മരണത്തിന്റെ ദേവന് മമ്മിയുടെ രൂപത്തില്‍; ഇസ്രയേല്‍ മ്യൂസിയം കാത്തുസൂക്ഷിച്ച നിഗൂഢത പുറത്ത്...

Mail This Article
ഒരിക്കലും തീരാത്ത കൗതുകങ്ങളുടെയും രഹസ്യങ്ങളുടെയും നിഗൂഢതകളുടെയും കേന്ദ്രമാണ് ഈജിപ്ത്. അത്രയേറെ രഹസ്യങ്ങളാണ് അവിടെയുള്ള ഓരോ പിരമിഡും കാത്തുവച്ചിരിക്കുന്നത്. നൂറുകണക്കിന് വര്‍ഷങ്ങള്‍ക്കിപ്പുറവും ഓരോ ദിവസവും പുതിയ രഹസ്യങ്ങള്‍ വന്നുകൊണ്ടേയിരിക്കുകയാണ്. ഇത്തവണ പക്ഷേ അത്തരമൊരു കഥ ഈജിപ്തില്‍നിന്നല്ല, മറിച്ച് ഇസ്രയേലില്‍നിന്നാണ്. ഈജിപ്തില്‍നിന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇസ്രയേലിലെത്തിച്ച മമ്മികളിലൊന്നിനെ പരിശോധിച്ച ഗവേഷകരാണ് ആ വിവരം പുറത്തുവിട്ടത്.
ഇസ്രയേലിലെ നാഷനല്‍ മാരിടൈം മ്യൂസിയത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്നു ആ ‘കുട്ടി’ മമ്മി. എന്നാല്‍ വലുപ്പത്തില്‍ ഒരു കുട്ടിയാണെന്നൊക്കെ തോന്നുമെങ്കിലും പ്രസ്തുത മമ്മി മനുഷ്യനേ അല്ലായിരുന്നുവെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. മറിച്ച്, മണലും ചെളിയും ബാര്‍ലിപ്പൊടിയും കുഴച്ച് ഒരു മനുഷ്യന്റെ രൂപമുണ്ടാക്കുകയും അതിനെ ലിനന്‍ തുണികൊണ്ടു മൂടുകയും ചെയ്യുകയായിരുന്നു. എന്താണ് ഇത്തരമൊരു മമ്മിയുടെ നിര്‍മാണത്തിനു പിന്നില്‍? മരണത്തിന്റെ ദേവനായ ഒസിരിസിനെ പ്രതീകാത്മകമായി നിര്‍മിക്കുന്നതാണത്രേ ഇത്. ധാന്യത്തില്‍നിന്ന് നിര്‍മിക്കുന്നതിനാല്‍ ഇവയ്ക്ക് കോണ്‍ മമ്മി എന്നും ഗ്രെയ്ന്‍ മമ്മി എന്നും പേരുണ്ട്.

ആര്‍ക്കിയോളജിസ്റ്റുകള്‍ ഇത്രയും കാലം കരുതിയിരുന്നത് ആ മമ്മിയുടെ ശരീരത്തില്‍ ഹൃദയം സ്റ്റഫ് ചെയ്തു വച്ചിരുന്നുവെന്നാണ്. പക്ഷേ ഗവേഷകര്‍ നടത്തിയ അത്യന്താധുനിക സിടി സ്‌കാനിങ്ങിലാണ് ഈ മമ്മി മനുഷ്യന്‍ പോലുമല്ലെന്നു കണ്ടെത്തിയത്. മറ്റൊരു മമ്മിയിലും സമാനമായ നിരീക്ഷണം നടത്തി, അതൊരു ഫാല്‍ക്കന്‍ പക്ഷിയുടേതാണെന്നു കണ്ടെത്തുകയും ചെയ്തു. ഏകദേശം 2000-3000 വര്‍ഷം പഴക്കമുള്ളതാണ് രണ്ടു മമ്മികളും. പക്ഷേ ഇവ എവിടെനിന്നു വന്നതാണെന്നതിന്റെ രേഖകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. പുരാതന ഈജിപ്തില്‍ പാതാളത്തിന്റെയും മരണത്തിന്റെയും ദൈവമായിരുന്നു ഒസിരിസ്. അദ്ദേഹത്തിന്റെ ദേഹമായിട്ടാണ് ബാര്‍ലിയിലും മണ്ണിലും തീര്‍ത്ത മമ്മികളെ സൃഷ്ടിച്ചിരുന്നത്.
മരണാനന്തര ജീവിതത്തിനു മനുഷ്യനെ സഹായിക്കുന്നതും ഒസിരിസാണെന്നാണു കരുതപ്പെടുന്നത്. അദ്ദേഹത്തിന്റെ മമ്മി ധാന്യത്തില്‍ നിര്‍മിക്കുന്നതിനു പിന്നിലുമുണ്ട് ഒരു കഥ. ധാന്യം മുളച്ചാണല്ലോ പുതിയ ചെടികള്‍ രൂപപ്പെടുന്നത്. അതുപോലെ മരിച്ച മനുഷ്യനില്‍നിന്നു മുളപൊട്ടി പുതിയ മനുഷ്യന്‍ രൂപപ്പെടുന്നതിന് ഒസിരിസ് സഹായിക്കുമെന്നായിരുന്നു പുരാതന ഈജിപ്തുകാരുടെ വിശ്വാസം. മരണാനന്തര ജീവിതത്തിലേക്കുള്ള യാത്രയില്‍ സഹായിയായിട്ടാണ് പക്ഷികളെയും മുതല പോലുള്ള മറ്റു മൃഗങ്ങളെയും മമ്മികളാക്കി കല്ലറയില്‍ സൂക്ഷിച്ചിരുന്നത്. മത്സ്യങ്ങള്‍, പൂച്ചകള്‍ തുടങ്ങിയവയെയും മമ്മികളാക്കി കല്ലറകളില്‍ സൂക്ഷിച്ചിരുന്നു. പക്ഷികളെ ശവകുടീരങ്ങളുടെ സംരക്ഷകരായും കരുതിയിരുന്നു.
ഒരുപക്ഷേ ഏതെങ്കിലും ഫറവോമാരുടെ കല്ലറയില്‍ സൂക്ഷിച്ചതാകാം ഇവയെന്നും കരുതുന്നുണ്ട്. മെഴുകില്‍ പൊതിഞ്ഞ ഒസിരിസ് ദേവന്റെ മുഖംമൂടിയും ഇതോടൊപ്പമുണ്ടായിരുന്നു. ഇതെല്ലാം രാജകീയ ചടങ്ങുകളിലേക്കായിരുന്നു വെളിച്ചം വീശിയത്. സാധാരണ സിടി സ്‌കാനില്‍നിന്നു മാറി ഡ്യുവല്‍ എനര്‍ജി സിടി സ്‌കാന്‍ എന്ന സാങ്കേതികതയിലൂടെയായിരുന്നു രണ്ടു മമ്മികളുടെയും രഹസ്യം ഗവേഷകര്‍ കണ്ടെത്തിയത്. മമ്മികളുടെ ശരീരത്തിലെ അറ്റോമിക സംഖ്യ കണക്കാക്കിയായിരുന്നു ഇവയുടെ പരിശോധന. അതുവഴി മമ്മി മനുഷ്യനാണോ മറ്റെന്തെങ്കിലുമാണോയെന്ന് എളുപ്പം മനസ്സിലാക്കുകയും ചെയ്യാം. അടുത്തതായി ഇവയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇസ്രയേലി ഗവേഷകര്‍.
English Summary : 3000 year old child like mummy thought contain human remains revealed packed grain