ADVERTISEMENT

യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന ആളാണ്‌ രഞ്ജിനി ഹരിദാസ്‌. ഇക്കുറി കബനിയിലേക്കുള്ള ഒരു അടിപൊളി യാത്രയായിരുന്നു രഞ്ജിനി നടത്തിയത്. ഇതിന്‍റെ വ്ലോഗും തന്‍റെ യുട്യൂബ് ചാനലിലൂടെ രഞ്ജിനി പങ്കുവച്ചിട്ടുണ്ട്.

കബനിയിലെ റെഡ് എര്‍ത്ത് റിസോര്‍ട്ടിലായിരുന്നു യാത്രക്കിടെ രഞ്ജിനി താമസിച്ചത്. ഇവിടെ നിന്നുള്ള മനോഹരമായ കാഴ്ചകളും വിഡിയോയില്‍ കാണാം. നീല നിറത്തിലുള്ള ജലം നിറച്ച സ്വിമ്മിംഗ് പൂളും ഹരിതാഭ നിറഞ്ഞു നില്‍ക്കുന്ന മരങ്ങളും പൂച്ചെടികളും പ്രകൃതിയോടിണങ്ങിയ വാസ്തുവിദ്യയും മനോഹരമായി അലങ്കരിച്ച അകത്തളങ്ങളുമെല്ലാം വീഡിയോയിലുണ്ട്. കൂടാതെ താമസക്കാര്‍ക്കായി രാത്രി നടത്തുന്ന സ്പെഷല്‍ വിനോദപരിപാടികളുടെ ദൃശ്യങ്ങളുമുണ്ട്.

കബനി പ്രദേശത്തുള്ള തൊഴിലാളി സ്ത്രീകളുടെ കൂടെ സമയം ചിലവഴിക്കാനും രഞ്ജിനി മറന്നില്ല. അവരോട് വിശേഷങ്ങള്‍ ചോദിച്ചും പങ്കിട്ടും ഒപ്പം ഭക്ഷണം കഴിച്ചും പാടിയും ആടിയുമെല്ലാം തകര്‍ക്കുന്ന രഞ്ജിനിയെയും കാണാം. 

കബനിയിലൂടെ നടത്തിയ രസകരമായ ജംഗിള്‍ സഫാരിയുടെ വിഡിയോയുമുണ്ട്. വനം വകുപ്പിന്‍റെ ബസിലായിരുന്നു രഞ്ജിനിയുടെ സഫാരി. യാത്രക്കിടെ കടുവയെയും വെള്ളം കുടിക്കാനെത്തിയ ആനക്കൂട്ടങ്ങളെയുമെല്ലാം കണ്ട അനുഭവവും രഞ്ജിനി പങ്കുവച്ചിട്ടുണ്ട്.

കബനിയിലെ ജംഗിള്‍ സഫാരിയും ബോട്ട് സഫാരിയും

കേരളത്തില്‍ നിന്നുള്ള സഞ്ചാരികൾക്ക് എളുപ്പം എത്തിച്ചേരാവുന്ന വന്യജീവി സങ്കേതമാണ് കബനി വന്യജീവി സങ്കേതം. സെപതംബർ മുതൽ മെയ് അവസാനം വരെയുള്ള മാസങ്ങൾ കബിനി വന്യജീവി സംരക്ഷണ കേന്ദ്രം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമാണ്. ഈ സീസണിൽ ഇവിടെ അസംഖ്യം വന്യജീവികളെയും പക്ഷികളെയും സമൃദ്ധമായ പച്ചപ്പുമെല്ലാം കാണാം. 

കബിനി നദിയിൽ കർണാടക വനം വകുപ്പ് രണ്ട് തരം സഫാരികൾ നടത്തുന്നു- ഒന്ന് കാട്ടിനുള്ളിലൂടെയുള്ള ജംഗിള്‍ സഫാരി, മറ്റൊന്ന് കബിനി നദിയിലെ ബോട്ട് സഫാരി. ബോട്ട് സഫാരി 90 മിനിറ്റോളം നീണ്ടുനിൽക്കുന്നതാണ്. ദിവസത്തിൽ രണ്ടുതവണയാണ് കബിനി നദിയിലെ ബോട്ട് സഫാരിയുള്ളത്. രാവിലെ 6.30 മുതൽ 9.15 വരെയും വൈകുന്നേരം 3.30 മുതൽ 6.15 വരെയുമാണിത്. 

