ഇതെന്ത് ലഡ്ഡു! റവയും കടലമാവും അല്ല; ഈ െഎറ്റം വേറെയാണ്
Mail This Article
വെള്ളയും ചുവപ്പും നേരിയതും കട്ടിയുള്ളതുമൊക്കെയായി ഒട്ടേറെ വെറൈറ്റികള്‍ അവലിനുണ്ട്. നനച്ചും കുഴച്ചും ഉപ്പുമാവ് ഉണ്ടാക്കിയുമൊക്കെ നമ്മള്‍ കഴിക്കാറുണ്ട്. അവല്‍ കൊണ്ട് ഉണ്ടാക്കാവുന്ന ഒരു കിടിലന്‍ ലഡ്ഡു ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്. മഴക്കാലത്ത് വിശപ്പല്‍പ്പം കൂടുന്നവര്‍ക്ക് ഇടയ്ക്ക് എടുത്തു കഴിക്കാന്‍ പറ്റുന്ന ഒരു രസികന്‍ ഹെല്‍ത്തി സ്നാക്കാണിത്.
അവൽ ലഡ്ഡു ഉണ്ടാക്കുന്ന വിധം
1. ഒരു പാൻ അല്ലെങ്കിൽ ഒരു ചെറിയ കടായി ചൂടാക്കുക. തീ താഴ്ത്തി അതിൽ 1 കപ്പ് കട്ടിയുള്ള അവൽ ചേർക്കുക. ചുവന്ന പോഹയും ഉപയോഗിക്കാം.
2. ചെറിയ തീയിൽ, അവല്‍ വറുക്കുക. ഇടയ്ക്കിടെ ഇളക്കുക. അവല്‍ കരിഞ്ഞു പോകാതെ എന്നാല്‍ നന്നായി മൊരിഞ്ഞു വരുന്ന രീതിയില്‍ വേണം ഇളക്കാന്‍.
3. വറുത്ത അവല്‍ ഒരു ഗ്രൈൻഡർ ജാറിലേക്ക് ഇടുക. ഇതിലേക്ക് ⅓ കപ്പ് ശർക്കരപ്പൊടി അല്ലെങ്കിൽ ശർക്കര ചേർക്കുക. എന്നിട്ട് പുട്ടുപൊടി/ സൂചി റവ പരുവത്തില്‍ പൊടിച്ചെടുക്കുക. ശേഷം നന്നായി ഉണങ്ങിയ ഒരു പാത്രത്തിലേക്ക് മാറ്റുക.
4. ഒരു ചെറിയ ഫ്രയിംഗ് പാനിൽ 1 ടേബിൾസ്പൂൺ നെയ്യ് ചൂടാക്കുക. ഇതിലേക്ക് കുറച്ച് കശുവണ്ടി ചേര്‍ത്ത്, ഇളം തവിട്ട് നിറമാകുന്നത് വരെ വറുക്കുക. അതിനുശേഷം, 1 ടേബിൾസ്പൂൺ ഉണക്കമുന്തിരിയും ¼ ടീസ്പൂൺ ഏലക്കാപ്പൊടിയും ചേർത്ത് ഇളക്കുക.
5. നേരത്തെ പൊടിച്ചു വച്ച അവല്‍- ശര്‍ക്കര പൊടിയിലേക്ക്, ഈ ഫ്രയിംഗ് പാനിലുള്ള നെയ്യും കശുവണ്ടിയും മുന്തിരിയുമെല്ലാം ഒഴിക്കാം. ഇത് ഒരു സ്പൂൺ കൊണ്ട് നന്നായി ഇളക്കുക.തണുക്കാൻ അനുവദിക്കുക.
6. അതിനുശേഷം,2 ടേബിൾസ്പൂൺ നെയ്യ് ചേർക്കുക. വീണ്ടും ഇളക്കുക. ഇതിലേക്ക് 1 ടേബിൾസ്പൂൺ പാൽ ചേർക്കുക.
7. ഇത് ലഡ്ഡുവിന്‍റെ ആകൃതിയില്‍ നന്നായി ഉരുട്ടിഎടുക്കാം. പൊടിഞ്ഞു പോകുന്നുണ്ടെങ്കില്‍ വീണ്ടും നെയ്യ് ചേര്‍ക്കാം.
8. ഇങ്ങനെ ഉണ്ടാക്കിയെടുത്ത ലഡ്ഡു അപ്പപ്പോള്‍ കഴിക്കുകയോ അല്ലെങ്കിൽ ഒരു കണ്ടെയ്നറിൽ സൂക്ഷിച്ച് ഫ്രിഡ്ജിൽ വയ്ക്കുകയോ ചെയ്യാം.
English Summary: Aval Laddu Recipe