സന്ധ്യ വരുന്നതും കാത്ത് നെല്ലാറച്ചാലയില്‍ അല്പനേരം

Mail This Article
വൈകുന്നേരം നെല്ലാറച്ചാലയിലെത്തിയാല്‍ സന്ധ്യ പൂക്കുന്നതു കാണാം. അകലെ പടിഞ്ഞാറന്‍ മലനിരകള്‍ക്കു മുകളില്‍ ചുവപ്പു പടരാന്‍ തുടങ്ങും. അതുവരെ കത്തിജ്ജ്വലിച്ചിരുന്ന സൂര്യന്‍ പതിയെ തണുക്കും, ചുവന്നു തുടുക്കും. സ്വര്‍ണനൂലുകള്‍ വാരിവിതറാന്‍ തുടങ്ങും. സ്വര്‍ണരേണുക്കള്‍ പാകി വരുന്ന സന്ധ്യയ്ക്ക് നെല്ലാറച്ചാലയില്‍ എന്തെന്നില്ലാത്ത ഭംഗിയാണ്. നീല ജലാശയത്തിനു നടുവിലൂടെ ചെഞ്ചായം പൂശിയ ഒറ്റയടിപ്പാത കാണാം. സന്ധ്യ വന്നണയുന്നതിന് ഒരുക്കിയ വഴിയാവാം അത്.

വയനാട്ടിലെ കാരാപ്പുഴ ഡാമിന്റെ റിസര്‍വോയര്‍ പരിസരമാണ് നെല്ലാറച്ചാല്‍. നെല്ല് നിറഞ്ഞ ശാല അഥവാ നെല്ലാറച്ചാല്‍. ഇപ്പോള്‍ ആ പ്രദേശമെല്ലാം വെള്ളം കയറി. ഡാമിനു സ്ഥലം ഏറ്റെടുത്തതോടെ വയല്‍ മുഴുവന്‍ വെള്ളം നിറഞ്ഞു.
ജലാശയത്തിന്റെ കരയില്‍ മരങ്ങളൊന്നുമില്ലാത്ത മൊട്ടക്കുന്നുകള്‍. അങ്ങിങ്ങായി കാലിക്കൂട്ടങ്ങള്‍ മേയുന്നുണ്ട്. ആദിവാസികള്‍ മാത്രമാണ് ഇവിടെ താമസിക്കുന്നത്. സര്‍ക്കാര്‍ നിര്‍മിച്ചു കൊടുത്ത ചെറിയ വാര്‍പ്പു വീടുകള്‍ക്ക് സമീപത്തായി പഴയ ഷെഡ്ഡുകള്‍. പുതിയ വീടുകളില്‍ പലതും പണി പൂര്‍ത്തിയാക്കാത്തതിനാല്‍ പഴയ കൂരകളില്‍ത്തന്നെയാണ് പല ആദിവാസി കുടുംബങ്ങളും താമസിക്കുന്നത്. ഒരാള്‍ക്ക് കഷ്ടിച്ച് നിവര്‍ന്നു നില്‍ക്കാന്‍ സാധിക്കുന്ന ഉയരമേ കൂരകള്‍ക്കുള്ളു. ചിലത് പ്ലാസ്റ്റിക് ഷീറ്റാണ് മേഞ്ഞിരിക്കുന്നത്. മറ്റു ചിലത് പുല്ലു മേഞ്ഞിരിക്കുന്നു. കുന്നുകളില്‍ നിരപ്പായ സ്ഥലങ്ങളില്‍ കുട്ടികള്‍ ഓടിക്കളിക്കുന്നു. നിശബ്ദതയെ കീറിമുറിച്ച് അവരുടെ കൂക്കി വിളികള്‍ കുന്നുകളില്‍നിന്നു കുന്നുകളിലേക്കു പറക്കുന്നു.
അറിയപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രമായി നെല്ലാറച്ചാല മാറിയിട്ടില്ല. അതുകൊണ്ടുതന്നെ പരിസരമാകെ ശാന്തമാണ്. ടാർ റോഡ് അവസാനിക്കുന്നിടത്തു നിന്ന് അല്‍പദൂരം കൂടി മുന്നോട്ടു പോകാം. മണ്‍പാതയിലൂടെ നടന്നോ ബൈക്കിലോ മാത്രമേ പോകാന്‍ സാധിക്കൂ. ഈ വഴിക്കിരുവശത്തുമായാണ് ആദിവാസിക്കുടിലുകള്‍. മിക്ക വീടുകളുടെയും മുറ്റത്ത് പട്ടിയും പൂച്ചയും ആടും പശുവുമെല്ലാം കാണും. മൃഗങ്ങളെ വളര്‍ത്തുന്നത് ഇവരുടെ വരുമാന മാര്‍ഗം മാത്രമല്ല. പശുവും പട്ടിയും ആടുമെല്ലാം അവരുടെ ജീവിതത്തിന്റെ ഭാഗമാണ്. കുടിലിന്റെ വരാന്തയില്‍ ചാണകം മെഴുകിയ തറയില്‍ ആട്ടിന്‍ കുട്ടിയേയോ പട്ടിക്കുട്ടിയേയോ കെട്ടിപ്പിടിച്ച് കിടന്നുറങ്ങുന്ന ആള്‍ക്കാരെയും ഇവിടെ കണ്ടേക്കാം.
