ഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ചു, ആക്രമിച്ചു; ഊബർ ഡ്രൈവർക്കെതിരെ ആരോപണവുമായി യുവതി
Mail This Article
ഊബർ ടാക്സിയിൽ സഞ്ചരിക്കവേ ഡ്രൈവർ തന്നെ ഉപദ്രവിച്ചെന്നു യുവതിയുടെ ആരോപണം. ജയ്പൂരിൽ നിന്നുള്ള ഇൻസ്റ്റഗ്രാം കണ്ടന്റ് ക്രിയേറ്ററായ മനാലി ഗുപ്തയാണ് തനിക്കെതിയുണ്ടായ ദുരനുഭവം സോഷ്യൽമീഡിയയില്‍ പങ്കു വച്ചത്.
'സ്കൂളിൽ നിന്നു കുഞ്ഞിനെ വിളിക്കാൻ ഞാൻ ഊബർ ടാക്സിയിലാണ് പോയത്. ഫോണിൽ സംസാരിക്കുകയായിരുന്ന എന്റെ കയ്യിൽനിന്ന് ഡ്രൈവർ ഫോൺ പിടിച്ചു വാങ്ങാൻ ശ്രമിച്ചു, ഞാൻ ബഹളം വച്ചപ്പോൾ എന്നെ ഉപദ്രവിച്ചു. മറു വശത്തേക്ക് നീങ്ങിയിരുന്നിട്ട് വണ്ടി നിർത്താൻ പറഞ്ഞിട്ടും അയാൾ നിർത്തിയില്ല. ഒടുവിൽ എന്നെ ഇറക്കിയതിനു ശേഷം അയാൾ സ്പീഡിൽ കാറ്‍ ഓടിച്ചു പോയി.' ഊബറിൽ പരാതിപ്പെട്ടിട്ടും മറുപടി ഉണ്ടായില്ലെന്നും ഡ്രൈവർക്കെതിരെ പൊലീസിൽ പരാതി കൊടുക്കുമെന്നും യുവതി പറഞ്ഞു. 'ഞാൻ വല്ലാതെ ഭയന്നു പോയി. എന്റെ മകൾ ഒപ്പമുണ്ടായിരുന്നെങ്കിലോ?' – വിഡിയോയിൽ നിറകണ്ണുകളോടെ യുവതി ചോദിക്കുന്നു. വിഡിയോയുടെ കമന്റ് സെക്‌ഷനിൽ ഡ്രൈവറുടെ പേരും വണ്ടിയുടെ നമ്പരും യുവതി വെളിപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ യുവതി കള്ളം പറയുകയാണെന്നും പ്രശസ്തിക്കു വേണ്ടി ഓരോന്നു വിളിച്ചു പറയുകയാണെന്നും ആക്ഷേപമുണ്ട്. എന്നാൽ ലൈക്കിനും ഫോളോവേഴ്സിനും വേണ്ടി ആരെങ്കിലും ഇങ്ങനെ ചെയ്യുമോ എന്നും രണ്ട് കുട്ടികളുടെ അമ്മയാണ് ഞാനെന്നും യുവതി പറഞ്ഞു. പ്രശ്നങ്ങള്‍ക്കെതിരെ ശബ്ദമുയർത്തേണ്ടതു തന്നെയാണെന്നും യുവതി കമന്റുകൾക്ക് മറുപടിയായി പറഞ്ഞു. അമ്മയായതിനു ശേഷമുള്ള വിശേഷങ്ങളും പേരന്റിങ് ടിപ്സും പങ്കുവക്കുന്ന പേജാണ് മനാലി ഗുപ്തയ്ക്ക് ഇൻസ്റ്റഗ്രാമിലുള്ളത്.
ഇതുപോലെ ഒരനുഭവം തനിക്കും ഉണ്ടായിട്ടുണ്ടെന്നും ഊബർ ഡ്രൈവർ റിയർ വ്യൂ മിററിലൂടെ തന്നെ നോക്കുന്നുണ്ടായിരുന്നെന്നും നിങ്ങൾക്കു നല്ല മണമുണ്ടെന്നു അശ്ലീലച്ചുവയോടെ പറഞ്ഞുവെന്നും ഒരു പെണ്‍കുട്ടി വിഡിയോയ്ക്കു താഴെ കമന്റ് ചെയ്തു. പ്രതികരിച്ചപ്പോൾ അയാൾ ക്ഷമ ചോദിച്ചെങ്കിലും പുറത്തിറങ്ങിയപ്പോൾ തന്റെ ഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ചു. ദേഷ്യപ്പെട്ടപ്പോൾ അയാളോടു ഞാൻ അപമര്യാദയായി പെരുമാറിയെന്നു പരാതിപ്പെട്ടുവെന്നും എന്റെ സുരക്ഷയെപ്പറ്റി ആരോടാണ് പറയേണ്ടതെന്നും യുവതി ചോദിച്ചു. പല പെൺകുട്ടികളും തങ്ങൾക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുള്ളതായി പറയുന്നു.
ഊബർ അധികൃതർ യുവതിയോടു ക്ഷമാപണം നടത്തിയെന്നും ഡ്രൈവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് അറിയിച്ചതായും വാർത്തകൾ പുറത്തുവന്നിരുന്നു.