അരി കുതിർക്കേണ്ട, ഈ ഐറ്റം മാത്രം മതി; പൂ പോലെ സോഫ്റ്റ് ഇഡ്ഡലി ഉണ്ടാക്കാം
Mail This Article
ദോശയും ഇഡ്ഡലിയുമെല്ലാം തയാറാക്കുമ്പോൾ പ്രധാനമായും എല്ലാവരും നേരിടേണ്ടി വരുന്ന പ്രശ്നങ്ങളിൽ ഒന്ന് മാവ് അരയ്ക്കാൻ മറന്നു പോകുന്നതാണ്. അല്ലെങ്കിൽ അരച്ചെടുത്ത് അത് പുളിച്ചു പൊങ്ങാൻ എടുക്കുന്ന സമയമാണ്. രാവിലത്തെ ഓട്ടപ്പാച്ചിലിനിടെ ചിലപ്പോൾ ഇഡ്ഡലി മാവ് അരച്ചുവയ്ക്കാൻ മറന്നുപോയെങ്കിൽ ഇനി വിഷമിക്കണ്ട. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ അവൽ ഉപയോഗിച്ച് ഇഡ്ഡലി തയാറാക്കി എടുക്കാം. നല്ല പൂപോലെ വളരെ സോഫ്റ്റായ ഇഡ്ഡലി ഉണ്ടാക്കാൻ ഇനി അരി അരയ്ക്കണ്ട, കുതിർക്കണ്ട, അവൽ കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാം.
ചേരുവകൾ
ഒരു കപ്പ് വെള്ള അവൽ
ഒന്നര കപ്പ് റവ
മുക്കാൽ കപ്പ് തൈര്
ആവശ്യത്തിന് ഉപ്പ്, വെള്ളം.
തയാറാക്കുന്നവിധം
അവൽ എടുക്കുമ്പോൾ കട്ടി കൂടിയത് നോക്കി എടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ആദ്യം തന്നെ അവൽ മിക്സിയുടെ ജാറിൽ ഇട്ട് നന്നായി പൊടിച്ചെടുക്കുക. ശേഷം ഈയൊരു കൂട്ടിലേക്ക് റവ കൂടി ചേർത്ത് നല്ലതുപോലെ വീണ്ടും മിക്സ് ചെയ്യുക. ഇനി ഈ പൊടിയിലേക്ക് ആവശ്യത്തിന് ഉപ്പും, തൈരും ചേർത്ത് നല്ലതുപോലെ ഇളക്കി കൊടുക്കണം. ചിലർക്ക് ഇഡ്ഡലി അധിക പുളിയ്ക്കുന്നത് ഇഷ്ടമല്ല. അങ്ങനെയുള്ളപ്പോൾ പുളി കുറഞ്ഞ തൈരോ, കട്ടിത്തൈരോ ഉപയോഗിക്കാം. ഇതിലേക്ക് വെള്ളം രണ്ടോ മൂന്നോ തവണയായി ഒഴിച്ച് വേണം മാവ് നന്നായി പരുവത്തിന് ആക്കിയെടുക്കാൻ. വെള്ളം ഒരുമിച്ച് ഒഴിച്ചു കൊടുത്താൽ മാവ് ശരിയായി കിട്ടില്ല. 20 മിനിറ്റ് കാത്തിരിക്കാം. ശേഷം മാവിന്റെ കട്ടിനോക്കി വേണമെങ്കിൽ വെള്ളം ഒഴിച്ചുകൊടുത്ത് ഇഡ്ഡലിമാവിന്റെ കട്ടിയാക്കാം.
അടുത്ത സ്റ്റെപ്പ് ഇഡ്ഡലിത്തട്ടിലേക്ക് മാവ് ഒഴിക്കലാണ്. സാധാരണ മാവ് ഒട്ടിപ്പിടിക്കാതിരിക്കാൻ നമ്മൾ വെളിച്ചെണ്ണ പുരട്ടാറുണ്ടല്ലോ. എങ്കിൽ ഇനി എണ്ണയ്ക്ക് പകരം ബട്ടർ പുരട്ടിനോക്കു. ഇഡ്ഡലി ഒട്ടും ഒട്ടിപ്പിടിക്കില്ല എന്നുമാത്രമല്ല സ്വാദും വർധിക്കും. വെറും ഇരുപത് മിനിറ്റ് കൊണ്ട് നമ്മുടെ സോഫ്റ്റ് ഇഡ്ഡലി തയാർ.
ഇഡ്ഡലി ഉപ്പുമാവ് കോബിനേഷന്‍ - വിഡിയോ