ADVERTISEMENT

ന്യൂ‍ഡൽഹി∙ രണ്ടു തിരഞ്ഞെടുപ്പുകളിൽ വിജയം സമ്മാനിച്ച പട്പട്ഗഞ്ചിൽ നിന്നു ജംഗ്പുരയിലേക്കു ചുവടുമാറ്റിയാണ് ഇത്തവണ എഎപി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ മത്സരം. ഫറാദ് സൂരിയാണു മണ്ഡലത്തി‌ലെ കോൺഗ്രസ് സ്ഥാനാർഥി. തർവീന്ദർ സിങ് മർവെയെ ആണ് ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. കേജ്‌രിവാളിന്റെ പടത്തലവൻ എന്ന് വിശേഷിപ്പിക്കുന്ന മനീഷ് സിസോദിയ മദ്യനയ അഴിമതിക്കേസ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതികരിക്കുന്നു.

∙ വീണ്ടും ഉപമുഖ്യമന്ത്രിയുടെ റോളിൽ എത്തുമോ ?

ജംഗ്പുരയിലെ ജനങ്ങൾ അങ്ങനെ പറയുന്നു. അതിലേറെ പ്രധാനം അരവിന്ദ് കേജ്‌രിവാൾ വീണ്ടും ഡൽഹിയുടെ മുഖ്യമന്ത്രിയാകും എന്നതാണ്.

∙ എഎപിയുടെ സീറ്റുകളുടെ എണ്ണം കൂട്ടുമോ ?

ഈയൊരു ഘട്ടത്തിൽ എത്ര സീറ്റുകൾ ലഭിക്കുമെന്നു വിലയിരുത്തുക ബുദ്ധിമുട്ടാണ്. എഎപി സർക്കാർ രൂപീകരിക്കും എന്നതിൽ സംശയമില്ല. നിലവിലെ സാഹചര്യത്തിൽ കേജ്‌രിവാൾ‌ മുഖ്യമന്ത്രി ആകാനുള്ള അനുകൂല സാഹചര്യമാണുള്ളത്. എല്ലാ മണ്ഡലങ്ങളിലെയും പ്രചാരണത്തിലും അതിനാണു പ്രാധാന്യം നൽകുന്നത്.

∙ സൗജന്യങ്ങളും ക്ഷേമപദ്ധതികളും?

സൗജന്യങ്ങൾ എന്നെടുത്തു പറയേണ്ടതില്ല. വെള്ളം, വൈദ്യുതി, ബസ് യാത്ര, വിദ്യാഭ്യാസം, ചികിത്സ തുടങ്ങി കേജ്‌രിവാൾ സർക്കാർ നടപ്പാക്കിയ പദ്ധതികളെല്ലാം ജനങ്ങൾക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്നവയാണ്. ബിജെപി ഉൾപ്പെടെ മറ്റു കക്ഷികളും പ്രകടന പത്രികയിൽ ഇതേ കാര്യങ്ങൾ ആവർത്തിക്കുന്നുണ്ടല്ലോ.

∙ ജാമ്യവ്യവസ്ഥകൾ അനുസരിച്ച് കേജ്‌രി‌വാളിനു മുഖ്യമന്ത്രിയാകാൻ കഴിയില്ലെന്നാണല്ലോ ബിജെപിയുടെ വാദം ?

വെറും നുണ പ്രചാരണം മാത്രമാണ്. മദ്യനയ അഴിമതിക്കേസ് ബിജെപിയുടെ രാഷ്ട്രീയ ഗൂഢാലോചനയാണ്. കേജ്‌രിവാളിന് മുഖ്യമന്ത്രിയാകാൻ കഴിയില്ലെന്ന് സുപ്രീംകോടതി ഉത്തരവിൽ ഒരിടത്തും പറയുന്നില്ല. താൽക്കാലികമായി ചില ഉപാധികൾ മാത്രമാണ് കോടതി മുന്നോട്ടു വച്ചിരിക്കുന്നത്. എന്റെ ജാമ്യവ്യവസ്ഥകളിൽ മാറ്റമുണ്ടായതു പോലെ ഭാവിയിൽ കോടതി കേജ്‌രിവാളിന്റെ ജാമ്യവ്യവസ്ഥകളിലും മാറ്റങ്ങൾ അനുവദിക്കുമെന്നാണു പ്രതീക്ഷ.

∙ സേഫ് സീറ്റിൽ നിന്ന് മണ്ഡലം മാറി മത്സരിക്കുന്നതിൽ ആശങ്കയുണ്ടോ?

ജംഗ്പുരയിലെ ജനങ്ങൾ എന്നെ സ്വീകരിച്ചു കഴിഞ്ഞു. വിദ്യാഭ്യാസ രംഗത്തും മറ്റും വരുത്തിയ മാറ്റങ്ങൾ ഏറെ പ്രതീക്ഷയോടെയാണ് അവർ നോക്കിക്കാണുന്നത്. പദവികളിൽ എത്തിയില്ലെങ്കിലും മണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസന കാര്യത്തിൽ അടിമുടി മാറ്റമുണ്ടാകുമെന്നു ജനങ്ങൾക്ക് ഉറപ്പു നൽകിയിട്ടുണ്ട്. ജംഗ്പുരയിലെ എല്ലാ തെരുവുകളുടെയും മുഖഛായ മാറ്റും. സ്കൂളുകളിലെ സൗകര്യങ്ങൾ വികസിപ്പിച്ച് അധ്യാപകരുടെയും ജീവനക്കാരുടെയും ഒഴിവുകൾ നികത്തും.

∙ കേന്ദ്ര, സംസ്ഥാന അധികാര വടംവലി തുടർക്കഥയാകുമോ ?

ഡൽഹിയിലെ എന്തിനും ഏതിനും കേന്ദ്ര സർക്കാരിന്റെയും ലഫ്. ഗവർണറുടെയും അനുമതി കൂടിയേ തീരൂ എന്ന അവസ്ഥയ്ക്കു മാറ്റമുണ്ടാകും. അവരുടെ താൽപര്യങ്ങൾ അടിച്ചേൽപിക്കാൻ അനുവദിക്കില്ല. ജനങ്ങളുടെ താൽപര്യത്തിനായിരിക്കും പ്രാധാന്യം നൽകുക. സൗജന്യ വൈദ്യുതിയും സ്കൂളുകളുടെയും ആശുപത്രികളുടെയും വികസനപ്രവർത്തനങ്ങളും ഡൽഹിയിൽ നടപ്പാക്കിയതും അങ്ങനെ തന്നെയാണ്.

English Summary:

Manish Sisodia: Manish Sisodia, AAP's key leader, contests from Jangpura in the Delhi elections. His shift from Patparganj marks a significant change in the electoral landscape.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com