കുന്നുകള്‍ക്കിടയിലൂടെ ചുറ്റിത്തിരിഞ്ഞു കിടക്കുന്ന വെള്ളക്കെട്ടില്‍ കുഞ്ഞോളങ്ങളുണ്ടാക്കി പടിഞ്ഞാറുനിന്നു തണുത്ത കാറ്റ് കുന്നു കയറി വരുന്നു. മൊട്ടക്കുന്നില്‍ അങ്ങിങ്ങായി ഒറ്റയ്ക്കു നില്‍ക്കുന്ന ചെറിയ മരങ്ങളെ പിടിച്ചു കുടഞ്ഞ് എങ്ങോട്ടോ പോകുന്നു. കാക്കയും കൊറ്റിയും കുളക്കോഴിയും പാറി നടക്കുന്നു. പേരറിയാത്ത ഏതൊക്കെയോ കിളികള്‍ ആകാശത്തില്‍ വലിയ വായില്‍ കലപില ശബ്ദമുണ്ടാക്കി പറന്നു പോകുന്നു. ഇതിനിടയില്‍ ചില കിളികള്‍ താളാത്മകമായി ആരെയോ നീട്ടി വിളിക്കുകയോ പാട്ടുപാടുകയോ ചെയ്യുന്നു.
മണ്‍പാതയില്‍ കുറച്ചു ദൂരം ചെന്നാല്‍ പഴയ ടാർ റോഡ് കാണാം. നെല്ലാറച്ചാലയെയും വാഴവറ്റയെയും തമ്മില്‍ ബന്ധിപ്പിച്ചിരുന്ന റോഡായിരുന്നു ഇത്. ഡാം നിര്‍മാണം തുടങ്ങിയതോടെ ഈ വഴി ഇല്ലാതായി. റോഡ് നേരെ പോയി വെള്ളത്തിലേക്കു മുങ്ങാംകുഴിയിടുകയാണ്. വഴി അവസാനിക്കുന്ന ഒരു വശം ജലാശയമാണ്. തീരത്തോടു ചേര്‍ന്ന് ആമ്പലുകള്‍ പൂത്തു നില്‍ക്കുന്നു. കരയില്‍ വയലറ്റ് നിറമുള്ള കുഞ്ഞുപൂക്കളും ധാരാളം. റോഡിനു മറുവശത്ത് മണ്ണെടുത്തുപോയ കുന്നിന്റെ ബാക്കി. അവിടെയും ഇവിടെയുമെല്ലാം മണ്ണുമാന്തിയന്ത്രം മാന്തിയതിന്റെ ശേഷിപ്പുകളായി മണ്‍കൂനകള്‍. അവയ്ക്കിടയിലും ചെറിയ മരങ്ങളും പടര്‍ന്നു കിടക്കുന്ന ചെടികളും. ഈ കുന്നിന്‍ മുകളില്‍ കയറിയാല്‍ ജലാശയത്തിന് മറുകരെ ഒരുവശത്ത് കാരാപ്പുഴ ഡാമിന്റെ ഷട്ടര്‍. കാരാപ്പുഴ ഡാമിലെത്തുന്ന സന്ദര്‍ശകര്‍ക്ക് നടക്കാനായി നിര്‍മിച്ച പാത നേര്‍ത്തു നീണ്ടുകിടക്കുന്നു. സന്ധ്യ മയങ്ങുന്നതോടെ അവിടെ നിരനിരയായി ലൈറ്റുകള്‍ തെളിയും. പടിഞ്ഞാറ് കോട്ടപോലെ ഉയര്‍ന്നു നില്‍ക്കുന്ന മലനിരകള്‍. അതിനുമപ്പുറമാണ് സൂര്യന്‍ ചേക്കേറുന്നത്.
