മുകേഷ് അംബാനിയ്ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ഇതാണ്! സൂപ്പര്‍താരമായി ഈ വിഭവം
Mail This Article
ഏഷ്യയിലെ ഏറ്റവും സമ്പന്നനായ മനുഷ്യനാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ തലവനായ മുകേഷ് അംബാനി. എന്നാല്‍ അദ്ദേഹത്തിന്‍റെ ഭക്ഷണമോ, വളരെ സിംപിളാണ്. സാധാരണക്കാരുടെ, പ്രത്യേകിച്ച് ദക്ഷിണേന്ത്യക്കാരുടെ പ്രിയപ്പെട്ട ഇഡ്ഡലിയാണ് മുകേഷ് അംബാനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രാതല്‍ വിഭവം. ആധികാരിക ദക്ഷിണേന്ത്യൻ പ്രഭാതഭക്ഷണങ്ങൾക്കും മംഗലാപുരം ശൈലിയിലുള്ള പാചകത്തിനും പേരുകേട്ട കഫേ മൈസൂര്‍ ആണ് ഇതിനായി മുകേഷ് അംബാനിയുടെ പ്രിയപ്പെട്ട ഇടം.
സമ്പത്ത് വച്ച് നോക്കുമ്പോള്‍ യൂറോപ്യന്‍ റസ്റ്റോറന്‍റുകളിലെ ഏതെങ്കിലും ഫാന്‍സി വിഭവങ്ങളായിരിക്കും അംബാനി കുടുംബത്തിന് പ്രിയം എന്ന് ആരും ചിന്തിച്ചുപോകും. നൂറുകണക്കിന് ജീവനക്കാരും സേവകരുമുള്ള ആന്‍റില്ല എന്ന ആഡംബര വസതിയില്‍ നിന്നും ഇറങ്ങാതെ തന്നെ ലോകത്തുള്ള ഏതു ഭക്ഷണവും വീട്ടിലേക്ക് എത്തിക്കാന്‍ അംബാനിക്ക് കഴിയും എന്നതില്‍ സംശയമില്ല. ഈ സമ്പന്നന്‍റെ ഏറ്റവും പ്രിയഭക്ഷണം, മുംബൈയിലെ മാട്ടുംഗയിലുള്ള ഒരു സാദാ റസ്റ്റോറന്‍റില്‍ നിന്നുള്ളതായിരിക്കുമെന്ന് ഊഹിക്കാന്‍ പോലും ആര്‍ക്കുമാവില്ല.
ദക്ഷിണേന്ത്യൻ സംസ്കാരത്തിന്റെ കേന്ദ്രമായാണ് മുംബൈയിലെ മാട്ടുംഗ പ്രദേശം അറിയപ്പെടുന്നത്. പതിറ്റാണ്ടുകളായി ഇവിടെ താമസിക്കുന്ന ഒട്ടേറെ ദക്ഷിണേന്ത്യന്‍ കുടുംബങ്ങള്‍ ഉണ്ട്. മുംബൈയിലെ ആദ്യത്തെ ദക്ഷിണേന്ത്യൻ റസ്റ്ററൻ്റ് ആണ് കഫേ മൈസൂര്‍.
മംഗലാപുരത്തെ അക്കറിൽ നിന്നുള്ള തുളു കുലീന കുടുംബമായ ബണ്ട് കുടുംബത്തിൽ നിന്നുള്ള എ. രാമ നായക് ആണ് കഫേ മൈസൂർ സ്ഥാപിച്ചത്. നാലാം ക്ലാസിന് ശേഷം സ്കൂൾ വിട്ട അദ്ദേഹം, കിംഗ്സ് സർക്കിൾ റെയിൽവേ സ്റ്റേഷന് സമീപം വാഴയിലയിൽ ഇഡ്ഡലിയും ദോശയും വിറ്റു കൊണ്ടാണ് തന്‍റെ ജീവിതം ആരംഭിച്ചത്. ഒടുവിൽ 1936 ൽ ദക്ഷിണേന്ത്യൻ പാചകരീതിയിൽ വൈദഗ്ദ്ധ്യം നേടിയ രാമ നായക്, തന്റെ ആദ്യത്തെ റസ്റ്ററൻ്റ് തുറന്നു.
