‘എഎപി ജയിച്ചാൽ മനീഷ് സിസോദിയ ഉപമുഖ്യമന്ത്രി; ഒപ്പം നിങ്ങളെല്ലാവരും ഉപമുഖ്യമന്ത്രിമാരാകും’
![manish-sisodia-arvind-kejriwal മനീഷ് സിസോദിയയുടെ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കുന്ന അരവിന്ദ് കേജ്‌രിവാൾ (PTI Photo)](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/1/27/manish-sisodia-arvind-kejriwal.jpg?w=1120&h=583)
Mail This Article
ന്യൂഡൽഹി ∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി വിജയിച്ചാൽ മനീഷ് സിസോദിയ വീണ്ടും ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന് ആം ആദ്മി പാർട്ടി (എഎപി) നേതാവ് അരവിന്ദ് കേജ്‌രിവാൾ. മനീഷ് സിസോദിയ ഇത്തവണ മത്സരിക്കുന്ന ജംഗ്പുര മണ്ഡലത്തിലെ പൊതുയോഗത്തിലാണ് കേജ്‌രിവാൾ ഇക്കാര്യം അറിയിച്ചത്.
‘‘അദ്ദേഹം സർക്കാരിൽ ഉപമുഖ്യമന്ത്രിയാകും, അദ്ദേഹത്തോടൊപ്പം നിങ്ങളെല്ലാവരും ഉപമുഖ്യമന്ത്രിമാരാകും. ഞാനും മനീഷ് സിസോദിയയും ചേർന്ന് നിങ്ങളുടെ കുട്ടികളുടെ നല്ല ഭാവിക്കായി സർക്കാർ സ്‌കൂളുകൾ മികച്ചതാക്കി. ഇപ്പോൾ ബിജെപി പറയുന്നത് അവരുടെ സർക്കാർ രൂപീകരിച്ചാൽ ഇവിടെയുള്ള എല്ലാ സർക്കാർ സ്‌കൂളുകളും പൂട്ടുമെന്നാണ്. നിയമസഭയിൽ ബിജെപിയുടെ എംഎൽഎമാർ അവരുടെ പ്രദേശങ്ങളിൽ ഒരു പ്രവർത്തിയും നടത്താൻ അനുവദിച്ചില്ല. എട്ടു പേരും അവരുടെ നിയമസഭാ മണ്ഡലങ്ങളെ നരകമാക്കി. നിങ്ങൾ ഇത്തരം തെറ്റ് ചെയ്യരുത്.’’ – അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു.
എഎപി സർക്കാരിൽ ഉപമുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച മനീഷ് സിസോദിയയെ ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് 2023 മാർച്ചിൽ അറസ്റ്റ് ചെയ്തിരുന്നു. പട്പർഗഞ്ചിൽ നിന്നുള്ള എംഎൽഎയാണ് അദ്ദേഹം. എന്നാൽ ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ ജംഗ്പുരയിൽ നിന്നാണ് മത്സരിക്കുന്നത്.
ജംഗ്പുരയിൽ എഎപി കടുത്ത മത്സരമാണ് നേരിടുന്നത്. ബിജെപി തർവീന്ദർ സിങ് മർവയേയും കോൺഗ്രസ് ഫർഹാദ് സൂരിയേയുമാണ് സ്ഥാനാർഥിയാക്കിയിരിക്കുന്നത്. ഫെബ്രുവരി 5നു വോട്ടെടുപ്പും എട്ടിന് വോട്ടെണ്ണലും നടക്കും.