രക്തം പൊടിയുന്ന ഓർമകൾ!; ‘ഒരു അമ്മയുടെയും മകന്റെയും ധർമയുദ്ധത്തിന്റെ കഥ’
Mail This Article
90 വർഷം മുൻപ്...
രാജ്യത്തിന്റെ തെക്കേയറ്റത്തെ ഒരു കൊച്ചു നാട്ടുരാജ്യത്തിലെ ഇളയറാണി അവിടെനിന്നു ഷിംല വരെ യാത്ര ചെയ്തെത്തി. ഇന്ത്യയുടെ അന്നത്തെ ഗവർണർ ജനറലും വൈസ്രോയിയുമായിരുന്ന വെല്ലിങ്ടൻ പ്രഭുവും ഭാര്യയും അന്നവിടെ അവധിക്കാലം ചെലവിടുകയാണ്. വൈസ്രോയിയോട് ഇളയ റാണി ചോദിച്ചു: എന്റെ മകനു 18 വയസ്സു പൂർത്തിയായി. രാജ്യഭരണത്തിലേക്കുള്ള അധികാരക്കൈമാറ്റം എപ്പോഴത്തേക്കുണ്ടാകും എന്നു സദയം അറിയിക്കാമോ?
‘‘രാജ്യം ഭരിക്കാൻ താങ്കളുടെ മകൻ പ്രാപ്തനായില്ല എന്നാണല്ലോ ഞാൻ കേട്ടത്’’– വൈസ്രോയി.
ഉടൻ വന്നു ഇളയറാണിയുടെ മറുപടി: ‘‘ക്ഷമിക്കണം. കേട്ടുകേൾവി വച്ചാണ് ബ്രിട്ടിഷ് സാമ്രാജ്യം പ്രവർത്തിക്കുന്നതെന്ന് എനിക്കറിയില്ലായിരുന്നു’’. വെല്ലിങ്ടൻ സ്തബ്ധനായി. എന്താണു താങ്കൾ എന്നിൽനിന്നു പ്രതീക്ഷിക്കുന്നത് – അദ്ദേഹം ചോദിച്ചു.
‘‘മറ്റുള്ളവർ പറയുന്നതു കേൾക്കരുത്. എന്റെ മകനെ അങ്ങു നേരിട്ടു വിലയിരുത്തുക. എന്നിട്ട് എന്തു തീരുമാനിച്ചാലും ഞങ്ങൾക്കു സ്വീകാര്യം’’– ഇളയറാണി പറഞ്ഞു. അദ്ദേഹം സമ്മതിച്ചു. ആ പതിനെട്ടുകാരനെ വൈസ്രോയിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഉടൻ ഷിംലയിൽ എത്തിക്കാൻ വെല്ലിങ്ടൻ ഉത്തരവിട്ടു.
ആ നിമിഷം!
ചിത്തിര തിരുനാൾ ബാലരാമ വർമ എന്ന യുവരാജാവിലേക്കുള്ള തിരുവിതാംകൂർ എന്ന രാജ്യത്തിന്റെ അധികാരക്കൈമാറ്റം ആ നിമിഷത്തിൽ നിശ്ചയിക്കപ്പെട്ടു.
‘ഹിസ്റ്ററി ലിബറേറ്റഡ്– ദ് ശ്രീചിത്ര സാഗ’ എന്ന തന്റെ പുസ്തകത്തിൽ ദന്തസിംഹാസനങ്ങളുടെ എഴുതപ്പെടാത്ത മറുചരിത്രം കൂടി കാലത്തിന്റെ വിചാരണയ്ക്കായി തുറന്നുവയ്ക്കുന്നു, തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവായിരുന്ന ചിത്തിര തിരുനാളിന്റെ അനന്തരവൾ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി.
ചരിത്രത്തിൽ ഇടം നേടിയ വൈസ്രോയി – ഇളയറാണി കൂടിക്കാഴ്ചയിൽനിന്ന് അശ്വതി തിരുനാൾ സംസാരിച്ചു തുടങ്ങുന്നു.
