ADVERTISEMENT

ന്യൂഡൽഹി∙ തന്റെ സുരക്ഷാ സംഘത്തില്‍നിന്നു പഞ്ചാബിലെ ഉദ്യോഗസ്ഥരെ മാറ്റി ഗുജറാത്ത് പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയെന്ന് എഎപി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ്‍‌‌ കേജ്‌രിവാൾ. ഈ നീക്കത്തിനു പിന്നിലെ ലക്ഷ്യം എന്താണെന്നും കേജ്‌രിവാൾ ചോദിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണു പുതിയ വിവാദം. കേജ്‍‌രിവാളിന്റെ സുരക്ഷാസംഘത്തില്‍നിന്നു സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരെ നീക്കണമെന്നു വ്യാഴാഴ്ചയാണു പഞ്ചാബ് പൊലീസിനു തിരഞ്ഞെടുപ്പ് കമ്മിഷനും ഡല്‍ഹി പൊലീസും നിര്‍ദേശം നല്‍കിയത്. 2 വ്യത്യസ്ത സംസ്ഥാനങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുള്ള സുരക്ഷാ ക്രമീകരണം നിയമവിരുദ്ധമായിരുന്നുവെന്നും ഡല്‍ഹി പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ഗുജറാത്ത് പൊലീസിന്റെ ഉത്തരവിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചാണു കേജ്‌‌രിവാൾ വിമർശനവുമായി രംഗത്തെത്തിയത്.

‘‘ഗുജറാത്ത് പൊലീസിന്റെ ഈ ഉത്തരവ് വായിക്കുക. ഡല്‍ഹിയില്‍നിന്ന് പഞ്ചാബ് പൊലീസിനെ നീക്കി ഗുജറാത്ത് പൊലീസിനെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിയോഗിച്ചു എന്നാണു പറയുന്നത്. എന്താണ് ഇവിടെ സംഭവിക്കുന്നത്?’’– കേജ്‍രിവാൾ എക്സിൽ കുറിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് അനുസരിച്ച് വിവിധ സംസ്ഥാനങ്ങളിലേക്ക് ഉദ്യോഗസ്ഥരെ നിയോഗിച്ചതാണെന്നും ഗുജറാത്തിനെ പ്രത്യേകമായി പരാമര്‍ശിച്ചത് എന്തിനാണെന്നും കേജ്‍രിവാളിനോടു ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹര്‍ഷ് സങ്‌വി ചോദിച്ചു.

‘‘തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാനദണ്ഡങ്ങള്‍ നിങ്ങള്‍ക്ക് അറിയില്ലെന്നത് അദ്ഭുതപ്പെടുത്തുന്നു. ഗുജറാത്തിൽനിന്നു മാത്രമല്ല, വിവിധ സംസ്ഥാനങ്ങളില്‍നിന്നു സേനയെ ആവശ്യപ്പെട്ടിട്ടുണ്ട്. ഗുജറാത്തില്‍നിന്ന് 8 കമ്പനി സേനയെ ഡല്‍ഹിയിലേക്ക് അയച്ചു. എന്തുകൊണ്ടാണ് ഗുജറാത്തിനെ മാത്രം തിരഞ്ഞെടുത്ത് പരാമര്‍ശിക്കുന്നത്?’’– ഹര്‍ഷ് സങ്‌വി പറഞ്ഞു. ‌തിരഞ്ഞെടുപ്പില്‍ തോൽവി ഭയന്നാണു കേജ്‌രിവാൾ ഇത്തരം അഭിപ്രായങ്ങള്‍ പറയുന്നതെന്നു ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ആരോപിച്ചു.

English Summary:

Arvind Kejriwal Slams Election Commission: Kejriwal questions Gujarat Police replacing Punjab Police in his security detail.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com