ADVERTISEMENT

രാവിലെ 10 മണിയോടെ ഡിസ്ചാർജ് ചെയ്തതാണ്. പിന്നെ കാഷ്‌ലെസ് പോളിസിയിൽ തുക അനുവദിക്കാനുള്ള കാത്തിരിപ്പ്. നാലു മണിക്ക് അന്വേഷിച്ചപ്പോൾ ആശുപത്രിക്കാർ പറയുന്നു, ഇൻഷുറൻസ് കമ്പനി ബിൽ തുക പാസാക്കിയില്ല. എപ്പോൾ, എത്ര സാങ്ഷനാക്കും എന്നറിയില്ല. അതിനാൽ, നിങ്ങൾ പണം അടച്ച് പൊയ്ക്കൊള്ളൂ, തുക അനുവദിക്കുമ്പോൾ അക്കൗണ്ടിലേക്ക് റീഫണ്ട് ചെയ്യാം എന്ന്. കാഷ്‌ലെസ് അല്ലേ ഞങ്ങൾ പണം അടയ്ക്കിലെന്നൊക്കെ വാദിച്ചു നോക്കി. സന്ധ്യയായതോടെ ഇൻഷുറൻസ് കമ്പനിയിൽ ആളില്ല, നിങ്ങൾക്കു പോകണമെങ്കിൽ പണമടയ്ക്കൂ എന്നായി ആശുപത്രിക്കാർ. കാഷ്‌ലെസ് പോളിസിയായതിനാൽ പണം കരുതിയിരുന്നില്ല. അവസാനം ഗത്യന്തരമില്ലാതെ ആരോടൊക്കെയോ രണ്ടു ലക്ഷത്തോളം രൂപ കടം വാങ്ങി അടച്ച് എട്ടു മണിയോടെ ആണ് വീട്ടിൽ പോകാൻ കഴിഞ്ഞത്. രണ്ടാം ദിവസം അനുവദിച്ചതാകട്ടെ 80,000 ത്തോളം രൂപ മാത്രം. കാഷ്‌ലെസ് ചികിത്സ വാഗ്ദാനം ചെയ്യുന്ന ഹെൽത്ത് പോളിസിയിൽ വർഷങ്ങളായി പ്രീമിയം അടച്ചു വരുന്ന കൃഷ്ണകുമാർ ഇപ്പോൾ എടുത്ത കടം എങ്ങനെ തിരിച്ചടയ്ക്കുമെന്നോർത്ത് തല പുകയ്ക്കുകയാണ്. ഇത് ഒരാളുടെ അനുഭവമല്ല. കാഷ്‌ലെസ് പോളിസി എടുത്തിട്ട് സമാന അനുഭവം നേരിടുന്ന പോളിസിയുടമകളുടെ എണ്ണം കൂടിവരികയാണ്.

ക്യാഷ്‌ലെസ് ചികിത്സ ഇങ്ങനെ

രണ്ടുതരം ക്ലെയിം നടപടിക്രമങ്ങളാണ് ഇന്നുളളത്. ഒന്ന്, ആശുപത്രികളിൽ പണമടയ്ക്കാതെയുളള കാഷ്‌ലെസ് ചികിത്സ. അതല്ലെങ്കിൽ ആശുപത്രി ചെലവുകൾ പൂർണമായും നാം നൽകിയശേഷം ഇൻഷുറൻസ് കമ്പനികൾ ചെലവായ തുക തിരികെ നൽകുന്ന റീ ഇംബേഴ്സ്മെന്റ് രീതി. ഇതിൽ കാഷ്‌ലെസ് ചികിത്സ പലപ്പോഴും പോളിസിയുടമകൾക്കു വലിയ മാനസിക സമ്മർദവും കാലതാമസവും ഉണ്ടാക്കുന്നുണ്ട്. ഇത് എന്തുകൊണ്ടു സംഭവിക്കുന്നു? ഇതിനു കാരണക്കാർ ആരെല്ലാം ആണ്?

