മിന്നുവിന്റെ കളി വീട്ടുകാർ കണ്ടത് മൊബൈൽ ഫോണിൽ; മധുരം വിതരണം ചെയ്ത് അമ്മ
![minnuparents മിന്നു മണിയുടെ മാനന്തവാടി ഒണ്ടയങ്ങാടിയിലെ വീട്ടിൽ
പിതാവ് മണി, അമ്മ വസന്ത, അമ്മാവൻ ബാലകൃഷ്ണൻ,
ബാലകൃഷ്ണന്റെ മകൾ ജീഷ്ണ എന്നിവർ മൊബൈൽ
ഫോണിൽ ട്വന്റി20 മത്സരം കാണുന്നു.](https://img-mm.manoramaonline.com/content/dam/mm/mo/sports/cricket/images/2023/7/10/minnuparents.jpg?w=1120&h=583)
Mail This Article
മാനന്തവാടി ∙ ഇന്ത്യൻ വനിതാ ട്വന്റി20 ക്രിക്കറ്റ് ടീമിലെത്തിയ ആദ്യ മലയാളി താരമായി ചരിത്രം കുറിച്ച മിന്നു മണിയുടെ അരങ്ങേറ്റ മത്സരം വീട്ടുകാർ മൊബൈൽ ഫോണിലാണ് കണ്ടത്. ആദ്യ ഓവറിൽത്തന്നെ മിന്നു വിക്കറ്റ് നേടിയതോടെ വീട്ടിൽ ഉത്സവപ്രതീതിയായി. മിന്നുവിന്റെ അരങ്ങേറ്റ മത്സരം വീട്ടുകാർക്കൊപ്പം കാണാൻ ഒട്ടേറെപ്പേർ എത്തിയിരുന്നു.
വയനാട് മാനന്തവാടി ഒണ്ടയങ്ങാടിയിലെ വീട്ടിലെത്തിയ എല്ലാവരെയും മധുരം നൽകിയാണ് മിന്നുവിന്റെ അമ്മ വസന്ത സ്വീകരിച്ചത്. മിന്നുവിന്റെ അരങ്ങേറ്റത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ സന്തോഷത്താൽ പിതാവ് മണിയുടെ വാക്കുകൾ ഇടറി. മകൾ ടീമിൽ ഇടം നേടിയതിലും വിജയത്തിന്റെ ഭാഗമാകാൻ അവൾക്കു കഴിഞ്ഞതിലും ഏറെ സന്തോഷമുണ്ടെന്നും മകളുടെ മത്സരം നേരിൽ കാണണമെന്ന് ആഗ്രഹമുണ്ടെന്നും മണി പറഞ്ഞു.
മിന്നുവിന് ക്രിക്കറ്റിന്റെ ആദ്യ പാഠങ്ങൾ പകർന്നു നൽകിയ കലാക്ഷേത്ര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിലെയും യങ് സ്റ്റാർസ് ടീമിലെയും അംഗങ്ങളും ആഹ്ലാദ നിമിഷങ്ങളിൽ പങ്കുചേർന്നു.
English Summary: Minnu mani's family share happines for her performance