കൊട്ടാരക്കെട്ടിനകത്തു വളർന്ന, കഷ്ടിച്ച് 34 വയസ്സുള്ള യുവതി ഷിംലയിൽ പോയി വൈസ്രോയിയെ കണ്ടു ചരിത്രം തിരുത്തിക്കുറിക്കുന്നു. അതിലേക്കു നയിച്ച സാഹചര്യം?
തിരുവിതാംകൂറിൽ ശ്രീമൂലം തിരുനാൾ രാമവർമ മഹാരാജാവിന്റെ കാലത്ത് അനിതരസാധാരണമായ ഒരു സാഹചര്യം രാജകുടുംബത്തിലുണ്ടായി. പിന്തുടർച്ചയ്ക്കു വേണ്ടി ദത്തെടുക്കപ്പെട്ട രണ്ടു ബാലികമാരും (ചിത്രമെഴുത്ത് തമ്പുരാൻ രാജാ രവിവർമയുടെ രണ്ടു പെൺമക്കളുടെ മൂത്ത മക്കളായിരുന്നു ഇവർ) മഹാരാജാവും മാത്രമായി ആ രാജകുടുംബം ചുരുങ്ങി. അനന്തരാവകാശികളുടെ അകാലമരണങ്ങളും കുട്ടികളെ ദത്തെടുത്ത ആറ്റിങ്ങൽ മഹാറാണി ലക്ഷ്മിബായിയുടെ പെട്ടെന്നുള്ള മരണവും എല്ലാം ചേർന്നുണ്ടായ സ്ഥിതിവിശേഷം. വലിയൊരു രാജവംശം കേവലം 3 പേരിലേക്കു ചുരുങ്ങുക! ഈ പെൺകുട്ടികളിൽ (മൂത്തയാൾ സേതുലക്ഷ്മി ബായി, ഇളയവൾ സേതുപാർവതി ബായി) ആർക്കാണോ ആദ്യം ആൺകുട്ടി ജനിക്കുക, ആ കുട്ടിയായിരിക്കും തിരുവിതാംകൂറിന്റെ അടുത്ത മഹാരാജാവ്.
ഇളയറാണി സേതുപാർവതി ബായിക്കാണ് ആ കുട്ടി ജനിച്ചത്. അതാണ് ചിത്തിര തിരുനാൾ. അദ്ദേഹത്തിന് ഒരു അനുജത്തിയും അനുജനും കൂടി ജനിച്ച ശേഷമാണു സീനിയർ റാണിക്ക് രണ്ടു പെൺകുട്ടികൾ ഉണ്ടാകുന്നത്.
1924ൽ ശ്രീമൂലം തിരുനാൾ മഹാരാജാവ് കാലം ചെയ്യുമ്പോൾ ചിത്തിര തിരുനാളിന് 12 വയസ്സായിട്ടില്ല. മഹാരാജാവ് എന്ന സ്ഥാനം ലഭിച്ചെങ്കിലും രാജ്യഭരണ അധികാരം കിട്ടാൻ 18 വയസ്സാകണം. അതുവരെ രാജ്യം ഭരിക്കാൻ ‘റീജന്റ്’ ആയി സീനിയർ റാണി സേതുലക്ഷ്മിബായി അധികാരമേറ്റു.
എന്നാൽ, മകനു 18 വയസ്സായിട്ടും അധികാരക്കൈമാറ്റ നടപടി അനിശ്ചിതമായി നീണ്ടുപോകുന്നതിൽ ഇളയറാണി അസ്വസ്ഥയും ഉത്കണ്ഠാകുലയുമായി. അതിനു കാരണങ്ങളുമുണ്ടായിരുന്നു. അതിനിടെ, ചിത്തിര തിരുനാൾ ദുർബലനും മനസ്ഥൈര്യം ഇല്ലാത്തവനുമാണെന്നും രാജ്യം ഭരിക്കാൻ യോഗ്യനല്ലെന്നും പൊടുന്നനെ ഒരു പ്രചാരണമുണ്ടായി. ‘മാനസിക വളർച്ചയില്ലാത്തവൻ’ എന്നു ചിത്രീകരിച്ച് ഉന്നതങ്ങളിലേക്കു ചില കേന്ദ്രങ്ങളിൽനിന്നു കത്തുകളും പോയി.
