻസിപ്പൽ കൗൺസിലർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിൽ തിരഞ്ഞെടുപ്പുകളെ ചുറുചുറുക്കോടെയും അതീവ ജാഗ്രതയോടെയും കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും കേജ്‌രിവാൾ പറഞ്ഞു.
‘‘ഒരു തിരഞ്ഞെടുപ്പും നിസാരമായി കാണേണ്ടതില്ല. ഓരോ സീറ്റിനും അതിന്റേതായ പ്രതിസന്ധികളുണ്ട്. ഹരിയാന തിരഞ്ഞെടുപ്പിൽ എഎപി മുന്നോട്ടു വച്ച രാഷ്ട്രീയ തന്ത്രങ്ങൾ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്’’ – കേജ്‌രിവാൾ പറഞ്ഞു. നേരത്തെ എഎപിയുടെ പിന്തുണയില്ലാതെ ആർക്കും ഹരിയാനയിൽ സർക്കാർ രൂപീകരിക്കാനാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഫെബ്രുവരിയിൽ ഡൽഹിയിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് കൗൺസിലർമാർക്ക് കേജ്‌രിവാളിന്റെ നിർദേശം. താഴെത്തട്ടിൽ നിന്നുള്ള പ്രവർത്തനങ്ങളാണ് തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ വിജയത്തിലേക്ക് വഴിയൊരുക്കുന്നത്. ഓരോ കൗൺസിലർമാരും അതത് പ്രദേശങ്ങളിലെ മാലിന്യങ്ങൾ കൃത്യമായി നീക്കം ചെയ്യപ്പെടുന്നുണ്ടെന്നും അത് സംസ്കരിക്കപ്പെടുന്നുണ്ടെന്നും ഉറപ്പാക്കിയാൽ തന്നെ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വിജയിക്കാനാകുമെന്നും കേജ്‌രിവാൾ പറഞ്ഞു.