ADVERTISEMENT

കലയോടുള്ള അടങ്ങാത്ത ഇഷ്ടം കൊണ്ട് ശാരീരിക പരിമിതികളെ മറികടന്ന കഥയാണ് ബിന്ദു സാബുവിന്റേത്.  കഴിഞ്ഞ 21 വർഷമായി റിയാദിലെ കലാവേദികളിൽ നിറസാന്നിധ്യമായ നാട്യ പ്രതിഭയാണ് ബിന്ദു സാബു.  നാട്യരംഗത്ത് തിളങ്ങി നിൽക്കുമ്പോഴാണ് ഒരു അപശകുനം പോലെ സെറിബ്രൽ ഇൻഫാർക്ഷൻ എന്ന അസുഖബാധിതയായി ബിന്ദു കിടപ്പിലാകുന്നത്. തുടർന്ന് ഒരു കയ്യും ഒരു കാലും തളർന്നുപോയ ബിന്ദു ഇനിയൊരിക്കലും എഴുന്നേറ്റു നടക്കില്ല എന്ന് വിധിയെഴുതിയിടത്തു നിന്നാണ് കുടുംബത്തിന്റെ പിന്തുണകൊണ്ടും സ്വന്തം നിശ്ചയദാർഢ്യം കൊണ്ടും അധ്യാപിക എന്ന തന്റെ ജോലിയിലേക്കും ജീവനേക്കാളുപരി സ്നേഹിക്കുന്ന നൃത്തം എന്ന കലയിലേക്കും തിരിച്ചുവന്നത്.

binndu2

സെന്റ് തെരേസാസ് കോളേജിൽ നിന്നും ഡിഗ്രിയും വിമല കോളേജിൽ നിന്ന് പോസ്റ്റ് ഗ്രാജുവേഷനും പിന്നീട് ബിഎഡും പൂർത്തിയാക്കിയ ബിന്ദു കോളേജിൽ പഠിക്കുമ്പോൾ തന്നെ ശാസ്ത്രീയമായി നൃത്തം അഭ്യസിക്കുകയും നൃത്ത മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.  നൃത്തത്തിനോടുള്ള അടങ്ങാത്ത ആഗ്രഹം കൊണ്ട് കലാമണ്ഡലം  ക്ഷേമവതിയുടെ സ്കൂളിൽ നിന്ന് മോഹിനിയാട്ടം അഭ്യസിച്ച ശേഷം വിവാഹിതയായി ഭർത്താവിനോടൊപ്പം റിയാദിൽ താമസമാക്കി.  റിയാദിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ സോഷ്യൽ സ്റ്റഡീസ് അധ്യാപികയായിരിക്കുമ്പോൾ തന്നെ നർത്തകിയായി മലയാളി അസോസിയേഷനുകളിൽ ബിന്ദു സജീവ പങ്കാളിത്തമായിരുന്നു.  2000 മുതൽ നൃത്തസംഘങ്ങൾക്കുവേണ്ടി ബിന്ദു കൊറിയോഗ്രാഫി ചെയ്യുന്നുണ്ട്.  2007-ൽ ക്ലാസ് മുറിയിൽ ഇരിക്കുമ്പോൾ കഴുത്തിന് ചെറിയ വേദനയായി വന്ന രോഗം തന്റെ ജീവിതത്തെയാകെ മാറ്റി മറിക്കാൻ ശേഷിയുള്ളതാണെന്നു ബിന്ദു തിരിച്ചറിഞ്ഞിരുന്നില്ല.  വീടെത്തിയതിനു ശേഷം കുഴഞ്ഞു വീണ ബിന്ദുവിനെ ഭർത്താവു സാബു ആശുപത്രിയിലാക്കിയെങ്കിലും രോഗമെന്തെന്നു തിരിച്ചറിയാൻ വൈകുകയായിരുന്നു.  തുടർന്ന് എറണാകുളത്ത് ലേക്‌ഷോർ ആശുപത്രിയിൽ എത്തിയതിനു ശേഷമാണ് സംഭവിച്ചത് സ്ട്രോക്ക് ആയിരുന്നുവെന്നും അപ്പോൾ തന്നെ വിദഗ്ദ്ധ ചികിത്സ ലഭിച്ചിരുന്നെങ്കിൽ വലിയ അപകടത്തിൽ നിന്നും രക്ഷപെടാൻ കഴിയുമായിരുന്നെന്നും മനസ്സിലായത്.  വർഷങ്ങളുടെ ചികിത്സക്കൊടുവിൽ ഒരു കൈക്കും കാലിനും ശേഷി നഷ്ടപ്പെട്ട് ബിന്ദു അംഗപരിമിതയായി ജീവിതത്തിലേക്ക് തിരിച്ചു വന്നു.  നൃത്തമെന്ന സ്വപ്നം എന്നന്നേക്കുമായി ഉപേക്ഷിക്കേണ്ടി വരുമെന്ന ദുഃഖം ആ കലാകാരിയെ തളർത്തി. 