അധികാരക്കൈമാറ്റം അനായാസമല്ലെന്നു മാത്രമല്ല, ചിലപ്പോൾ നടക്കാൻ തന്നെ സാധ്യതയില്ലെന്ന സൂചനകൾ പരക്കാൻ തുടങ്ങി. വ്യക്തിഹത്യയും അവഹേളനങ്ങളും അങ്ങേയറ്റം അനുഭവിച്ചു കഴിഞ്ഞിരുന്ന ഇളയറാണി സേതുപാർവതി ബായി അങ്ങനെയാണു സി.പി.രാമസ്വാമി അയ്യർ വഴി വൈസ്രോയിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടുന്നത്. പിന്നീടു സംഭവിച്ചതെല്ലാം ചരിത്രം.
അതിനാൽ, ഈ പുസ്തകം ചരിത്രത്തിന്റെ കൃത്യമായ അടയാളപ്പെടുത്തലുകൾക്കും ചില തിരുത്തലുകൾക്കുമപ്പുറം, ഒരു അമ്മയുടെയും മകന്റെയും ധർമയുദ്ധത്തിന്റെ കഥ കൂടിയാണ്. അവർ എന്റെ അമ്മൂമ്മയും പൊന്നമ്മാവനുമാണ്.
(‘ഉടനെ’ എന്നു വെല്ലിങ്ടൻ പ്രഭു ഉത്തരവിട്ടെങ്കിലും പല തടസ്സവാദങ്ങൾ ഉന്നയിച്ച് ഏറെ നീട്ടിക്കൊണ്ടു പോയി 1931 ജൂലൈ 23നു മാത്രം സാധ്യമായ വൈസ്രോയി – ചിത്തിര തിരുനാൾ കൂടിക്കാഴ്ച അശ്വതി തിരുനാൾ തന്റെ പുസ്തകത്തിൽ ദീർഘമായി വിവരിക്കുന്നുണ്ട്. ഹ്രസ്വമാകേണ്ടിയിരുന്ന ആ കൂടിക്കാഴ്ച ഒരാഴ്ചത്തെ സൗഹൃദവേളയായി. വിവിധ വിഷയങ്ങളിൽ സുദീർഘ സംഭാഷണം, ടെന്നിസ്, കുതിരസവാരി...
തുടർന്ന് വൈസ്രോയി അറിയിച്ചു: രാജ്യം ഭരിക്കാൻ ചിത്തിര തിരുനാൾ സർവഥാ യോഗ്യനാണ്. അധികാരക്കൈമാറ്റം ഇനിയും വച്ചുതാമസിപ്പിക്കരുത്.
സിപിയോടു വൈസ്രോയി പറഞ്ഞു: ‘‘ആരോപിക്കപ്പെടുന്നതു പോലെ ആ യുവാവ് മനസ്ഥൈര്യം ഇല്ലാത്തവൻ ആണെങ്കിൽ, ഞാനും അങ്ങനെ തന്നെ’’. 1931 നവംബർ 6ന് ചിത്തിര തിരുനാൾ മഹാരാജാവ് അധികാരമേറ്റു).
അധികാര വടംവലികളുടെയും ഉപജാപങ്ങളുടെയും ചരിത്രം കൂടിയാണ് ‘ഹിസ്റ്ററി ലിബറേറ്റഡ്’. വിവാദങ്ങൾ ഒഴിവാക്കുന്ന അശ്വതി തിരുനാൾ 13–ാമത്തെ പുസ്തകത്തിന് ഈ വിഷയം തിരഞ്ഞെടുക്കാൻ കാരണം?
അമ്മൂമ്മയുടെയും അമ്മാവന്റെയും ജീവചരിത്രം വളരെ വർഷങ്ങൾക്കു മുൻപേ എഴുതിത്തുടങ്ങിയതാണ് (അത് ഒരിക്കലും ഈ രൂപത്തിലായിരുന്നില്ല താനും). അമ്മാവന്റെ ജനനം വരെ എഴുതി നിർത്തി. എന്തെങ്കിലും വിവാദങ്ങളുണ്ടായാൽ അദ്ദേഹത്തെ അതിലേക്ക് എന്തിനാണു കൊണ്ടുവരുന്നത്. അതു വേണ്ടെന്നു കരുതി. മാത്രമല്ല, തന്നെക്കുറിച്ച് എഴുതുന്നത് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല.
