രഞ്ജി മത്സരത്തിന് രാജ്യാന്തര മത്സരത്തിനു സമാനമായ സന്നാഹം, സുരക്ഷാ ക്രമീകരണം, സംപ്രേഷണ സൗകര്യം; ഒരേയൊരു കാരണം, കോലി കളിക്കുന്നു!
![kohli-ranji-practice kohli-ranji-practice](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/1/28/kohli-ranji-practice.jpg?w=1120&h=583)
Mail This Article
ന്യൂഡൽഹി ∙ രാജ്യാന്തര മത്സരത്തിനു സമാനമായ സന്നാഹങ്ങൾ, സുരക്ഷാ ക്രമീകരണങ്ങൾ, സംപ്രേഷണ സൗകര്യങ്ങൾ..ഡൽഹി–റയിൽവേസ് മത്സരത്തിനായി ന്യൂഡൽഹിയിലെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയം ഒരുങ്ങുന്നത് യുദ്ധകാലാടിസ്ഥാനത്തിൽ. എല്ലാറ്റിനും കാരണം ഒരാൾ– 12 വർഷങ്ങൾക്കു ശേഷം ഒരു രഞ്ജി മത്സരം കളിക്കാനെത്തുന്ന വിരാട് കോലി!
ഡൽഹി ടീമിൽ ഉൾപ്പെട്ട കോലിയുടെ പരിശീലനം കാണാനും ഇന്നലെ ആരാധകരേറെയായിരുന്നു. നാളെയാണ് മത്സരത്തിനു തുടക്കം. ക്യാപ്റ്റൻസി ഏറ്റെടുക്കുന്നില്ലെന്ന് കോലി വ്യക്തമാക്കിയതോടെ യുവതാരം ആയുഷ് ബദോനി തന്നെയാണ് ഡൽഹിയെ നയിക്കുക.
∙ ഫാൻ ബോയ്സ്
ജെറ്റ് ബ്ലാക്ക് നിറത്തിലുള്ള തന്റെ പോർഷെ കാറിലാണ് കോലി ഇന്നലെ സ്റ്റേഡിയത്തിൽ പരിശീലനത്തിനെത്തിയത്. ടീമിലെ മിക്കവർക്കും കോലിക്കൊപ്പമുള്ള പരിശീലനം ‘ഫാൻ ബോയ് മൊമന്റ്’ ആയിരുന്നു. താൻ വരുന്നത് കണ്ട് നെറ്റ്സിൽ നിന്നു മാറാൻ തയാറെടുത്ത ക്യാപ്റ്റൻ ബദോനിയോട് കോലി ബാറ്റിങ് തുടരാൻ ആവശ്യപ്പെട്ടു. ബദോനിയുടെ ഊഴം കഴിഞ്ഞതിനു ശേഷം ബാറ്റ് കയ്യിലെടുത്ത കോലി തുടക്കത്തിൽ ത്രോ ഡൗൺ സ്പെഷ്യലിസ്റ്റുകളെയാണ് നേരിട്ടത്.
പരിശീലനത്തിന്റെ ഇടവേളയിൽ തന്റെ കാരിക്കേച്ചറുമായി അടുത്തെത്തിയ കൊച്ചു പയ്യനോട് കോലി കുറച്ചു നേരം സംസാരിച്ചു. കോലിയുടെ മുൻ സഹതാരം ഷാവെസിന്റെ മകൻ കബീർ ആയിരുന്നു അത്. പരിശീലനത്തിനു ശേഷം സഹതാരങ്ങൾക്കൊപ്പം കഢി ചാവൽ (ചോറും തൈരും ചേർന്ന ഭക്ഷ്യ വിഭവം) കൂടി കഴിച്ചാണ് കോലി മടങ്ങിയത്.
∙ മത്സരം തൽസമയം
കോലി കളിക്കും എന്നുറപ്പായതോടെ ഡൽഹി– റയിൽവേസ് മത്സരം ലൈവ് സ്ട്രീം ചെയ്യാൻ ബിസിസിഐയും ജിയോ സിനിമയും തമ്മിൽ ധാരണ. നേരത്തേ കർണാടക–ഹരിയാന, പഞ്ചാബ്–ബംഗാൾ, ബറോഡ–ജമ്മു കശ്മീർ മത്സരങ്ങൾ മാത്രമാണ് തൽസമയ സംപ്രേഷണത്തിനായി നിശ്ചയിച്ചിരുന്നത്