ആയുർവേദ മരുന്ന് കട; 40 ലക്ഷത്തിന് താഴെ വിറ്റുവരവിന് ജിഎസ്ടി റജിസ്ട്രേഷൻ വേണോ?

Mail This Article
ഞാൻ 30 വർഷമായി ആയുർവേദ മരുന്ന് കട നടത്തുന്നു. ജിഎസ്ടി റജിസ്ട്രേഷൻ എടുക്കുമ്പോൾ വാർഷിക വിറ്റുവരവ് 12 ലക്ഷം രൂപ ആയിരുന്നു. എന്നാൽ ഇപ്പോൾ പറയുന്നതു 40 ലക്ഷത്തിന് താഴെ ജിഎസ്ടി റജിസ്ട്രേഷൻ വേണ്ട എന്നാണ്. എനിക്ക് ഇപ്പോൾ വാർഷിക വിറ്റു വരവ് 24 ലക്ഷത്തിന് താഴെയാണ്. ജിഎസ്ടി കാൻസൽ ചെയ്യുന്നതിനെ പറ്റി തിരക്കിയപ്പോൾ അറിഞ്ഞത്, കടയിലെ സ്റ്റോക്ക് വളരെ കൂടുതൽ ആണെന്നും കാൻസൽ ചെയ്യുമ്പോൾ സ്റ്റോക്ക് ഉള്ള എല്ലാ മരുന്നുകൾക്കും ജിഎസ്ടി അടയ്ക്കണം എന്നുമാണ്. എന്റെ എല്ലാ പർച്ചേസ് ബില്ലും ജിഎസ്ടി പെയ്ഡ് ആണ്. ഒരു പ്രാവശ്യം ജിഎസ്ടി അടച്ചതിനാൽ വീണ്ടും ജിഎസ്ടി അടയ്ക്കണം എന്ന് പറയുന്നതു മനസ്സിലാകുന്നില്ല.
നിർമല വാരിയർ, ചെന്നൈ
ആയുർവേദ മരുന്നു വ്യാപാരം എന്നത് ‘സപ്ലൈ ഓഫ് ഗുഡ്സ്’ ആയതുകൊണ്ട് ഒരു സാമ്പത്തിക വർഷം 40 ലക്ഷം രൂപയിൽ താഴെ മാത്രം വിറ്റുവരവ് ഉള്ളതിനാൽ ജിഎസ്ടി റജിസ്ട്രേഷൻ എടുക്കേണ്ട ആവശ്യമില്ല. എന്നാൽ താങ്കൾക്ക് റജിസ്ട്രേഷൻ ഉള്ള സ്ഥിതിക്ക് ടാക്സ് റഗുലർ ആയി അടയ്ക്കുന്നു എന്നാണ് മനസ്സിലാകുന്നത്. ജിഎസ്ടി നിയമത്തിലെ സെക്‌ഷൻ 10 പ്രകാരം കോംപൗണ്ടിങ് ചെയ്ത വ്യാപാരി ഇപ്പോൾ കടയിലുള്ള മരുന്നുകളുടെ സ്റ്റോക്കിന് ജിഎസ്ടി അടയ്ക്കേണ്ട ആവശ്യമില്ല. താങ്കൾ കോംപൗണ്ടിങ് ഓപ്റ്റ് ചെയ്യാത്ത സാധാരണ ഡീലർ ആണെങ്കിൽ വാങ്ങിയ മരുന്നുകളുടെ എല്ലാ ബില്ലുകൾക്കും ഇൻപുട്ട് (ITC) എടുത്ത സ്ഥിതിക്ക് ക്ലോസിങ് സ്റ്റോക്ക് ആയി ഇപ്പോൾ ഇരിക്കുന്ന മരുന്നുകളുടെ ടാക്സ് തിരിച്ചടയ്ക്കേണ്ടതാണ്. ജിഎസ്ടി നിയമപ്രകാരം വിൽപനയ്ക്കായി മരുന്നുകൾ വാങ്ങിയ സമയത്ത് നൽകിയ ടാക്സ്, ഇൻപുട്ട് (ITC) എടുക്കാൻ ഉള്ള അർഹത എന്നത് മരുന്ന് വിൽക്കുമ്പോൾ നൽകേണ്ട ഔട്ട്പുട്ട് ടാക്‌സിനായി (OPT) ലഭിക്കുന്ന ഒരു സൗകര്യം (facility) മാത്രമാണ്. ഇതിന് ഉപോൽബലകമായ ഒട്ടേറെ കോടതി വിധികൾ നിലവിലുണ്ട്. ഇത് പ്രകാരം റഗുലർ മെതേഡ് (ഇൻപുട്ട്, ഔട്പുട്ട്) വഴി നികുതി അടയ്ക്കുന്നവർ റജിസ്ട്രേഷൻ കാൻസൽ ചെയ്യുമ്പോൾ ക്ലോസിങ് സ്റ്റോക്കിൽ ഉൾപ്പെട്ട ടാക്സ് (ITC) തിരിച്ചടയ്ക്കണം.