ADVERTISEMENT

വേനലിന്റെ കാഠിന്യം ഏറി വരികയാണ്. പുറത്ത് സമയം ചെലവഴിക്കണമെങ്കിൽ സൺസ്ക്രീനുകൾ ഒഴിവാക്കാനാവാത്ത അവസ്ഥ. ഇത്ര കാഠിന്യമേറിയ സൂര്യരശ്മികളെ പ്രതിരോധിക്കുന്ന സൺസ്ക്രീനുകൾ പൂർണമായും ത്വക്കിന് അനുയോജ്യമാണോ? പല സൺസ്ക്രീനുകളിലും ഉപയോഗിക്കുന്ന രാസവസ്തുക്കളും കൃത്രിമ ചേരുവകളും അൾട്രാ വയലറ്റ് രശ്മികളിൽ നിന്നും സംരക്ഷണം നൽകുമെങ്കിലും കാലക്രമേണ ചർമത്തിനു ദോഷകരമായേക്കാം. ഇവയെ കൂടുതലായി ആശ്രയിക്കാതെ പ്രകൃതിദത്തമായ രീതിയിൽ ചർമത്തെ സൂര്യനിൽ നിന്നും സംരക്ഷിക്കാനുള്ള മാർഗങ്ങളുണ്ട്. അവയിൽ ചിലത് പരിചയപ്പെടാം.

വെളിച്ചെണ്ണ

നമ്മുടെ വീടുകളിൽ പതിവായി ഉപയോഗിക്കുന്ന വെളിച്ചെണ്ണ സൂര്യപ്രകാശത്തിന്റെ ദോഷഫലങ്ങളിൽ നിന്നും ചർമത്തെ സംരക്ഷിക്കാൻ ഒരു പരിധിവരെ ഉപകാരപ്രദമാണ്. സൂര്യപ്രകാശത്തിൽ നിന്നും സംരക്ഷണം നൽകുന്നതിനൊപ്പം ചർമത്തിന്റെ ജലാംശം നിലനിർത്താനും വെളിച്ചെണ്ണ സഹായിക്കും.

കറ്റാർവാഴ

സൗന്ദര്യ സംരക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത കറ്റാർവാഴയ്ക്ക് സൂര്യപ്രകാശത്തിൽ നിന്നും ചർമത്തെ സംരക്ഷിക്കാനുള്ള കഴിവുമുണ്ട്. അൾട്രാവയലറ്റ് രശ്മികൾക്കെതിരെ നേരിയ സംരക്ഷണ കവചമായി പ്രവർത്തിക്കുന്നതിനൊപ്പം സൂര്യപ്രകാശത്തിന്റെ ആഘാതത്തിൽ നിന്നും ചർമത്തിന് ആശ്വാസം നൽകാനും കറ്റാർവാഴ സഹായിക്കും.

എള്ളെണ്ണ

എള്ളെണ്ണയും ഒരു പ്രകൃതിദത്ത സൺസ്‌ക്രീനായാണ് കണക്കാക്കപ്പെടുന്നത്. ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളുംകൊണ്ട് സമ്പുഷ്ടമായ എള്ളെണ്ണ 30 ശതമാനം വരെ അൾട്രാവയലറ്റ് രശ്മികളിൽ നിന്നും സംരക്ഷണം നൽകും. ദീർഘനേരം സൂര്യപ്രകാശം ഏൽക്കുന്നതു മൂലം ചർമ്മത്തിനുണ്ടാകുന്ന കേടുപാടുകളെ തടയാനും എള്ളെണ്ണ സഹായിക്കും.

റാസ്ബെറി വിത്ത് എണ്ണ

ചുവന്ന റാസ്ബെറിയുടെ വിത്തിൽ നിന്നും തയാറാക്കുന്ന എണ്ണയിൽ സ്വാഭാവികമായി ഉയർന്ന അളവിൽ എസ് പി എഫ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് അൾട്രാവയലറ്റ് രശ്മികളിൽ നിന്നും സംരക്ഷണം നൽകും. റാസ്ബെറി വിത്ത് എണ്ണ നേരിട്ടോ ഏതാനും തുള്ളികൾ വെളിച്ചെണ്ണ, ആൽമണ്ട് ഓയിൽ എന്നിവയിൽ ഏതെങ്കിലും ഒന്നുമായി കലർത്തിയോ മുഖത്ത് പുരട്ടാം.

ഷിയാ ബട്ടർ

സൂര്യനിൽ നിന്നും സംരക്ഷണം നൽകുന്നതിനും ചർമം മോയ്ചറൈസ് ചെയ്യാനും മൃദുവാക്കാനും ഷിയാ ബട്ടർ സഹായിക്കും. 4 - 6 വരെയാണ് ഷിയാ ബട്ടറിലെ എസ് പി എഫ് നില. വെയിലിന്റെ കാഠിന്യം താരതമ്യേന കുറവുള്ള ദിവസങ്ങളിൽ സൺസ്ക്രീനിനുള്ള ബദൽ മാർഗമായി ഷിയാ ബട്ടർ ഉപയോഗിക്കാം.

സൂര്യപ്രകാശമേറ്റത്തിന് പിന്നാലെ ചർമം സംരക്ഷിക്കാനുള്ള മാർഗങ്ങൾ :

∙ ഐസ് ക്യൂബുകൾ ഒരു മൃദുവായ തുണിയിൽ വച്ച് മടക്കിയെടുത്തതിനുശേഷം ഇത് മുഖചർമത്തിൽ സാവധാനത്തിൽ അമർത്തി കൊടുക്കാം. ചൂടേറ്റതിൽ നിന്നും ചർമത്തിനുണ്ടായ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിന് ഇത് സഹായിക്കും.

∙ വെള്ളരിക്ക മിക്സിയിലിട്ട് അരച്ചെടുത്ത് പേസ്റ്റ് രൂപത്തിലോ അതല്ലെങ്കിൽ അതിൽ നിന്നുള്ള വെള്ളം അരിച്ചെടുത്തോ മുഖത്ത് പുരട്ടാം. ചർമം തണുപ്പിക്കാനും ജലാംശം നിലനിർത്താനും ഇത് സഹായകമാണ്. പുരട്ടി 15 മിനിറ്റിനു ശേഷം കഴുകി കളഞ്ഞാൽ മതിയാകും.

∙ അൽപം തേനെടുത്ത് നേരിട്ട് സൂര്യപ്രകാശമേറ്റ ചർമഭാഗത്ത് തേച്ചുപിടിപ്പിക്കാം. ചർമത്തെ വളരെ എളുപ്പത്തിൽ ശാന്തമാക്കാനും ഈർപ്പം നഷ്ടപ്പെട്ടു പോകാതെ ലോക്ക് ചെയ്യാനും ഇത് സഹായിക്കും. പുരട്ടി 20 മിനിറ്റിനു ശേഷം ഇളംചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയാം.

∙ ഇതിനെല്ലാമുപരി ധാരാളം വെള്ളം കുടിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പ്രത്യേകിച്ച് ചൂടുകാലത്ത് ചർമത്തെ ഉള്ളിൽ നിന്നും സംരക്ഷിക്കാനും ആരോഗ്യം കാത്തുസൂക്ഷിക്കാനും ഇത് അനിവാര്യമാണ്.

English Summary:

Beat the Heat: Natural Sunscreens for Summer Skin Protection

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com