വർഷങ്ങൾക്കു ശേഷം, റീജന്റ് മഹാറാണിയുടെ കൊച്ചുമകൾ ലക്ഷ്മി രഘുനന്ദൻ ഒരു പുസ്തകമെഴുതി. അന്നു പ്രതികരിക്കണമെന്നു തോന്നിയെങ്കിലും ചെയ്തില്ല. ശ്രീപത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസുകളുടെ തിരക്കിനിടയിലാണ് രണ്ടാമതൊരു പുസ്തകം ഇറങ്ങുന്നത്. അധിക്ഷേപം കൂടിക്കൂടി വരുന്നു. എന്റെ തലമുറ ജീവിച്ചിരിക്കുമ്പോൾ ഇത് എഴുതിയില്ലെങ്കിൽ ആ പുസ്തകങ്ങൾ മാത്രം തുടരും. ഞങ്ങളുടെ പക്ഷത്തുനിന്ന് ഒന്നുമുണ്ടാകില്ല. അതു ചരിത്രത്തോടും എന്റെ പൈതൃകത്തോടും ചെയ്യുന്ന അധർമവും അനീതിയുമായിരിക്കും എന്നു തോന്നി.
ചരിത്രം വസ്തുനിഷ്ഠമാകണമല്ലോ. ആരെയും കുറ്റം പറയാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഓരോരുത്തരും അവർക്കു ശരിയെന്നു തോന്നിയതാകാം എഴുതിയത്. ചില ആരോപണങ്ങൾ, ചരിത്രവുമായുള്ള പൊരുത്തക്കേടുകൾ– അതെല്ലാം വസ്തുതകൾ മുൻനിർത്തി ചോദ്യം ചെയ്തിട്ടുണ്ട്. മുൻവിധികളില്ലാതെ ഈ പുസ്തകം വായിക്കപ്പെടണം എന്നാണ് ആഗ്രഹം. പറയപ്പെടാത്ത ചരിത്രമാണ് ഇതിലുള്ളത്.
എതിർപക്ഷത്തു നിന്നിറങ്ങിയ പുസ്തകങ്ങളും ഒട്ടേറെ ചരിത്രരേഖകൾ ഉൾപ്പെടുത്തിയതായി അവകാശപ്പെട്ടിരുന്നു.
ആ രേഖകളൊന്നും ഞാൻ നിഷേധിക്കുന്നില്ല. അവ ഉണ്ട് എന്നതു വാസ്തവം തന്നെയാണ്. പക്ഷേ, അതിന്റെ വിശ്വാസ്യതയെയാണു ഞാൻ ചോദ്യം ചെയ്യുന്നത്. അധികാരം കയ്യാളുന്നവർ, അതിന്റെ ഗുണഭോക്താക്കൾ, പലവിധ കാരണങ്ങളാൽ അതു തുടരണമെന്ന് ആഗ്രഹിക്കുന്നവർ – അവർക്കിടയിൽ വിനിമയം ചെയ്യപ്പെട്ട റിപ്പോർട്ടുകളാണു വൈസ്രോയിയുടെ സമക്ഷത്തിലെത്തുമ്പോൾ ഔദ്യോഗിക രേഖകളാകുന്നത്.
ഇതെല്ലാം ഒരു പ്രത്യേക കാലഘട്ടത്തിലുള്ളതാണ്. കൃത്യമായി പറഞ്ഞാൽ, റീജന്റ് ഭരണകാലത്ത്. എതിർഭാഗത്തു നിൽക്കുന്നവരുടെ വശം ആരും ചോദിക്കുന്നില്ല. അവരുടെ നിസ്സഹായത, അവർ സഹിച്ച അപമാനം– അതു ചരിത്രത്തിൽ രേഖയാകില്ല.
