ബോളിവുഡ് അവസരം വേണ്ട, പഠനത്തിൽ മിടുക്കി: മഹ്‌വാഷിനെ ചെഹലിന്റെ ‘കാമുകി’യാക്കി ചുരുക്കരുത്!

Mail This Article
ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യ– ന്യൂസീലൻഡ് മത്സരം നടക്കുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചെഹലിനൊപ്പം ഗാലറിയിലിരിക്കുന്ന ആർജെ മഹ്‌വാഷിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. നടിയും നിർമാതാവും ആർജെയുമായ മഹ്‌വാഷുമായി ചെഹൽ ഡേറ്റിങ്ങിലാണന്ന് നേരത്തേ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ ആരാണ് യഥാർഥത്തിൽ ആർജെ മഹ്‌വാഷ് എന്ന് തിരയുകയാണ് ആരാധകർ.
ഉത്തർപ്രദേശിലെ അലിഗർ സ്വദേശിയാണ് ആർജെ മഹ്‌വാഷ്. മഹ്‌വാഷ് എമു എന്നാണ് യഥാർഥ പേര്. സമൂഹമാധ്യമ ഇൻഫ്ലുവൻസറായ മഹ്‌വാഷ് പ്രാങ്ക് വിഡിയോകളിലൂടെയാണ് ശ്രദ്ധനേടുന്നത്. റേഡിയോ മിർച്ചി 98.3എഫ്എമ്മിൽ റേഡിയോ ജോക്കിയായാണ് മഹ്‌വാഷ് തന്റെ കരിയർ തുടങ്ങുന്നത്. ഉത്തർപ്രദേശിലെ അലിഗർ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ മഹ്‌വാഷ് ജാമിയ മില്യ സർവകലാശാലയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദവും സ്വന്തമാക്കി.
സമൂഹമാധ്യമങ്ങളിലെ കോണ്ടന്റിലൂടെ മഹ്‌വാഷ് ഏറെ ശ്രദ്ധനേടിയോടെ ബിഗ് ബോസ് സീസൺ 14ൽ അവസരം ലഭിച്ചു. എന്നാല്‍ മഹ്‌വാഷ് ഈ അവസരം നിരസിക്കുകയായിരുന്നു. ബോളിവുഡിലേക്കു ക്ഷണം ലഭിച്ചെങ്കിലും ഇതും മഹ്‌വാഷ് നിഷേധിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
സമൂഹമാധ്യമങ്ങളിൽ സജീവമായ മഹ്‌വാഷിന് നിലവിൽ ഇൻസ്റ്റഗ്രാമിൽ ഒന്നര മില്യണിലധികം ഫോളവേഴ്സുണ്ട്. യൂട്യൂബിൽ എട്ടുലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സും ഉണ്ട്.
2024ലെ ക്രിസ്മസ് ആഘോഷങ്ങൾക്കിടെയാണ് ചെഹലിനൊപ്പം മഹ്‌വാഷിനെ ആദ്യമായി ആരാധകർ കാണുന്നത്. തുടർന്ന് ഡേറ്റിങ്ങിലാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നെങ്കിലും ഇരുവരും ഇക്കാര്യം നിഷേധിച്ചു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി മഹ്‌വാഷ് സമൂഹമാധ്യമത്തിൽ കുറിപ്പും പങ്കുവച്ചിരുന്നു.