നിത അംബാനിയുടെ വജ്രം പതിച്ച വാച്ച്; ഷാറുഖും സുക്കർബർഗും ആരാധകർ: വില കോടികൾ

Mail This Article
ഇന്ത്യൻ ജനതയ്ക്കിടയിൽ ഏറ്റവും അധികം സ്വാധീനം നേടിയ സ്ത്രീ വ്യവസായി എന്നതിലുപരി ഫാഷൻ രംഗത്ത് ട്രെൻഡ് സെറ്റർ കൂടിയാണ് നിത അംബാനി. വസ്ത്രത്തിലും ആഭരണത്തിലും ആക്സസറികളിലും നിതയുടെ ഫാഷൻ ചോയ്സുകൾ എക്കാലവും മാധ്യമങ്ങളുടെയും ജനങ്ങളുടെയും ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. അപൂർവവും എക്സ്ക്ലൂസീവുമായ വാച്ചുകളുടെ വലിയൊരു ശേഖരമാണ് നിത അംബാനിയുടെ കൈവശമുള്ളത്. ഇപ്പോൾ ഒരു വേദിയിൽ നിത അംബാനി ധരിച്ച അത്തരമൊരു സ്റ്റേറ്റ്മെന്റ് വാച്ചാണ് ഫാഷൻ പ്രേമികളെയും വാച്ച് പ്രേമികളെയും ഒരേപോലെ ആകർഷിച്ചിരിക്കുന്നത്.
ജനീവൻ വാച്ച് നിർമാതാക്കളായ പാതെക് ഫിലീപ്പിൽ നിന്നുള്ള വാച്ച് ധരിച്ച നിതയുടെ ചിത്രങ്ങളും ദൃശ്യങ്ങളും ഇതിനോടകം സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിക്കഴിഞ്ഞു. പാതെക് ഫിലീപ്പിന്റെ നോട്ടിലസ് ശേഖരത്തിൽ നിന്നുള്ള അതിമനോഹരമായ വാച്ചാണിത്. സങ്കീർണമായ ഡിസൈനിങ്ങാണ് വാച്ചിന്റെ പ്രധാന പ്രത്യേകത. അത്യാകർഷകമായ ഡിസൈനിൽ അഷ്ടഭുജാകൃതിയിലുള്ള ബെസലാണ് നൽകിയിരിക്കുന്നത്. എംപോസ് ചെയ്ത ഡയലുകളും ആകർഷണീയത വർധിപ്പിക്കുന്നു.
എന്നാൽ രൂപകൽപനയ്ക്കപ്പുറം വാച്ചിൽ ഉൾപ്പെടുത്തിയിരിക്കുന്ന ആഡംബര വിശദാംശങ്ങളാണ് ഇതിനെ കൂടുതൽ സവിശേഷമാക്കുന്നത്. വജ്രങ്ങൾ കൊണ്ടാണ് വാച്ചിന്റെ ഡയൽ ഒരുക്കിയിരിക്കുന്നത്. മാർക്കറുകളും അക്കങ്ങളും സ്വർണത്തിൽ തീർത്തവയാണ്. വ്യക്തമായി സമയം കാണുന്നതിനായി ലൂമിനസെന്റ് കോട്ടിങ്ങും നൽകിയിട്ടുണ്ട്. 18 കാരറ്റ് സ്വർണത്തിൽ നിർമിച്ചിരിക്കുന്ന ഡയൽ വാച്ചിന്റെ പ്രൗഢി എടുത്തറിയിക്കുന്നു. ഇതുമായി ഏറ്റവും ചേർന്നു പോകുന്ന തരത്തിൽ നിറയെ വജ്രം പതിച്ച റോസ് ഗോൾഡ് ബ്രേസ്‌ലെറ്റാണ് നൽകിയിരിക്കുന്നത്.
ഫോൾഡ് ഓവർ ക്ലാസ്പിലും വജ്രങ്ങൾ പതിപ്പിച്ചിട്ടുണ്ട്. പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം 428,450 ഡോളറാണ് (3.7 കോടി രൂപ) മാസ്റ്റർപീസ് എന്ന് വിശേഷിപ്പിക്കാവുന്ന ഈ വാച്ചിന്റെ വില. ഒന്നാം നിര സെലിബ്രിറ്റികളുടെയെല്ലാം പ്രിയപ്പെട്ട വാച്ച് ബ്രാൻഡാണ് പാതെക് ഫിലീപ്പ്. ഇതേ ബ്രാൻഡിന്റെ 66 കോടി രൂപ വിലയുള്ള ഗ്രാൻഡ്മാസ്റ്റർ ഷൈം വാച്ച് ധരിച്ച അനന്ത് അംബാനിയുടെ ചിത്രങ്ങളും മുൻപ് വൈറലായിരുന്നു. ഇതിനുപുറമേ സുക്കർബർഗും ഷാറുഖ് ഖാനുമെല്ലാം പാതെക് ഫിലീപ്പിന്റെ ആരാധകരാണ്.