100–ാം മത്സരത്തിനിറങ്ങി 100 റൺസിനരികെ വീണെങ്കിലും സച്ചിന്റെ ഇന്നിങ്സിനു നൂറുമടങ്ങു മൂല്യം; ഹൃദയത്തിലത് സെഞ്ചറി തന്നെ!

Mail This Article
നാഗ്പുർ ∙ തൊണ്ണൂറുകളിലെത്തിയ ശേഷം സെഞ്ചറിക്കു തൊട്ടരികെ സച്ചിൻ തെൻഡുൽക്കർ പുറത്തായതു 18തവണയാണ്. നെർവസ് നയന്റീസ് എന്നു വിശേഷിക്കപ്പെടുന്ന പരിഭ്രമ പ്രതിഭാസമാണു സച്ചിൻ തെൻഡുൽക്കറിനു പ്രശ്നമായതെങ്കിൽ സച്ചിൻ ബേബിക്കു സംഭവിച്ചതു ഷോട്ട് സിലക്‌ഷനിലുണ്ടായ പിഴവ്. സ്പിന്നർക്കു മികച്ച ടേൺ ലഭിക്കുന്ന വിക്കറ്റിൽ 98 റൺസിൽ നിൽക്കെ സ്വീപ് ഷോട്ടിലൂടെ സിക്സറിനു ശ്രമിക്കാമെന്ന തീരുമാനം ദുരന്തമായി. പക്ഷേ, നിരാശ മാറ്റിനിർത്തിയാൽ കളികണ്ടവരെല്ലാം ഒരേ മനസ്സോടെ സമ്മതിക്കും, ആ ഇന്നിങ്സ് ഞങ്ങളുടെ ഹൃദയത്തിൽ സെഞ്ചറി തന്നെയാണ്!
നൂറാം മത്സരത്തിൽ നൂറടിക്കാൻ കഴിഞ്ഞില്ലെങ്കിലും സച്ചിന്റെ ഇന്നിങ്സിനു കേരളത്തിനു സ്കോർ ബോർഡിൽ നൂറു മടങ്ങാണു മൂല്യം. ആദിത്യ സർവതെ, സൽമാൻ നിസാർ, മുഹമ്മദ് അസ്ഹറുദീൻ, ജലജ് സക്സേന എന്നിവരെ കൂട്ടുപിടിച്ച് സച്ചിൻ ക്ഷമയോടെ തുന്നിച്ചേർത്ത കൂട്ടുകെട്ടുകളാണു കേരളത്തിന്റെ ഒന്നാമിന്നിങ്സിന്റെ ഹൈലൈറ്റ്.
ഇന്ത്യ തോൽക്കാൻ തുടങ്ങുമ്പോൾ സെഞ്ചറിയുമായി ടീമിനെ കരകയറ്റാറുള്ള സച്ചിൻ തെൻഡുൽക്കറിന്റെ അതേ മനസ്സോടെ കളിക്കുകയായിരുന്നു സച്ചിൻ ബേബിയും. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ 28ാം അർധ സെഞ്ചറി കുറിച്ച് 15ാം സെഞ്ചറി ലക്ഷ്യമിട്ടു നീങ്ങുമ്പോഴാണു പുറത്തായത്. സച്ചിന്റെ പുറത്താകും വരെ കേരളം ലീഡ് നേടുമെന്നു പ്രതീക്ഷിച്ചിരുന്നു. 4 വിക്കറ്റ് കയ്യിലിരിക്കെ 55 റൺസ്കൂടി നേടിയാൽ ലീഡ് എന്ന ഘട്ടത്തിൽ നിൽക്കെയായിരുന്നു സച്ചിന്റെ പുറത്താകൽ.
ആഭ്യന്തര കരിയറിൽ (ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ, ട്വന്റി20) ഏറ്റവും കൂടുതൽ റൺസ് നേടിയ കേരള താരമാണു സച്ചിൻ (10,941 റൺസ്). തൊടുപുഴ സ്വദേശിയായ സച്ചിൻ (36) 2009ലെ രഞ്ജി ട്രോഫിയിലാണ് അരങ്ങേറിയത്.