ആശുപത്രിയിൽ ചികിത്സക്കായി വരുന്നവർ നിർബന്ധമായും തിരിച്ചറിയൽ രേഖ, ഹെൽത്ത് ഇൻഷുറൻസ് കാർഡ്, അതല്ലെങ്കിൽ ആരോഗ്യ ഇൻഷുറൻസ് പോളിസി എന്നിവ ആശുപത്രിക്കു നൽകണം. ഡോക്ടർ രോഗിയെ പരിശോധിച്ചശേഷം അസുഖം എന്താണെന്നും ചികിത്സാവിധികൾ നിശ്ചയിക്കുകയും ചെയ്യുന്നു. അതോടൊപ്പം ചികിത്സാ ചെലവിന്റെ ഒരു എസ്റ്റിമേറ്റ് തയാറാക്കുകയും വേണം. ഇങ്ങനെ തയാറാക്കുന്ന രേഖയെ പ്രീ ഓതറൈസേഷൻ എന്നാണു പറയുന്നത്. ഇക്കാര്യങ്ങൾ ഇൻഷുറൻസ് കമ്പനിയെയോ അവരുടെ ക്ലെയിം തീർപ്പാക്കുന്ന തേർഡ് പാർട്ടി അഡ്മിനിസ്ട്രേഷൻ കമ്പനിയുടെ ഓഫിസിനെയോ ഇ–മെയിൽ ആയി അറിയിക്കുകയോ ടിപിഎ സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയോ ആണു പതിവ്. രോഗിയുടെ പോളിസി പരിശോധിച്ച് ഇൻഷുർ ചെയ്ത തുക, കവർ ചെയ്യുന്ന റിസ്ക്, വ്യക്തിഗത വിവരങ്ങൾ എന്നിവ ശരിയാണെന്ന് ഉറപ്പു വരുത്തുന്നു. ആശുപത്രി നൽകിയ ചികിത്സാചെലവ് പരിശോധിച്ച് ചികിത്സാ നടപടികൾ തുടങ്ങാനുളള അനുമതി നൽകുകയും ചെയ്യുന്നു. ഏതെങ്കിലും തരത്തിലുളള രേഖകൾ/വിവരങ്ങൾ ഇല്ലെങ്കിൽ അക്കാര്യം ടിപിഎ കമ്പനികൾ ആശുപത്രികളോട് ആവശ്യപ്പെട്ട് അതു മേടിക്കുകയും ചെയ്യും. തുടർന്ന് ചികിത്സാ ചെലവിന്റെ ആദ്യ ഗഡു പാസായശേഷം ആശുപത്രി ചികിത്സ തുടങ്ങുന്നു. എന്നാൽ ചികിത്സകൾ കഴിഞ്ഞശേഷം അനുബന്ധ രേഖകൾ എല്ലാം (ഡിസ്ചാർജ് കാർഡ്, പ്രിസ്ക്രിപ്ഷൻ, മരുന്നു ബില്ലുകൾ, ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടുകൾ, സർജറി രേഖകൾ) ഡിസ്ചാർജ് ചെയ്യുന്ന ദിവസം ടിപിഎ കമ്പനിക്കു സ്കാൻ ചെയ്ത് അയച്ചു കൊടുക്കണം. രാവിലെ 10 മണിക്ക് ഡിസ്ചാർജ് ആയാൽ രോഗി ഉച്ചയോടെ ആശുപത്രിവിടാമെന്ന ധാരണയിൽ കാത്തിരിപ്പ് തുടരുന്നു. ഇനിയാണ് സംഗതികൾ ആകെ മാറിമറിയുന്നത്.

ആശുപത്രികൾ എല്ലാ അനുബന്ധ രേഖകളും നൽകി അതു ബോധ്യപ്പെട്ടാലെ ടിപിഎ അല്ലെങ്കിൽ ഇൻഷുറൻസ് കമ്പനികൾ ഫൈനൽ സെറ്റിൽമെന്റ് തയാറാക്കുകയുളളൂ. മാത്രമല്ല, ആശുപത്രിയിലെ ഇൻഷുറൻസ് വിഭാഗം ഇക്കാര്യങ്ങൾ സമയബന്ധിതമായി നൽകാൻ പലപ്പോഴും ശ്രദ്ധിക്കാറുമില്ല. അഥവാ രോഗിയുടെ കൂടെയുളളവർ ഇക്കാര്യം അന്വേഷിച്ചാൽ തന്നെ പറയുക, ഞങ്ങൾ എല്ലാ രേഖകളും നൽകിക്കഴിഞ്ഞു. ഇനി ടിപിഎ അല്ലെങ്കിൽ ഇൻഷുറൻസ് കമ്പനികൾ ആണ് ക്ലെയിം തുക പാസാക്കേണ്ടത്, അതു കിട്ടുംവരെ നിങ്ങൾക്ക് ആശുപത്രിയിൽനിന്നു പോകാൻ സാധ്യമല്ല എന്നാണ്.

