നിത്യജീവിതത്തിൽ നിറഞ്ഞ് എഐ, സാങ്കേതികവിദ്യ തൊട്ടടുത്ത്!
Mail This Article
നിത്യജീവിതത്തിൽ എഐ അവിഭാജ്യ ഘടകമായി മാറി. സ്വയം ചിന്തിച്ച്, ആവശ്യങ്ങൾക്ക് അനുസരിച്ച് കാര്യങ്ങൾ ചെയ്തു തരുന്ന സാങ്കേതികവിദ്യ തൊട്ടടുത്തെത്തി. സാങ്കേതിക വിദ്യയിലെ നൂതന പ്രവണതകൾക്കൊപ്പം കൂടിയില്ലെങ്കിൽ പിന്തള്ളപ്പെടുമെന്ന സ്ഥിതിയുണ്ടാകാം. എഐയുടെ അനന്ത സാധ്യതകളും അവസരങ്ങളും ഒപ്പം ആശങ്കകളും ചർച്ച ചെയ്ത് മനോരമ ഓൺലൈൻ ‘ടെക്‌സ്‌പെക്‌റ്റേഷൻസ്’ ഡിജിറ്റൽ സംഗമം.
കൊച്ചി ∙ നിത്യജീവിതത്തിൽ എഐ അവിഭാജ്യ ഘടകമായി മാറിയെന്നു ‘ദൈനംദിന ജീവിതത്തിലെ നിർമിതബുദ്ധിയുടെ സാധ്യതകൾ’ എന്ന വിഷയത്തിൽ നടത്തിയ ചർച്ചയിൽ വിദഗ്ധർ. കാർ ഒരു പഴ്സനൽ അസിസ്റ്റന്റായി മാറുന്ന കാര്യം വിദൂരമല്ലെന്ന് ഇവിഎം ഗ്രൂപ്പ് എംഡി സാബു ജോണി. ഇലക്ട്രിക് വാഹനങ്ങളുടെ വളർച്ചയ്ക്കു തടസ്സമായി നിൽക്കുന്നതു ചാർജിങ് സ്റ്റേഷനുകളുടെ അഭാവമാണെന്നും അദ്ദേഹം പറഞ്ഞു. ഓട്ടമൊബീൽ സോഫ്റ്റ്‌വെയർ മേഖലയിൽ വളരെ മുൻപു തന്നെ എഐ സാധ്യതകൾ ഉപയോഗപ്പെടുത്തിയിരുന്നു എന്ന് ആക്സിയ ടെക്നോളജീസ് സ്ഥാപകനും സിഇഒയുമായ ജിജിമോൻ ചന്ദ്രൻ പറഞ്ഞു. ഇൻഫോടെയ്ൻമെന്റ് മേഖലയിലാണ് കൂടുതൽ ഉപയോഗമെന്നും അദ്ദേഹം പറഞ്ഞു.
വലിയ ഡേറ്റ ശേഖരമുള്ള കമ്പനികൾക്കു സൂക്ഷ്മമായും കൃത്യമായും ഡേറ്റ ഉപയോഗിച്ചു ബിസിനസ് വിപുലപ്പെടുത്താൻ എഐ സഹായകമാണെന്നു വൺ അസിസ്റ്റ് സഹസ്ഥാപകൻ സുബ്രത് പാനി. ഉപയോക്താക്കളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ചാറ്റ് ബോട്ടുകളെയാണ് ഉപയോഗിക്കുന്നതിനാൽ കസ്റ്റമർ അസിസ്റ്റന്റുമാരുടെ എണ്ണം കുറയ്ക്കാനും കൂടുതൽ പരാതികൾ പരിഹരിക്കാനും കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എഐ വന്നതോടെ അധ്യാപകർ ഫെസിലിറ്റേറ്റർമാരായി മാറിയെന്നു ജെയിൻ യൂണിവേഴ്സിറ്റി അസോഷ്യേറ്റ് പ്രഫസർ ഡോ.ഗിരീഷ് പതി. അധ്യാപകരുടെ കാര്യശേഷി വർധിപ്പിക്കാനും ക്ലറിക്കൽ ജോലികൾ ഒരുപരിധി വരെ ഒഴിവാക്കാനും ഐഐ സഹായിക്കും.
ഉപയോക്താക്കളുമായി സംസാരിക്കാൻ ചാറ്റ് ജിപിടി വന്നതോടെ പെട്ടെന്ന് ഉത്തരം ലഭിക്കുന്ന അവസ്ഥ വന്നതായി ഹ്യൂമൻലി സഹസ്ഥാപകൻ റിഷഭ് നാഗ് പറഞ്ഞു. ബിസിനസിൽ വർധനയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.