ജംഗിൾ ലോഡ്ജ്  റിസോർട്ടുകൾ നടത്തുന്ന കബനി റിവർ ലോഡ്ജിലെ റൂം വാടകയില്‍ ഒരു ബോട്ട് സഫാരിയുടെ ചാര്‍ജ് ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റുള്ള അതിഥികൾ ഇതിനായുള്ള പ്രത്യേക ചാർജ് നൽകേണ്ടതാണ്. ഓരോ സഫാരിയിലും സ്ലോട്ടുകൾ പരിമിതപ്പെടുത്തുന്നതിനാല്‍ മുൻകൂർ ബുക്കിങ് ചെയ്യേണ്ടത് അത്യാവശ്യമാണ്. വേനൽക്കാലത്ത് ജലനിരപ്പ് വളരെ കുറവായിരിക്കുമ്പോഴും മഴക്കാലത്ത് നദി കരകവിഞ്ഞൊഴുകുമ്പോഴും ബോട്ട് സഫാരി നിർത്തിവയ്ക്കാറുണ്ട്.

കാട്ടിനുള്ളിലൂടെ, ചങ്ങാതിമാരുമായോ കുടുംബാംഗങ്ങളുമായോ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചെലവു കുറഞ്ഞ മിനി ബസ് സഫാരി തിരഞ്ഞെടുക്കാം. വനത്തിനുള്ളിലൂടെ ഒന്നര മണിക്കൂർ യാത്രക്ക് 300 രൂപയാണ് ഒരാൾക്ക് ഫീസ്. വനം വകുപ്പിന്‍റെ ഒരു പ്രത്യേക ബസ്സാണ് ജംഗിള്‍ സഫാരിക്ക് ഒരുക്കിയിട്ടുള്ളത്. രാവിലെ 6 മുതൽ 9 വരേയും വൈകീട്ട് 3 മുതൽ 6 വരെയുമാണ് സഫാരി സമയം. രാവിലത്തെ സഫാരിക്ക് തലേ ദിവസം 4 മണിക്കും വൈകുന്നേരത്തെ സഫാരിക്ക് രാവിലെ 10 മണിക്കുമാണ് ടിക്കറ്റുകൾ കൊടുത്തു തുടങ്ങുന്നത്. 26 സീറ്റാണ് ഓരോ സഫാരിക്കും ഉള്ളത്. ഒരാൾക്ക് ഒരു ടിക്കറ്റാണ് ലഭിക്കുക. ടിക്കറ്റ് എടുക്കുമ്പോള്‍ ഐഡി കാര്‍ഡ് കാണിക്കണം.

സഫാരിക്കായി കാടിനെ രണ്ട് സോണുകളാക്കി തിരിച്ചിട്ടുണ്ട്. എ സോണും ബി സോണും. എ സോണിൽ ചില വാട്ടർഹോളുകളും പ്രസിദ്ധമായ ടൈഗർ ടാങ്കും കാട്ടിലെ കാഴ്ചകളും കാണാം. വേനൽക്കാലങ്ങളിൽ വെള്ളം കുടിക്കാൻ വരുന്ന മൃഗങ്ങളെ ഇവിടെ ധാരാളം കാണാം. കബനി നദിയുടെ തീരം ഉൾപ്പെട്ട ബി സോണില്‍ ആനകളും കാട്ടു പോത്തുകളും മേഞ്ഞ് നടക്കുന്നത് കാണാം. ഒരു സഫാരിയിൽ ഏതെങ്കിലും ഒരു സോണില്‍ മാത്രമേ പോകാനാകൂ. 

പശ്ചിമഘട്ടത്തിന്‍റെ ഭാഗമാണ് ഈ വനപ്രദേശം. കേരളത്തിലെ തോൽപ്പെട്ടി, കർണാടകയിലെ ബന്ദിപ്പൂർ, തമിഴ്നാട്ടിലെ മുതുമലെ എന്നീ റിസർവുകളോട് ചേർന്ന് കിടക്കുന്ന പ്രദേശം കൂടിയാണ് ഇത്. 

കബനിക്ക് ശേഷം വയനാട്ടിലേക്ക് 

കുറച്ചു നാളുകളായി യാത്രയിലായിരുന്നു രഞ്ജിനി. കണ്ണൂരില്‍ നിന്നും കൂര്‍ഗ്, കബനി എന്നിവിടങ്ങളിലെ റോഡ്‌ ട്രിപ്പിനു ശേഷം വയനാട്ടിലേക്കായിരുന്നു രഞ്ജിനി പോയത്. ഇവിടെ താമസിച്ച ഗ്രാസ്റൂട്ട് റിസോര്‍ട്ടില്‍ നിന്നുള്ള വീഡിയോയും രഞ്ജിനി പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. കല്‍പ്പറ്റയിലാണ് ഈ റിസോര്‍ട്ട് ഉള്ളത്. കൂട്ടുകാര്‍ക്കൊപ്പമായിരുന്നു രഞ്ജിനിയുടെ വയനാട് യാത്ര. ഗ്ലാമറസ് ക്യാമ്പിംഗ് അനുഭവമാണ് സഞ്ചാരികളെ കാത്തിരിക്കുന്ന പ്രധാന ആകര്‍ഷണം.

English Summary: Celebrity Travel Ranjini Haridas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com