ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ആലപ്പുഴ∙ സിനിമ, ടൂറിസം മേഖലകൾ കേന്ദ്രീകരിച്ചു ഹൈബ്രിഡ് കഞ്ചാവ് വിൽപന നടത്തിയിരുന്ന സ്ത്രീയും സഹായിയും പിടിയിലായത് എക്സൈസിന്റെ രണ്ടുമാസത്തെ നിരീക്ഷണത്തിനൊടുവിൽ. ചെന്നൈയിൽ താമസിക്കുന്ന കണ്ണൂർ സ്വദേശിനി തസ്‌ലിമ സുൽത്താന (ക്രിസ്റ്റീന–43), സഹായി മണ്ണഞ്ചേരി മല്ലംവെളി വീട്ടിൽ കെ.ഫിറോസ് (26) എന്നിവരെ ഓമനപ്പുഴ ബീച്ചിനു സമീപമുള്ള റിസോർട്ടിൽ നിന്നാണു എക്സൈസ് കസ്റ്റഡിയിലെടുത്തത്.

ആലപ്പുഴ ജില്ലയിലെ റിസോർ‍ട്ടുകൾ കേന്ദ്രീകരിച്ച് ഇവർ ലഹരിവിൽപന നടത്തുന്നതായി രണ്ടുമാസം മുൻപാണ് എക്സൈസിനു വിവരം ലഭിച്ചത്. ചലച്ചിത്ര പ്രവർത്തകർക്കും വിനോദസഞ്ചാരികൾക്കും പുറമെ ചില പെൺവാണിഭ സംഘങ്ങൾക്കും ഇവർ ഹൈബ്രിഡ് കഞ്ചാവ് നൽകുന്നുണ്ടെന്നായിരുന്നു വിവരം. കൊച്ചിയും ആലപ്പുഴയും കേന്ദ്രീകരിച്ചാണു പ്രവർത്തനമെന്നും മനസ്സിലാക്കിയ എക്സൈസ് , ഇവരുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഓമനപ്പുഴ കടപ്പുറത്ത് ഒരു റിസോർട്ടിൽ ലഹരി ഇടപാട് നടക്കുന്ന വിവരമറിഞ്ഞ് എക്സൈസ് സ്പെഷൽ സ്ക്വാഡ് സിഐ എം.മഹേഷും സംഘവും പരിശോധന നടത്തിയിരുന്നു. നേരിയ അളവിൽ എംഡിഎംഎ പിടിച്ചെങ്കിലും പ്രതികളെ കിട്ടിയില്ല. എന്നാൽ ക്രിസ്റ്റീന ഇവിടേക്കു വരുന്നുണ്ടെന്ന നിർണായക വിവരം ലഭിച്ചു. സിനിമ തിരക്കഥാകൃത്ത് എന്നു പറഞ്ഞാണ് ഇവർ റിസോർട്ടിൽ മുറി ബുക്ക് ചെയ്തിരുന്നത്.

രാത്രി 10.30ന് എറണാകുളത്തുനിന്നു റിസോർട്ടിൽ എത്തിയ ഇവരെയും വണ്ടി ഓടിച്ചിരുന്ന ഫിറോസിനെയും കാത്തിരുന്ന എക്സൈസ് സംഘം പിടികൂടി. കാറും തസ്‌‌ലിമയുടെ ബാഗും പരിശോധിച്ചപ്പോൾ നാല് പാക്കറ്റുകളാക്കി വച്ചിരുന്ന ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തി. നാലു പൊതികളായി പ്രത്യേക നമ്പറുകളിട്ടാണു ക്രിസ്റ്റീന ബാഗിൽ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഈ സമയം ഭർത്താവും കുട്ടികളും ഒപ്പമുണ്ടായിരുന്നു. അവർക്ക് ഈ ലഹരി ഇടപാടുകളെക്കുറിച്ച് അറിയില്ലായിരുന്നുവെന്നാണു പ്രാഥമിക സൂചന.

