സിഐഎ താവളം തകർത്ത് യുഎസ്; കാബൂൾ വിമാനത്താവളം താലിബാൻ നിയന്ത്രണത്തിൽ

Mail This Article
കാബൂൾ ∙ യുഎസ്–നാറ്റോ സഖ്യം ചൊവ്വാഴ്ച അഫ്ഗാൻ വിടാൻ ഒരുങ്ങവേ, കാബൂൾ രാജ്യാന്തര വിമാനത്താവളത്തിലേക്ക് താലിബാൻ കൂടുതൽ ഭടന്മാരെ നിയോഗിച്ചു. വിമാനത്താവള റോഡുകളിൽ കൂടുതൽ ചെക് പോസ്റ്റുകൾ സ്ഥാപിച്ച താലിബാൻ, കൂടുതൽ സുരക്ഷാക്രമീകരണങ്ങളും ഏർപ്പെടുത്തി. വീണ്ടും ചാവേർ ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പു പരിഗണിച്ചു വിമാനത്താവള കവാടങ്ങളിൽ കൂട്ടംകൂടുന്നതു വിലക്കിയിട്ടുണ്ട്. നിലവിൽ സഖ്യസേനയ്ക്കാണു വിമാനത്താവളത്തിനകത്തെ സുരക്ഷാച്ചുമതല.
ഒഴിപ്പിക്കൽ ദൗത്യം മിക്കവാറും രാജ്യങ്ങൾ പൂർത്തിയാക്കി. ഒരുലക്ഷത്തിലേറെപ്പേരെ ഒഴിപ്പിച്ച യുഎസ് ദൗത്യവും അവസാനഘട്ടത്തിലേക്കു നീങ്ങി. നാലായിരത്തിൽ താഴെ യുഎസ് സൈനികർ മാത്രമാണ് ഇനി വിമാനത്താവളത്തിലുള്ളത്. അഫ്ഗാൻ–ബ്രിട്ടിഷ് പൗരന്മാരെ വഹിച്ചുകൊണ്ടുള്ള യുകെയുടെ അവസാന വിമാനം ഇന്നലെ കാബൂൾ വിട്ടു. രണ്ടാഴ്ചയ്ക്കിടെ സ്വന്തം പൗരന്മാർ അടക്കം 15,000 പേരെയാണു യുകെ ഒഴിപ്പിച്ചത്. മിക്കവാറും രാജ്യങ്ങൾക്കും എല്ലാ പൗരന്മാരെയും ഒഴിപ്പിക്കാനായില്ലെന്നാണു വിവരം.
31നു മുൻപ് വീണ്ടും ഭീകരാക്രമണത്തിനുള്ള സാധ്യത ശക്തമാണെന്നാണ് യുഎസ് സുരക്ഷാ അധികൃതർ നൽകുന്ന മുന്നറിയിപ്പ്. യുഎസ് ദൗത്യത്തിലെ ഏറ്റവും അപകടകരമായ സന്ദർഭമാണു വരുന്ന ദിവസങ്ങളെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ അധ്യക്ഷതയിൽ നടന്ന അടിയന്തര സുരക്ഷാ യോഗത്തിൽ സേനയിലെ ഉന്നത കമാൻഡർമാരും പങ്കെടുത്തു.
അതിനിടെ, കാബൂൾ രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പിനു സാങ്കേതിക സഹായം തേടി താലിബാൻ ഖത്തറിനെ സമീപിച്ചു. നിലവിൽ വിമാനത്താവളത്തിന്റെ നടത്തിപ്പു ചുമതല തുർക്കിസേനയ്ക്കാണ്. ചൊവ്വാഴ്ച നാറ്റോ സേന രാജ്യം വിടുന്നതോടെ തുർക്കിയുടെ സേവനം അവസാനിക്കും. തുർക്കിയുടെ സഹായം തുടർന്നും വേണമെന്നു താലിബാൻ അഭ്യർഥിച്ചെങ്കിലും തുടരാനാവില്ലെന്ന മറുപടിയാണു ലഭിച്ചത്.
കാബൂളിലെ സിഐഎ താവളം തകർത്തു
കാബൂൾ വിമാനത്താവളത്തിനു സമീപം സിഐഎയുടെ താവളമായ ഈഗിൾ ബേസ് നിയന്ത്രിത സ്ഫോടനത്തിലൂടെ യുഎസ് സേന തകർത്തു. ചൊവ്വാഴ്ച യുഎസ് സേന രാജ്യം വിട്ടുകഴിഞ്ഞാൽ താവളത്തിലെ ഉപകരണങ്ങളോ രേഖകളോ താലിബാന്റെ കയ്യിലെത്തുന്നതു തടയാനാണു തകർത്തത്. ഇഷ്ടിക ഫാക്ടറിയായിരുന്ന സ്ഥലമാണു 20 വർഷം മുൻപ് സിഐഎ മുഖ്യ പ്രവർത്തന കേന്ദ്രമാക്കി മാറ്റിയത്. ഇവിടെ അഫ്ഗാൻ ഏജൻസികൾക്കു പരിശീലനവും നൽകിയിരുന്നു.
Content Highlight: Afghanistan, Kabul airport, Taliban, USA