രേഖകൾ വൈകും

പലപ്പോഴും ആശുപത്രികൾ രേഖകൾ അയയ്ക്കാൻ വൈകുക പതിവാണ്. മാത്രമല്ല, വൈകി കിട്ടുന്ന ഫയലുകൾ തീർപ്പാക്കാൻ ടിപിഎ കമ്പനികളും സമയബന്ധിതമായി ജനങ്ങൾക്കു സേവനം നൽകുന്നില്ല. ഇത്തരം പരാതികൾ ധാരാളം.

ഇതിന്റെയൊക്കെ അനന്തര ഫലം എന്താണെന്നുവച്ചാൽ രാത്രി വൈകിയും രോഗിക്ക് ആശുപത്രി വിടാൻ സാധിക്കാതെ വരുന്നു എന്നുള്ളതാണ്. ഗത്യന്തരമില്ലാതെ പലരും കടം വാങ്ങി ചികിത്സാ തുക ആശുപത്രിയിൽ അടയ്ക്കുന്നു. അടച്ച തുക ആശുപത്രി മടക്കി കൊടുക്കുന്നത് അവർക്കു ക്ലെയിം തുക കിട്ടിയശേഷം മാത്രമാണ്. കാഷ്‌ലെസ് കിട്ടുമെന്ന ഉറപ്പിൽ പോളിസി എടുക്കുന്നു. അവസാനം ഗത്യന്തരമില്ലാതെ സ്വന്തം പോക്കറ്റിൽനിന്നോ, കടം വാങ്ങിയോ ചികിത്സാ ചെലവുകൾ നൽകുന്നു.

ശ്രദ്ധിക്കാനുളള കാര്യങ്ങൾ വേറെയുമുണ്ട്. പോളിസിയിൽ കോ–പേയ്മെന്റ്, സബ്‌ലിമിറ്റ്, നോൺ പേയബിൾ തുടങ്ങിയ കേസുകൾ ഉണ്ടെങ്കിൽ നമുക്ക് ക്ലെയിം തുക കുറഞ്ഞുപോകാം.

ചില പോളിസികളിൽ കൊടുത്തിരിക്കുന്ന മുറിവാടകയെക്കാൾ കൂടിയ തുകയ്ക്കുള്ള മുറി എടുത്താൽ നമുക്കു മൊത്തം ലഭിക്കേണ്ട ക്ലെയിം തുകയിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടാകാം. അതിനാൽ, ഇത്തരം കാര്യങ്ങൾ അറിഞ്ഞ‌ശേഷം മാത്രം മതി ചികിത്സ തുടങ്ങാൻ.

സമയബന്ധിതമായി കാര്യങ്ങൾ നടപ്പിലാക്കേണ്ട ഇൻഷുറൻസ് കമ്പനികൾ, ടിപിഎ കമ്പനികൾ, ആശുപത്രിയിലെ ഹെൽത്ത് ഡിപ്പാർട്‌മെന്റ് എന്നിവർ ഇനിയെങ്കിലും അതിനു തയാറാകണം. നിലവിലെ പ്രശ്നങ്ങൾ മനസ്സിലാക്കി പ്രശ്നപരിഹാര മാർഗങ്ങൾ കണ്ടെത്തണം. പണം നൽകി പോളിസി എടുത്ത ഉപയോക്താവിന്റെ ആവശ്യഘട്ടങ്ങളിൽ കൈത്താങ്ങായി സഹായിക്കണം. അതല്ലെങ്കിൽ കാഷ്‌ലെസ്, കാഷ്‌ലോസ് ആയി മാറുന്ന അവസ്ഥയാണ് ഇന്നുളളത് 

ലേഖകൻ എയിംസ് ഇൻഷുറൻസ് ബ്രോക്കിങ് സാരഥിയാണ് 
odatt@aimsinsurance.in

സമ്പാദ്യം മാഗസിനിൽ പ്രസിദ്ധീകരിച്ചത്



English Summary:

Cashless Health Insurance Policy Claim is not Easy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com