ക്രിസ്റ്റീനയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് ചലച്ചിത്ര താരങ്ങളുടെയും മറ്റും നമ്പറുകൾ കണ്ടത്. ഇവരുമായി പരിചയമുണ്ടെന്നും ഇതിൽ 3 പേർക്ക് ഹൈബ്രിഡ് കഞ്ചാവ് നൽകുന്നുണ്ടെന്നും ക്രിസ്റ്റീന പറഞ്ഞു. ആലപ്പുഴയിലെ ചിലർക്കു കഞ്ചാവ് കൈമാറാനാണു ഓമനപ്പുഴയിലെത്തിയത്. ഭർത്താവിനോടും മക്കളോടും ഇക്കാര്യങ്ങളൊന്നും പറഞ്ഞിരുന്നില്ല. താൻ ബെംഗള‌ൂരുവിൽ നിന്നു കോഴിക്കോട് വഴി എറണാകുളത്തെത്തി. ചെന്നൈയിൽ നിന്ന് എറണാകുളത്തെത്തിയ ഭർത്താവിനും മക്കൾക്കുമൊപ്പം ആലപ്പുഴയിലേക്കു വരികയായിരുന്നെന്നും തസ്‌ലിമയുടെ മൊഴിയിലുണ്ട്.

ഡ്രൈവറായി മാത്രമല്ല, ഓൺലൈൻ ഇടപാട് നടത്തി ഉറപ്പിക്കുന്നവർക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കാനും വേണ്ടിയാണ് ഫിറോസിനെ ഒപ്പം കൂട്ടിയത്. പ്രമുഖരുമായി മാത്രമേ ഇടപാടുകൾ നടത്താറുള്ളൂവെന്നും ഫിറോസ് ചോദ്യം ചെയ്യലിൽ പറഞ്ഞു. ഇയാൾക്കെതിരെ നേരത്തേ കേസുകളില്ല. ഇരുവരുടെയും മൊബൈൽ ഫോണുകളും സാമ്പത്തിക ഇടപാടുകളും പരിശോധിക്കുമെന്ന് എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണർ എസ്.വിനോദ് കുമാർ പറഞ്ഞു.

∙2 കോടിയിലേറെ വില

ഇന്ത്യൻ വിപണിയിൽ 2 കോടിയിലേറെ രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്. കഞ്ചാവ് ഇനങ്ങളായ കന്നാബിസ് ഇൻഡിക്ക, കന്നാബിസ് സാറ്റിവ എന്നിവ സംയോജിപ്പിച്ചുണ്ടാക്കിയ പുതിയ ഇനമാണ് ഹൈബ്രിഡ് കഞ്ചാവ്. ഇവ ഗ്രീൻ ഹൗസ് രീതിയിൽ കൃത്രിമ കാലാവസ്ഥ സൃഷ്ടിച്ചു കൃഷി ചെയ്തു നിശ്ചിത സമയപരിധിക്കുള്ളിൽ വിളവെടുക്കും. തായ്‌ലൻഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലാണു ഹൈബ്രിഡ് കഞ്ചാവു കൃഷി വ്യാപകം.

തായ്‌ലൻഡിൽ നിന്നാണ് പ്രധാനമായും ഹൈബ്രിഡ് കഞ്ചാവ് കേരളത്തിലെത്തുന്നത്. കഴിഞ്ഞ മാസം 15 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ബാങ്കോക്കിൽ നിന്നെത്തിയ 2 യുവതികളെ നെടുമ്പാശേരി വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസ് പിടികൂടിയിരുന്നു. സാധാരണ കഞ്ചാവിനെക്കാൾ പത്തിരട്ടിയെങ്കിലും ദൂഷ്യഫലങ്ങൾ ഹൈബ്രിഡ് കഞ്ചാവിനുണ്ട്. പത്തിരട്ടിയോളം വിലയുമുണ്ട്. സാധാരണ കഞ്ചാവ് ഒരു ഗ്രാമിന് വില 500 മുതൽ 1000 രൂപയാണെങ്കിൽ ഹ്രൈബ്രിഡ് കഞ്ചാവ് ഗ്രാമിന് 10,000 രൂപയോളമാണു വില. ഈ കേസിൽ പ്രതികൾക്കു 10 വർഷം വരെ തടവുശിക്ഷ കിട്ടുന്ന വകുപ്പുകളാണു ചുമത്തിയതെന്ന് എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ എസ്.വിനോദ്കുമാർ പറഞ്ഞു.

English Summary:

Hybrid Ganja bust in Alappuzha: Excise arrested a 43 Year old Lady and her accomplice with hybrid Ganja, targeting the film and tourism industries. More Updates on this.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com