രക്തം പൊടിയുന്ന ഓർമകൾ! ദുർമന്ത്രവാദം, നരബലി, വ്യക്തിഹത്യ – അമ്മ മഹാറാണി നേരിട്ട അതിഗുരുതര ആരോപണങ്ങൾ പുസ്തകത്തിലുണ്ട്.
മഹാരാജാവിന്റെ താവഴി മോശമാണെന്നു വരുത്തിത്തീർക്കാൻ ഒരുപാടു നീക്കങ്ങളുണ്ടായി. എല്ലാം രേഖകളാണ്. മകന്റെ ആയുരാരോഗ്യത്തിനായി അമ്മ നടത്തിയ വഴിപാടുകളും പൂജകളും ദുർമന്ത്രവാദമായി ചിത്രീകരിച്ച് ഉന്നതങ്ങളിലേക്കു പോയ റിപ്പോർട്ടുകളാണ് ആ രേഖകൾ. 1929ൽ ദിവാൻ അയച്ച റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്. കവടിയാർ കൊട്ടാരത്തിൽ നരബലി നടത്താൻ നീക്കമെന്ന സംസാരമുണ്ടെന്നാണ് അതിൽ പറയുന്നത്. തൊട്ടടുത്ത വർഷം 18 വയസ്സു പൂർത്തിയായി ചിത്തിര തിരുനാൾ അധികാരമേൽക്കാനിരിക്കുമ്പോഴാണ് ഇതെല്ലാം.
കവടിയാർ കൊട്ടാരത്തിലെ ജീവനക്കാരും സേവകരുമെല്ലാം അധികാരകേന്ദ്രങ്ങൾ നിയോഗിച്ചവരാണ്. ഗൂഢാലോചനകളും മന്ത്രവാദവും നടത്തുന്നുവെന്നാരോപിച്ച് ചിത്തിര തിരുനാളിന്റെ അമ്മൂമ്മയും (രാജാ രവിവർമയുടെ മകൾ) അമ്മാവൻമാരുമുൾപ്പെടെ ഉറ്റബന്ധുക്കളെ കൊട്ടാരത്തിൽനിന്ന് ഇറക്കിവിട്ടു. ഏക ആശ്വാസമായിരുന്ന ബന്ധുക്കളുടെ, പ്രത്യേകിച്ച് അമ്മയുടെ സഹായം കൂടി ഇല്ലാതായി നിസ്സഹായയായി ഇളയറാണി മൂന്നു മക്കളുമൊത്ത് ആ കൊട്ടാരത്തിൽ കഴിഞ്ഞു. ഇളയയാൾ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമയ്ക്ക് അന്ന് ഏഴു വയസ്സേയുള്ളൂ. മകൾ കാർത്തിക തിരുനാളിന് 13 വയസ്സും.
അക്കാലത്തെക്കുറിച്ച് അമ്മൂമ്മ ഒരിക്കലും അധികം സംസാരിക്കാറില്ല. വല്ലാതെ വിഷമിപ്പിച്ച, ഞെട്ടിച്ച അനുഭവങ്ങൾ പങ്കുവച്ചതാണു പുസ്തകത്തിൽ ഉൾപ്പെടുത്തിയത്. ചിത്തിര തിരുനാളിനെതിരായ വധശ്രമങ്ങൾ അതിലുണ്ട്. എല്ലാ വിവരങ്ങളും അമ്മൂമ്മ പറഞ്ഞെങ്കിലും അതിനു പിന്നിൽ പ്രവർത്തിച്ചവരുടെ പേരുകൾ പുറത്തു പറയുന്നതു കർശനമായി വിലക്കിയിരുന്നു. അതു ഞാൻ പാലിച്ചു. അതും എന്തുകൊണ്ടു വെളിപ്പെടുത്തിയില്ല എന്നു വിമർശനം ഉണ്ടാകാം. അതു രഹസ്യമായിത്തന്നെ ഇരിക്കട്ടെ.
ചിത്തിര തിരുനാൾ അത്തരം അനുഭവങ്ങൾ പങ്കുവച്ചിട്ടില്ലേ?
അമ്മാവൻ ഒന്നും തന്നെ പറയില്ല, ആരെക്കുറിച്ചും മോശമായി പറയില്ല. പക്ഷേ, അക്കാലത്തെക്കുറിച്ച് ഇത്രയും പറഞ്ഞിട്ടുണ്ട്: ‘‘അവിശ്വസ്തതയുടെ നടുക്കാണ് ഞാൻ ജീവിച്ചു കൊണ്ടിരുന്നത്. ആരെ വിശ്വസിക്കണം എന്നറിയാത്ത അവസ്ഥ’’.
എത്ര ട്രൊമാറ്റിക് ആണ് ആ അവസ്ഥ! ഒരേയൊരാളെക്കുറിച്ചു മാത്രം പേരെടുത്തു പറഞ്ഞു. അമ്മാവന്റെ ട്യൂട്ടർ ആയി ദിവാനും റസിഡന്റും ചേർന്നു നിശ്ചയിച്ച ക്യാപ്റ്റൻ ജി.ടി.ബി.ഹാർവിയെക്കുറിച്ച്. ഒറ്റ വാക്കു മാത്രമേ പറഞ്ഞുള്ളൂ: ചാരൻ!
(സ്ഥാനാരോഹണത്തിനു മുൻപ് ബെംഗളൂരുവിലെ കഠിന പരിശീലന കാലത്ത് ക്യാപ്റ്റൻ ഹാർവിയുടെ ‘സെൻസറിങ്’ മറികടക്കാൻ പാലക്കാട്ടെ കൊല്ലങ്കോട് രാജാവ് സി.വാസുദേവ രാജയുടെ തലപ്പാവിനുള്ളിൽ ഒളിപ്പിച്ച് ചിത്തിര തിരുനാളിനുള്ള കത്തുകൾ അമ്മ മഹാറാണി കൊടുത്തുവിട്ടിരുന്നതിന്റെ രസകരമായ വിവരണം പുസ്തകത്തിലുണ്ട്. അമ്മയ്ക്കുള്ള മകന്റെ കത്തുകളും ഇങ്ങനെയാണ് ഹാർവി അറിയാതെ കടന്നുപോയിരുന്നത്. കൊല്ലങ്കോട് രാജ ഇതിനായി ഇടയ്ക്കിടെ ചിത്തിര തിരുനാളിനെ സന്ദർശിച്ചിരുന്നു).
മണിയൻ കുഞ്ഞിന്റെ മഠത്തിലെ ചോറാണ് രാജകുടുംബത്തിന്റെ വിശപ്പ് തീർത്തിരുന്നത്– വേദനാജനകവും അമ്പരപ്പിക്കുന്നതുമായ ഓർമകളുമുണ്ട് പുസ്തകത്തിൽ.
അത് അമ്മൂമ്മ എന്നോടു പങ്കിട്ട ഒരു അനുഭവമാണ്. റീജന്റ് ഭരണകാലത്ത് ചിത്തിര തിരുനാളിനും കുടുംബത്തിനും ചെലവിനായി അനുവദിച്ചിരുന്ന തുക അപര്യാപ്തമായിരുന്നു. എവിടെയാണു ചെലവു കുറയ്ക്കുക. ജീവനക്കാരുടെ ശമ്പളം, നിത്യച്ചെലവുകൾ, ക്ഷേത്ര വഴിപാടുകൾ–അതിൽ കുറവു വരുത്താനൊക്കുമോ? കുറയ്ക്കാൻ പറ്റുക ആഹാരത്തിൽ മാത്രം. അമ്മാവനെ ഒന്നും അറിയിച്ചില്ല. ‘‘മണിയൻ കുഞ്ഞിന്റെ മഠത്തിൽനിന്നു കൊണ്ടുവരുന്ന ചോറു കൊണ്ടാണു ഞങ്ങൾ പലപ്പോഴും വയർ നിറച്ചിരുന്നത്’’– ഇതാണ് അമ്മൂമ്മ പറഞ്ഞത്. ഓർത്തു നോക്കണം, സമ്പന്നമായ ഒരു രാജ്യത്തിന്റെ മഹാരാജാവിന്റെ അമ്മയാണ് ഇതു പറയുന്നത്.
(തിരുവനന്തപുരത്ത് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിനു സമീപം മണിയൻ കുഞ്ഞിന്റെ മഠം ഇന്നുമുണ്ട്)
ചിത്തിര തിരുനാൾ അവിവാഹിതനായി തുടർന്നു..