മുന്‍പ് യൂണിവേഴ്‌സിറ്റി ഡിപ്പാർട്ട്‌മെൻ്റ് ഓഫ് കെമിക്കൽ ടെക്‌നോളജി (യുഡിസിടി) എന്നറിയപ്പെട്ടിരുന്ന, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്‌നോളജിയിൽ (ഐസിടി) എഞ്ചിനീയറിംഗ് പഠിക്കുന്നതിനിടെയാണ് മുകേഷ് അംബാനി ഇവിടുത്തെ ഭക്ഷണം കഴിച്ചു തുടങ്ങിയത്. തേങ്ങാ ചട്ണിയും സാമ്പാറും ചേർത്ത് വിളമ്പുന്ന, അംബാനിയുടെ പ്രിയപ്പെട്ട ഇഡ്ഡലി ഉൾപ്പെടെയുള്ള മിക്ക വിഭവങ്ങൾക്കും 100 രൂപ വരെയാണ് വില.
ദോശ വെറൈറ്റികളുമുണ്ട്
ക്ലാസിക് മസാല ദോശ മുതൽ ക്രിസ്പി റവ ദോശ വരെയുള്ള ദോശകൾ ഉണ്ട്. പച്ചക്കറികളോ ചീസോ ചേർത്ത്, ചട്ണിയും സാമ്പാറും ചേർത്ത് വിളമ്പുന്ന വിവിധ ഊത്തപ്പ ഇനങ്ങളുമുണ്ട്. പയർ, പച്ചക്കറികൾ, മസാലകൾ എന്നിവ ചേർത്ത് പാകം ചെയ്ത രുചികരമായ അരി വിഭവമായ ബിസി ബേലെ ബാത്ത് ലഭിക്കും. ദക്ഷിണേന്ത്യക്കാരുടെ ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മകളുടെ സുഗന്ധം പേറുന്ന ഫില്‍ട്ടര്‍ കോഫിയാകട്ടെ, 40 രൂപയ്ക്ക് കിട്ടും.
2022 ലെ ദീപാവലി സമയത്ത് അംബാനി കുടുംബം അയച്ച പ്രത്യേക സമ്മാനപ്പെട്ടിയുടെ വിഡിയോ ഇവരുടെ ഇന്‍സ്റ്റഗ്രാമില്‍ കാണാം.മുന്‍പ്, ലോകത്തിലെ ഏറ്റവും മികച്ച 150 റസ്‌റ്റോറന്റുകളില്‍ ഒന്നായി കോണ്ടെ നാസ്റ്റ് ട്രാവലര്‍ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.
അംബാനി മാത്രമല്ല, സെലിബ്രിറ്റികള്‍ അടക്കമുള്ള വേറെയും പ്രമുഖ വ്യക്തിത്വങ്ങളുടെ പ്രിയപ്പെട്ട ഇടമാണ് കഫേ. 50കളിലും 60കളിലും റസ്‌റ്റോറൻ്റിൽ പതിവായി എത്തിയിരുന്ന ആളായിരുന്നു അന്തരിച്ച നടന്‍ രാജ് കപൂര്‍. അദ്ദേഹം എഴുതിയ ഒരു കത്ത് ഇന്നും കടയുടെ ചുവരുകളില്‍ തൂങ്ങിക്കിടക്കുന്നത് കാണാം. കൂടാതെ, അമിതാഭ് ബച്ചൻ, രാഹുൽ ദ്രാവിഡ്, മലൈക അറോറ ഖാൻ, അമിത് ഷാ, സ്മൃതി ഇറാനി, തുടങ്ങി ഒട്ടേറെ ആളുകള്‍ ഇവിടെ വന്നു ഭക്ഷണം കഴിക്കാറുണ്ട്.
ഭക്ഷണം കഴിക്കാനുള്ള ഒരു സ്ഥലം മാത്രമല്ല; ദക്ഷിണേന്ത്യയുടെ സമ്പന്നമായ പാചക പൈതൃകത്തിന്‍റെ ഓര്‍മകള്‍ നിറഞ്ഞ ഒരു സാംസ്‌കാരിക സ്ഥാപനമാണ് കഫേ മൈസൂര്‍. വൈവിധ്യമാർന്ന മെനു, കുറ്റമറ്റ സേവനം, ഊഷ്മളമായ അന്തരീക്ഷം എന്നിവയെല്ലാമൊരുക്കി, രാജ്യത്തിനകത്തും പുറത്തുമുള്ള ഒട്ടേറെ ഭക്ഷണപ്രേമികളെ ഇവിടം ആകര്‍ഷിക്കുന്നു.