വിരാട് കോലിയെ കാണാൻ ഇരച്ചുകയറി ആരാധകർ; ലാത്തിവീശി പൊലീസ്, നിരവധി പേർക്കു പരുക്ക്- വിഡിയോ

Mail This Article
ന്യൂഡൽഹി∙ 13 വര്‍ഷങ്ങൾക്കു ശേഷം വിരാട് കോലി രഞ്ജി ട്രോഫി മത്സരം കളിക്കാനിറങ്ങുന്നതു കാണാൻ ഡൽഹി അരുൺ ജയ്റ്റ്‍ലി സ്റ്റേഡിയത്തിലെത്തിയത് 15,000 ൽ അധികം ആരാധകർ. മത്സരം കാണാൻ സൗജന്യമായാണ് ആരാധകരെ സ്റ്റേഡിയത്തിലേക്കു പ്രവേശിപ്പിച്ചത്. ഇതോടെ ആയിരക്കണക്കിന് ആരാധകർ കോലിയെക്കാണാൻ വേണ്ടി മാത്രം സ്റ്റേഡിയത്തിലേക്ക് ഇരച്ചെത്തി. ഗൗതം ഗംഭീർ സ്റ്റാൻഡിലേക്കാണ് ആരാധകരെ കയറ്റിയത്. എന്നാൽ കളി തുടങ്ങുംമുൻപേ ഈ ഭാഗം നിറഞ്ഞതായാണു വിവരം.
പിന്നീട് സ്റ്റേഡിയത്തിലേക്ക് ആരാധകരെ കയറ്റിയില്ല. സ്റ്റേഡിയത്തിന്റെ പ്രവേശന കവാടത്തിന് അരികെ തിങ്ങിക്കൂടിയ ആളുകളെ നീക്കാൻ പൊലീസിന് ലാത്തി ചാർജ് നടത്തേണ്ടിവന്നു. ഒട്ടേറേപ്പേർക്കു പരുക്കേൽക്കുകയും ചെയ്തു. സ്റ്റേഡിയത്തിന്റെ 16–ാം ഗേറ്റിനു സമീപത്താണ് ആദ്യം പ്രശ്നങ്ങൾ തുടങ്ങിയത്. തിരക്കിനിടെ താഴെ വീണും ആരാധകർക്കു പരുക്കേറ്റു. പൊലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് ആരാധകരിൽ ചിലർ വാഹനങ്ങൾ തകർത്തതായി റിപ്പോർട്ടുകളുണ്ട്. മൂന്ന് ഗേറ്റുകളിലൂടെ സ്റ്റേഡിയത്തിലേക്ക് ആരാധകരെ കയറ്റാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ തിരക്കു കൂടിയതോടെ ഒരു ഗെയ്റ്റ് കൂടി തുറന്നുകൊടുത്തു.
മത്സരത്തിൽ ടോസ് നേടിയ ഡൽഹി റെയിൽവേസിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. ഇതോടെ ആദ്യ ദിനം കോലിയുടെ ബാറ്റിങ് കാണാൻ സാധിക്കില്ലെന്നു കരുതി ഒരു വിഭാഗം ആരാധകർ സ്റ്റേഡിയം വിട്ടു. ആദ്യം ബാറ്റു ചെയ്ത റെയിൽവേസ് 241 റൺസിന് ഓൾഔട്ടായി. മറുപടിയിൽ ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 41 റൺസെന്ന നിലയിലാണ് ഡൽഹിയുള്ളത്.