അത് അദ്ദേഹത്തിന്റെ തീരുമാനമായിരുന്നു. ആത്മീയതയിലൂന്നിയ ജീവിതമായിരുന്നു. അമ്മ വിവാഹം കഴിപ്പിക്കാൻ ഏറെ ശ്രമിച്ചു. യോജ്യരായ കുറെയേറെ പെൺകുട്ടികളുടെ ചിത്രങ്ങളുമായി അമ്മ ചെന്നെങ്കിലും മകൻ ഒന്നു പോലും നോക്കിയില്ല.
തിരുവിതാംകൂർ രാജവംശത്തിന്റെ പൊള്ളിക്കുന്ന വിവരണങ്ങളടങ്ങിയ പുസ്തകങ്ങൾ, രണ്ടു മഹാറാണിമാരുടെ പിൻതലമുറക്കാർ തമ്മിൽ സംസാരത്തിന് ഇടയാക്കിയിട്ടുണ്ടോ?
ഇല്ല. റീജന്റിന്റെ പേരക്കുട്ടി ലക്ഷ്മിയുടെ പുസ്തകത്തിൽ ഞങ്ങളുടെ താവഴിക്കു പ്രയാസം തോന്നുന്ന പലതും ഉണ്ടായിരുന്നെങ്കിലും ഞങ്ങളാരും പ്രതികരിച്ചില്ല. അതേ മട്ടിൽ അടുത്ത കാലത്തു മറ്റൊരു പുസ്തകവും വന്നല്ലോ. തിരുവനന്തപുരത്ത് ആ പുസ്തകത്തെ അടിസ്ഥാനമാക്കി ഒരു ചർച്ച നടന്നപ്പോൾ റീജന്റിന്റെ പേരക്കുട്ടിയും എഴുത്തുകാരനുമായ ശ്രീകുമാരവർമ പങ്കെടുത്തിരുന്നു. ആ പുസ്തകത്തിലെ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ അന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയതായാണ് അറിഞ്ഞത്.
ചിത്തിര തിരുനാളിന്റെ ഭരണകാലത്ത് സീനിയർ മഹാറാണി നേരിട്ട അനീതികളാണ് എതിർപക്ഷത്തു നിൽക്കുന്ന പുസ്തകങ്ങളിലെ ആരോപണ വിഷയം. ‘ഒരു രാജ്യം ഭരിച്ച മഹാറാണിയുടെ സാമ്രാജ്യം ബെംഗളൂരുവിലെ ഒരു മുറിയിൽ ഒതുങ്ങി’ എന്നും പേരക്കുട്ടിയുടെ പുസ്തകത്തിൽ പറയുന്നു.
പൂജപ്പുര കൊട്ടാരം (ഇപ്പോൾ ശ്രീചിത്രയുടെ ഗവേഷണകേന്ദ്രം) മുതൽ കോട്ടയ്ക്കകത്ത് എസ്പി ഫോർട്ട് ആശുപത്രി ഇരിക്കുന്ന സ്ഥലം വരെ വ്യാപിച്ചു കിടക്കുന്നതായിരുന്നു റീജന്റിന്റെ വസ്തുവകകൾ. വെള്ളായണിയിലെ കൊട്ടാരം (ഇപ്പോൾ കാർഷിക കോളജ് ഇവിടെ പ്രവർത്തിക്കുന്നു), കോവളത്തെ ഹാൽസിയൻ കൊട്ടാരം, പല കല്യാണമണ്ഡപങ്ങളായി പിൽക്കാലത്തു മാറ്റിയ തേവാരത്തു കോയിക്കൽ കൊട്ടാരം ഇതെല്ലാം റീജന്റ് റാണിക്കു ലഭിച്ചതായിരുന്നു. റീജന്റിന്റെ രണ്ടു പെൺമക്കൾ ബെംഗളൂരുവിലും ചെന്നൈയിലുമായാണു ‘സെറ്റിൽ’ ചെയ്തത്. റീജന്റും ഭർത്താവും മാത്രം ഇവിടെയും. ഇടയ്ക്കു റാണിക്കു ഹൃദ്രോഗബാധയുണ്ടായി. ഏകാന്തതയും ആരോഗ്യപ്രശ്നങ്ങളും റീജന്റിനെ മക്കളുടെ അടുത്തേക്കു പോകാൻ പ്രേരിപ്പിച്ചിരിക്കണം. അതിനിടെ, പൂജപ്പുര കൊട്ടാരത്തിലെ ജീവനക്കാർ സംഘടിച്ച് വലിയ സമരമുണ്ടായി. അതു മാനസിക സംഘർഷത്തിനുമിടയാക്കി.
