ADVERTISEMENT

ഇഡ്‌ഡലിയും ദോശയുമൊക്കെ നമ്മുടെ പ്രഭാതങ്ങളെ ഏറ്റവും രുചികരമാക്കുന്ന വിഭവങ്ങളാണ്. എന്നാൽ മാവ് പൊങ്ങി വരാത്ത , ഒട്ടും തന്നെയും മയമില്ലാത്ത, കല്ല് പോലിരിക്കുന്ന ഇഡ്‌‍‍‍ഡലി ചിലരുടെയെങ്കിലും ദുഃസ്വപ്നമാണ്. തണുപ്പുള്ള സമയങ്ങളിലാണ്  ഇത്തരം പണി കിട്ടുക. എന്നാൽ ഏതു തണുപ്പുള്ള കാലാവസ്ഥയിലും നല്ല പഞ്ഞിപോലുള്ള ഇഡ്‌ഡലി ഉണ്ടാക്കിയെടുക്കാം. എങ്ങനെ എന്നല്ലേ? ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും. 

 

രണ്ടു കപ്പ് പച്ചരിയ്ക്കു ഒരു കപ്പ് ഉഴുന്ന് എന്ന അളവിൽ എടുത്ത് കുതിരാനായി ഇട്ടുവയ്ക്കാം. അതിനു മുൻപായി അഞ്ചോ ആറോ തവണ പച്ചരി കഴുകിയെടുക്കണം. ഉഴുന്ന് രണ്ടു തവണ മാത്രം കഴുകിയാൽ മതിയാകും. കൂടുതൽ തവണ കഴുകിയാൽ മാവ് പൊങ്ങാതെ വരാനിടയുണ്ട്. ഉഴുന്ന് കുതിരാനായി ഒഴിച്ച് വയ്ക്കുന്ന വെള്ളത്തിൽ തന്നെയാണ് മാവ് അരച്ചെടുക്കുന്നതു കൊണ്ടുതന്നെ നല്ല വെള്ളം ഒഴിച്ച് വയ്ക്കാൻ ശ്രദ്ധിക്കണം. ഉഴുന്നിനൊപ്പം കാൽ ടീസ്പൂൺ ഉലുവ കൂടി ഇട്ടുവെയ്ക്കാം. ആറുമണിക്കൂർ നേരമാണ് അരിയും ഉഴുന്നും കുതിർക്കാൻ വയ്‌ക്കേണ്ടത്. ഉഴുന്ന് ആറു മണിക്കൂറും ഫ്രിജിൽ സൂക്ഷിക്കണം. അരി അവസാനത്തെ ഒരു മണിക്കൂർ നേരം ഫ്രിജിൽ വച്ചതിനു ശേഷമാണ് അരച്ചെടുക്കേണ്ടത്. 

 

ആറു മണിക്കൂറിനുശേഷം നല്ലതുപോലെ കുതിർന്ന ഉഴുന്നിലെ വെള്ളം മാറ്റി ഒരു പാത്രത്തിലൊഴിച്ചു വെയ്ക്കാം. ഈ വെള്ളം ഉഴുന്നും അരിയും അരച്ചെടുക്കുമ്പോൾ ആവശ്യാനുസരണം ഒഴിച്ച് കൊടുക്കണം. ശേഷം രണ്ടു ഐസ് ക്യൂബ്‌സും കുറച്ചു വെള്ളവുമൊഴിച്ചു ഉഴുന്ന് അരച്ചെടുക്കാം. മൂന്നോ നാലോ ഐസ് ക്യൂബ്സും അര കപ്പ് ചോറും ഉഴുന്ന് കുതിർക്കാൻ വെച്ച വെള്ളവും കൂടിയൊഴിച്ചു അരിയും അരച്ചെടുക്കാം. അരി മാവും ഉഴുന്നും ഉപ്പ് ചേർത്ത് നല്ലതു പോലെ മിക്സ് ചെയ്യണം. രണ്ടോ മൂന്നോ ദിവസം ഉപയോഗിക്കാനാണ് മാവ് അരക്കുന്നതെങ്കിൽ ആദ്യമേ ഉപ്പിട്ട് കൊടുക്കരുത്. മാവ് പെട്ടെന്ന് തന്നെ പുളിച്ചു പോകും. ഇനി ഒരു കുക്കറിൽ ഒരു തട്ട് വെച്ച് കൊടുത്ത് അതിലേയ്ക്ക് കുറച്ചു ചൂടുവെള്ളം ഒഴിച്ച് കൊടുക്കണം.തട്ട് മുങ്ങിക്കിടക്കുന്ന പോലെ ആകരുത് വെള്ളം. അതിലേയ്ക്ക് മാവ് ഇറക്കി വെച്ചതിനു ശേഷം കുക്കർ അടച്ചു വെയ്ക്കാം. ആറു മുതൽ എട്ടു മണിക്കൂർ സമയം വരെ കാത്തിരിക്കാം. അരി മാവ് നല്ലതു പോലെ പൊങ്ങി വന്നതായി കാണാം. ഇഡ്‌ഡലി തട്ട് നന്നായി ചൂടായതിനുശേഷം നല്ലെണ്ണ തടവി മാവ് കോരിയൊഴിച്ചു ചുട്ടെടുക്കാം.

English Summary: Soft Idli Batter with Tips and Tricks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT