ലോകകപ്പിൽ 21 ഇന്നിങ്സിൽനിന്ന് 12–ാം ഫിഫ്റ്റി; റൺവേട്ടയിൽ റെക്കോർഡിനരികെ കോലി
Mail This Article
സിഡ്നി ∙ ട്വന്റി20 ലോകകപ്പിൽ ഉജ്വല ഫോമിൽ കുതിക്കുന്ന ഇന്ത്യൻ സൂപ്പർതാരം വിരാട് കോലി മറ്റൊരു റെക്കോർഡിന് അരികെ. ട്വന്റി20 ലോകകപ്പിൽ ആയിരത്തിലധികം റൺസ് നേടുന്ന രണ്ടാമത്തെ മാത്രം താരമെന്ന റെക്കോർഡിന് തൊട്ടടുത്താണ് കോലി. നിലവിൽ 21 ഇന്നിങ്സുകളിൽ നിന്നായി (23 മത്സരങ്ങൾ) 989 റൺസാണ് കോലിയുടെ സമ്പാദ്യം.
റൺവേട്ടയിൽ വിൻഡീസ് താരം ക്രിസ് ഗെയ്‍ലിനെ കോലി മറികടന്നു. 33 മത്സരങ്ങളിൽനിന്നായി 34.46 ശരാശരിയിൽ 965 റൺസാണ് ഗെയ്‌ലിന്റെ സമ്പാദ്യം. കോലിയാകട്ടെ, 89.90 ശരാശരിയിലാണ് 989 റൺസ് നേടിയത്. ട്വന്റി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡിന് 28 റൺസ് മാത്രം അകലെയാണ് കോലി. ശ്രീലങ്കയുടെ മഹേള ജയവർധനെയുടെ പേരിലാണ് നിലവിൽ റെക്കോർഡ്. 31 മത്സരങ്ങളിൽനിന്ന് 52.82 ശരാശരിയിൽ 1016 റൺസാണ് ജയവർധനെയുടെ സമ്പാദ്യം.
ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെതിരെ 53 പന്തിൽ പുറത്താകാതെ 82 റൺസ് നേടി ഇന്ത്യൻ വിജയശിൽപിയായ കോലി, രണ്ടാം മത്സരത്തിൽ നെതർലൻഡ്സിനെതിരെ പുറത്താകാതെ 62 റൺസുമെടുത്തു.
ഇതോടെ, രാജ്യാന്തര ട്വന്റിീ20യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡും കോലിക്കു സ്വന്തം. 111 മത്സരങ്ങളിൽ നിന്നായി 3856 റൺസാണ് കോലിയുടെ സമ്പാദ്യം. രണ്ടാമതുള്ള ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്ക് 144 മത്സരങ്ങളിൽനിന്ന് ഇതുവരെ നേടാനായത് 3794 റൺസ്. ട്വന്റി20 ലോകകപ്പിലും രാജ്യാന്തര ട്വന്റി20യിലും കൂടുതൽ അർധസെഞ്ചറികളെന്ന റെക്കോർഡും കോലിയുടെ പേരിലാണ്. ലോകകപ്പിൽ 12 അർധസെഞ്ചറികളും രാജ്യാന്തര ട്വന്റി20യിൽ ആകെ 36 അർധസെഞ്ചറികളുമാണ് കോലിയുടെ സമ്പാദ്യം.
English Summary: Kohli slams 12th half-century in 21 innings in T20 World Cup, closes in on world record