അടുത്ത പ്രദേശത്തുള്ള നാമമാത്രമായ ആളുകളാണ് സന്ധ്യക്ക് ഇവിടെ എത്താറ്. അതുകൊണ്ട് നെല്ലാറച്ചാല്‍ തിരക്കോ ആള്‍ക്കൂട്ടമോ ഇല്ലാത്ത ഒഴിഞ്ഞ, ശാന്തമായ ഇടമായി നിലനില്‍ക്കുന്നു. ജലാശയത്തിന്റെ തീരത്തെ പുല്‍ത്തകിടിയില്‍ ആമ്പല്‍പ്പൂവുകളുടെ ചാരെ ചെറിയ വയലറ്റ് പൂക്കളെ തഴുകിയിരുന്നാല്‍ നേരം പോകുന്നതറിയില്ല. സന്ധ്യയ്ക്ക് രാവും പകലും സൗന്ദര്യം തുല്യമായി വീതം വച്ചുനല്‍കിയിരിക്കുന്നു. അത്രമേല്‍ മനോഹരമായ സമയങ്ങള്‍ക്കെല്ലാം അല്‍പായുസ്സാണ്. അഥവാ ദീര്‍ഘായുസ്സായാല്‍ അതിന്റെ മനോഹാരിത നഷ്ടപ്പെട്ടു പോകും. അതിനാലാകാം അല്‍പായുസ് മാത്രമുള്ള സന്ധ്യക്ക് ഇത്രമേല്‍ സൗന്ദര്യം.
ഇരുട്ടു വീഴുന്നതിനു മുമ്പേ ഇവിടം വിടണമെന്ന് വരുന്ന വഴിയില്‍ കോളനിക്കാര്‍ എഴുതി വച്ചിരുന്ന ബോര്‍ഡ് കണ്ടു. അത്രമേല്‍ മനോഹരവും വിജനവുമായ ഈ സ്ഥലം മറ്റു പലതിനും ഉപയോഗിക്കപ്പെടുന്നതിനാലാകാം ഇങ്ങനെ ഒരു ബോര്‍ഡ്. ബോര്‍ഡിനു താഴെയായി കോളനിവാസികള്‍ മുളയും കമ്പും ഉപയോഗിച്ച് കെട്ടിയുണ്ടാക്കിയ വേലിയുണ്ട്. ഇരുട്ടാകുന്നതോടെ ഈ വേലി അടയ്ക്കും. അതിനു മുമ്പേ ഇവിടെനിന്നു മടങ്ങണം.
മേപ്പാടിയില്‍നിന്നു തിരിഞ്ഞുവേണം നെല്ലാറച്ചാലയിലേക്കു പോകാന്‍. ഈ റൂട്ടില്‍ വല്ലപ്പോഴും കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നുണ്ട്. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ വളരെ സാവധാനം മാത്രമേ സഞ്ചരിക്കാന്‍ സാധിക്കൂ. മേപ്പാടിയില്‍നിന്ന് ഏകദേശം എട്ട് കിലോമീറ്ററുണ്ടാകും നെല്ലാറച്ചാലയിലേക്ക്. തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ വളഞ്ഞും പുളഞ്ഞും പോകുന്ന വഴി.
സന്ധ്യയുടെ എഴുന്നള്ളത്ത് എന്നും ആഘോഷിക്കുന്ന ഇടമാണ് നെല്ലാറച്ചാല്‍. ചുവന്ന നിറത്തില്‍ പൂത്തുലഞ്ഞ ആകാശത്തെ തൊട്ടുരുമ്മി നില്‍ക്കുന്ന മലനിരകള്‍ അങ്ങു പടിഞ്ഞാറ്. കുന്നുകളെ ചുറ്റി വളഞ്ഞു പുളഞ്ഞു കിടക്കുന്ന ജലശായത്തിലെ കുഞ്ഞോളങ്ങള്‍ക്ക് നക്ഷത്രത്തിളക്കമേകുന്ന സ്വര്‍ണനൂലുകള്‍. ആമ്പല്‍പ്പൂക്കളുടെ മണവും പേറി വരുന്ന കാറ്റ്. അകലെനിന്ന് ഉയര്‍ന്നു കേള്‍ക്കുന്ന ഇമ്പമുള്ള കുറേ നേര്‍ത്ത ശബ്ദങ്ങള്‍. അല്‍പനേരത്തേക്കു മാത്രമുള്ള ഈ സംഗമങ്ങള്‍ പതിയെ ഇരുട്ടില്‍ അലിഞ്ഞു ചേരും. എവിടെ നിന്നെന്നറിയാതെ വന്നെത്തുന്ന രാവിന്റെ കരിമ്പടം അവിടെയാകെ മൂടും. വര്‍ണരാജികളും ഇളം കാറ്റും കളകൂജനങ്ങളും എവിടേക്കോ പോയി മറയും. പതിയെ നിശബ്ദതയും ഇരുട്ടും മാത്രം ശേഷിക്കും.