ബലപ്രയോഗം നടന്നു, സ്വർണവ്യാപാരിയുടെ ശരീരത്തിൽ 6 പരുക്കുകൾ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, കസ്റ്റഡി മരണം ?

Mail This Article
ആലപ്പുഴ∙ മോഷണമുതൽ വാങ്ങിയെന്ന പേരിൽ പൊലീസ് അറസ്റ്റ് ചെയ്ത സ്വർണവ്യാപാരി മണ്ണഞ്ചേരി പൊന്നാട് പണിക്കാപറമ്പിൽ രാധാകൃഷ്ണൻ മരിച്ച സംഭവത്തിൽ കസ്റ്റഡി മർദനത്തിലേക്കു വിരൽ ചൂണ്ടി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. രാധാകൃഷ്ണന്റെ ശരീരത്തിൽ 6 പരുക്കുകളുണ്ടെന്നാണ് ആലപ്പുഴ ഗവ. മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഇതിൽ നാലു പരുക്കുകളും രാധാകൃഷ്ണൻ മരിക്കുന്നതിനു 24 മണിക്കൂറിനകമുണ്ടായവയാണ്. ഇവ ബലപ്രയോഗത്തിന്റെ ഫലമായി ഉണ്ടായതാണെന്നു റിപ്പോർട്ടിൽ പറയുന്നു.
രണ്ടു ദിവസത്തിലേറെ പഴക്കമുള്ള മറ്റൊരു പരുക്ക് ഇടതു കാൽമുട്ടിനു താഴെയുണ്ട്. മരണകാരണം രാസവസ്തു ഉള്ളിൽ ചെന്നതാണെന്നു പറയുന്നുണ്ടെങ്കിലും ഏതു രാസവസ്തുവാണെന്നു ലാബ് പരിശോധനാഫലം വന്നാലേ പറയാനാകൂ എന്നും റിപ്പോർട്ടിൽ പറയുന്നു. ഫെബ്രുവരി 7നാണു കടത്തുരുത്തി പൊലീസ് തെളിവെടുപ്പിനു ജ്വല്ലറിയിലെത്തിച്ചപ്പോൾ രാധാകൃഷ്ണൻ ജീവനൊടുക്കിയത്. രാധാകൃഷ്ണന്റെ മരണത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു വിവിധ സംഘടനകൾ സമരം ചെയ്യുകയാണ്. സംയുക്ത വിശ്വകർമ സംഘടനയുടെ നേതൃത്വത്തിൽ കടുത്തുരുത്തി പൊലീസ് സ്റ്റേഷനു മുന്നിൽ നാളെ രാവിലെ 10നു രാധാകൃഷ്ണന്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർ ധർണ നടത്തും.
6നു രാത്രി മുതൽ രാധാകൃഷ്ണൻ പൊലീസ് കസ്റ്റഡിയിലായിരുന്നെന്നും എന്നാൽ പുലർച്ചെ മാത്രമാണു വിവരം അറിയിച്ചതെന്നും രാധാകൃഷ്ണന്റെ മകൻ രതീഷ് പറയുന്നു. അവിടെ അവശനായ പിതാവിനെയാണു കാണാനായത്. തെളിവെടുപ്പിനായി ജ്വല്ലറിയിൽ എത്തിച്ചപ്പോഴും പൊലീസ് മർദിച്ചു. പിതാവ് നിലതെറ്റി വീണു ബോധം പോയതോടെ സിഐ റെനീഷ് എന്തോ ദ്രാവകം മുഖത്തേക്ക് ഒഴിച്ചെന്നും അതിൽ സംശയമുണ്ടെന്നും രതീഷ് പറയുന്നു.