മാത്രമല്ല, കാലവും ലോകവും മാറുകയായിരുന്നല്ലോ. തിരുവിതാംകൂർ മാറി തിരു–കൊച്ചിയും പിന്നീട് ഐക്യകേരള സംസ്ഥാനവുമായി. ചിത്തിര തിരുനാൾ മഹാരാജാവ് ‘രാജപ്രമുഖ്’ ആയി മാറി. കേരളപ്പിറവിയോടെ അദ്ദേഹം ആ സ്ഥാനവും ത്യജിക്കുകയും ഇനിയൊരു സാധാരണ പൗരൻ മാത്രമായിരിക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. അദ്ദേഹം അങ്ങേയറ്റത്തെ ലളിതജീവിതം തുടർന്നു.
അടുത്ത വർഷം, 1957 ലാണ് റീജന്റ് തിരുവനന്തപുരം വിട്ട് ബെംഗളൂരുവിൽ തന്റെ പ്രിയപ്പെട്ട പേരക്കുട്ടി വിഖ്യാത ചിത്രകാരി രുക്മിണി ബായിക്കരികിലേക്കു പോകുന്നത്. കൊട്ടാരത്തിലെ സമരത്തിനു തൊട്ടുപിന്നാലെയായിരുന്നു ഇത്. വ്യക്തിപരവും ആരോഗ്യപരവുമായ പല കാരണങ്ങളും ആ തീരുമാനത്തിനു പിന്നിലുണ്ടാകാം. പക്ഷേ, തീരുമാനം റീജന്റിന്റേതായിരുന്നു. എങ്കിലും ശരിയാണ്, തിരുവിതാംകൂറിന്റെ മുൻ മഹാറാണി ജന്മനാടും കുലദേവതയായ ശ്രീപത്മനാഭ സ്വാമിയെയും വിട്ട് എന്നെന്നേക്കുമായി പോകേണ്ടി വന്നത് വേദനാജനകമാണ്.
(ഹിസ്റ്ററി ലിബറേറ്റഡ് എന്ന തന്റെ പുസ്തകത്തിൽ റീജന്റ് മഹാറാണിയുടെ ഭരണകാലത്തെ സുപ്രധാന തീരുമാനങ്ങളും ഭരണപരിഷ്കാരങ്ങളും അശ്വതി തിരുനാൾ രേഖപ്പെടുത്തുന്നു. തിരുവിതാംകൂറിനെ പുതിയൊരു ദിശയിൽ നയിച്ച മികവുറ്റ ഭരണാധികാരിയായി റീജന്റ് ഇതിൽ വിലയിരുത്തപ്പെടുന്നു. തിരുവിതാംകൂർ ചരിത്രത്തിന്റെ ഭാഗമായ അപൂർവ ചിത്രങ്ങളുടെ വിപുലമായ ശേഖരവും പുസ്തകം കാഴ്ച വയ്ക്കുന്നു).
∙ ‘ഹിസ്റ്ററി ലിബറേറ്റഡ്– ദ് ശ്രീചിത്ര സാഗ’ എന്ന പുസ്തകം ചരിത്രത്തിന്റെ കൃത്യമായ അടയാളപ്പെടുത്തലുകൾക്കും ചില തിരുത്തലുകൾക്കുമപ്പുറം ഒരു അമ്മയുടെയും മകന്റെയും ധർമയുദ്ധത്തിന്റെ കഥ കൂടിയാണ്. അവർ എന്റെ അമ്മൂമ്മയും പൊന്നമ്മാവനുമാണ്
- അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ബായി.