bindu2

ചികിത്സ കഴിഞ്ഞു റിയാദിൽ തിരിച്ചെത്തിയ ബിന്ദുവിന് വലിയ വരവേൽപ്പാടാണ് സ്കൂളിൽ ലഭിച്ചത്.  അധ്യാപനത്തിലും നിന്നും വഴിമാറി സ്കൂൾ അഡ്മിനിസ്ട്രേഷനിലും പിന്നീട് ലൈബ്രറിയനായും സേവനം അനുഷ്ടിച്ചു തുടങ്ങി.  ഒരു രോഗിയായി ജീവിതത്തിൽ നിന്നും ഒളിച്ചോടാൻ  ബിന്ദു തയ്യാറായില്ല.  തന്നെ തോൽപിച്ച വിധിയെ തിരിച്ചു തോൽപ്പിക്കാൻ ബിന്ദു ഉറപ്പിച്ചു.  ജീവിതത്തെ വാശിയോടെ സമീപിച്ചു തുടങ്ങി.  ചെറിയ കുട്ടികൾക്ക് നൃത്ത പാഠങ്ങൾ പറഞ്ഞുകൊടുത്തായിരുന്നു കലയുടെ ലോകത്തേക്ക് ബിന്ദു വീണ്ടും പിച്ചവച്ചത്.  സ്വാധീനമുള്ള വലതുകാലും കയ്യും ചലിപ്പിച്ച് കുട്ടികൾക്ക് നൃത്തം പകർന്നുകൊടുക്കുന്ന ബിന്ദു ഏവർക്കും വിസ്മയമായി.  പാചകത്തിലും വീട്ടിലെ മറ്റു കാര്യങ്ങളിലും ബിന്ദു ശ്രദ്ധ ചെലുത്തി.  ഒരു പകുതി തളർന്നിട്ടും തളക്കാൻ കഴിയാത്ത മനഃശ്ശക്തികൊണ്ടു ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ബിന്ദു ഉയർത്തെഴുന്നേൽക്കുകയായിരുന്നു.  ശാരീരിക ഭിന്നത അവഗണിച്ചുകൊണ്ടുതന്നെ, അതുമായി പൊരുത്തപെട്ടുകൊണ്ട് നൃത്തത്തിൽ താല്പര്യമുള്ള  കുട്ടികൾക്കു വേണ്ടി കൊറിയോഗ്രാഫീ  ഉൾപ്പെടെയുള്ള സൗജന്യ സേവനങ്ങൾ നൽകി  കുട്ടികളുടെ സ്റ്റേജ് പെർഫോമൻസ്സിനു അവർക്കൊപ്പം എല്ലാ വേദികളും ബിന്ദു എത്തി തുടങ്ങി.  തന്റെ കലയെ എന്നന്നേക്കുമായി ഇല്ലാതാക്കിയേക്കും എന്ന അവസ്ഥയിൽ നിന്നാണ് ആത്മവിശ്വാസം കൈവിടാതെ ദിവസേനയുള്ള യോഗാഭ്യാസം കൊണ്ടും നൃത്ത പരിശീലനം കൊണ്ടും ഊർജ്ജമുൾക്കൊണ്ടു ജീവിതത്തിലേക്ക് തിരിച്ചുവരാൻ കഴിഞ്ഞത് എന്ന് ബിന്ദു പറയുന്നു.

നൂറിൽപരം കുട്ടികളെ നൃത്തം അഭ്യസിപ്പിക്കുകയും അവരെ പല കലാപരിപാടികളിൽ എത്തിക്കുകയും ചെയ്ത ബിന്ദുവിന് ഏറ്റവും നല്ല കൊറിയോഗ്രാഫർക്കുള്ള അവാർഡ് ലഭിച്ചു.  2016 ലെ വോക്‌സ് സൂപ്പർ വുമൺ എക്സലൻസ്  എന്ന അവാർഡും മറ്റു പല പുരസ്കാരങ്ങളും ബിന്ദുവിനെ തേടിയെത്തി.  കുടുംബത്തിന്റെ പിന്തുണ കൂടിയാണ് തന്റെ വിജയരഹസ്യം എന്ന് പറയുന്ന ബിന്ദുവിന് എല്ലാ പ്രോത്സാഹങ്ങളുമായി സിവിൽ എൻജിനീയറായ ഭർത്താവ് സാബു പുത്തൻ പുരക്കലും മക്കൾ നിഖിലും നവ്യയും തുണയായുണ്ട്.  പാചകം വളരെ ഇഷ്ടമുള്ള ബിന്ദുവിനിപ്പോൾ നവ്യാസ് രുചിക്കൂട്ട് എന്ന കുക്കറി ചാനലും സ്വന്തമായുണ്ട്.  എന്തൊക്കെ തടസ്സമുണ്ടായാലും നിശ്ചയദാർഢ്യവും ആത്മവിശ്വാസവും കൊണ്ട് ഏതു പ്രതിസന്ധിയെയും മറികടക്കാം എന്ന് ഈ കലാകാരിയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com