നദിയെ മലിനമാക്കുന്ന അനാചാരം; പമ്പയിൽ വസ്ത്രം ഉപേക്ഷിക്കുന്നത് കൂടുന്നു
Mail This Article
അനാചാരം ആണെങ്കിലും പമ്പാനദിയിൽ വസ്ത്രം ഉപേക്ഷിക്കുന്നത് കൂടിവരുന്നു. ആന്ധ്രയിൽ നിന്നുള്ള തീർഥാടകരാണ് ദർശനം കഴിഞ്ഞു മടങ്ങുമ്പോൾ ധരിച്ച വസ്ത്രം നദിയിൽ ഉപേക്ഷിക്കുന്നത്. ശബരിമലയിൽ അങ്ങനെ ആചാരമില്ല. ഇവർ പമ്പാ സ്നാനത്തിനായി ഇറങ്ങിയ ശേഷം ആരും അറിയാതെ തുണി വെള്ളത്തിൽ ഒഴുക്കി വിടുകയാണ്. നദിയിൽ തുണി ഉപേക്ഷിക്കരുതെന്നു ബോധവൽക്കരണം നടത്തുന്നുണ്ട്. ഇതൊന്നും ഇവർ കാര്യമാക്കുന്നില്ല. നദിയിൽ വസ്ത്രം ഉപേക്ഷിക്കരുതെന്നു കാണിച്ച് പലഭാഷയിൽ ബോർഡും സ്ഥാപിച്ചിട്ടുണ്ട്. എന്നാലും വർധിക്കുന്നു. ഈ അനാചാരം പമ്പാനദിയെ മലിനമാക്കുന്നു.
ഉപേക്ഷിച്ച തുണികൾ നദിയിൽ നിന്നു വാരി കരയിൽ കൂട്ടിയിട്ടിട്ടുണ്ട്. കുളിക്കടവിലെ പടിക്കെട്ടിലാണ് ഇവ വാരിക്കൂട്ടി ഇട്ടിരിക്കുന്നത്. അതിനാൽ കുളിക്കടവ് വൃത്തിഹീനമാണ്. ചില ഭാഗത്തേക്ക് ഇറങ്ങാൻ അറയ്ക്കും. തീർഥാടകർ നദിയിൽ ഉപേക്ഷിക്കുന്ന വസ്ത്രങ്ങൾ ശേഖരിക്കാൻ ദേവസ്വം ബോർഡ് കരാർ നൽകിയിട്ടുണ്ട്. ഇത് ഉണക്കി വാഹനത്തിൽ കയറ്റി തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്നു. ഇവയിൽ നല്ലത് പശ മുക്കി തേച്ചു വീണ്ടും വിൽപനയ്ക്ക് എത്തുന്നു.