പ്രണയത്തിൽ പോസിറ്റിവ് വൈബ്സ് നിറയ്ക്കണോ? ശ്രദ്ധിക്കാം ചില കാര്യങ്ങൾ

Mail This Article
നമ്മൾ ചിന്തിക്കുന്നതുപോലെ ചിന്തിക്കുന്ന, അല്ലെങ്കിൽ പെരുമാറുന്ന ഒരേ വൈബുള്ള ആളുകളെയാണ് മിക്കവരും സൗഹൃദങ്ങളിലും പ്രണയത്തിലും തിരയാറുള്ളത്. പക്ഷേ പ്രായോഗിക ജീവിതത്തിൽ അതത്രയെളുപ്പമാകാറില്ല. പക്ഷേ സ്വഭാവങ്ങളിലെ വൈരുധ്യങ്ങളൊന്നും ബന്ധങ്ങളിൽ ഉലച്ചിൽ വരുത്താത്ത തരത്തിൽ പ്രണയത്തിൽ പോസിറ്റിവ് വൈബ്സ് നിറയ്ക്കാൻ ചില മാർഗങ്ങളുണ്ട്.
ആഘോഷത്തോടെ അംഗീകരിക്കാം
ലോകത്തിലെ എല്ലാവരും ഒരുപോലെ ചിന്തിക്കുകയും പെരുമാറുകയും ചെയ്തിരുന്നെങ്കിൽ ജീവിതം എത്ര വിരസമായേനേ. പരസ്പരമുള്ള വ്യത്യസ്തതകളെ അംഗീകരിക്കാനാണ് പ്രണയത്തിൽ ആദ്യം പഠിക്കേണ്ടത്. നമ്മൾ പ്രതീക്ഷിക്കുന്നതുപോലെ മാത്രമേ അപ്പുറത്തുള്ളയാൾ പെരുമാറൂവെന്ന് ഒരിക്കലും ശഠിക്കരുത്. ഇഷ്ടാനിഷ്ടങ്ങളിലെ വ്യത്യാസങ്ങളെ മനസ്സിലാക്കാനും അംഗീകരിക്കാനും കഴിഞ്ഞാൽത്തന്നെ പ്രണയ ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷമാക്കി മാറ്റാം.
പരസ്പരം കേൾക്കാം മനസ്സുകൊണ്ട്
ഏതൊരു ബന്ധത്തിലായാലും അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്. അത്തരം സന്ദർഭങ്ങളിൽ പരസ്പരം തർക്കിച്ച് പ്രശ്നങ്ങൾ രൂക്ഷമാക്കാൻ ശ്രമിക്കാതെ മനസ്സിലുള്ള കാര്യങ്ങൾ ശാന്തമായി തുറന്നു സംസാരിക്കാൻ ശ്രമിക്കണം. അപ്പുറത്തു നിൽക്കുന്നയാൾ പറയുന്നത് ക്ഷമയോടെ, പൂർണ മനസ്സോടെ കേൾക്കണം. അതിൽ ന്യായമുണ്ടോയെന്നു പരിശോധിക്കണം. പരസ്പരം ശാന്തതയോടെ പ്രതികരിച്ചാൽത്തന്നെ പ്രശ്നങ്ങൾക്ക് വേഗം പരിഹാരം കണ്ടെത്താൻ സാധിക്കും.
ഒപ്പമുണ്ടായിരിക്കുക പൂർണമനസ്സോടെ
പങ്കാളികളോടൊപ്പം ആയിരിക്കുന്ന സമയത്തു പോലും മറ്റാളുകളോട് ദീർഘനേരം ഫോൺ സംഭാഷണത്തിൽ ഏർപ്പെടുന്നതും ഫോണിൽ നോക്കിയിരിക്കുന്നതുമൊക്കെ ചിലരുടെ പതിവാണ്. ഒരിക്കലും അങ്ങനെ ചെയ്യരുത്. പുതിയ ലോകത്ത് എല്ലാവരും വളരെ തിരക്കിലാണ് ജീവിക്കുന്നത്. അവർ അവരുടെ തിരക്കുകൾ മാറ്റിവച്ച് നിങ്ങളെ കാണാനെത്തുമ്പോൾ അവരോടും അവരുടെ സമയത്തോടും നൂറുശതമാനം ആത്മാർഥത പുലർത്തേണ്ടത് നിങ്ങളുടെ കടമയാണ്. പങ്കാളികൾ ഒരുമിച്ചുള്ള സമയത്ത് മുൻഗണന പങ്കാളിക്കു തന്നെ നൽകാൻ ശ്രമിക്കണം. ഫോൺകോളുകൾക്കും ടെക്സ്റ്റ് മെസേജുകൾക്കുമൊക്കെ തൽക്കാലം അവധിനൽകി പങ്കാളിക്കൊപ്പമുള്ള നിമിഷങ്ങൾ പൂർണ മനസ്സോടെ ആസ്വദിക്കാൻ തയാറാകണം.
മനസ്സു തുറന്ന് സംസാരിക്കാം ഫലപ്രദമായി
ചിലയാളുകൾ കുറേ സംസാരിക്കാറുണ്ട്. പക്ഷേ എന്താണ് സംസാരിക്കുന്നതെന്ന് അവർക്കോ, അവർ പറഞ്ഞതിന്റെ അർഥം മറ്റുള്ളവർക്കോ മനസ്സിലാകാത്ത സാഹചര്യം ഉണ്ടാകാറുണ്ട്. വെറുതെ എന്തെങ്കിലും സംസാരിക്കുന്നതിനു പകരം മറ്റുള്ളവർക്കു മനസ്സിലാകുന്ന തരത്തിൽ സ്വന്തം മനസ്സിലുള്ള കാര്യങ്ങൾ പറഞ്ഞു ഫലിപ്പിക്കാൻ ശ്രമിക്കണം.
ഏതൊരു ബന്ധത്തിന്റെയും അടിത്തറയെന്നു പറയുന്നത് മികച്ച ആശയവിനിമയമാണെന്ന വസ്തുത ഒരിക്കലും മറക്കരുത്. വളരെ ആത്മാർഥമായി മനസ്സിലെ വികാരങ്ങൾ കൃത്യമായി പ്രകടിപ്പിക്കാൻ കഴിഞ്ഞാൽ തന്നെ ബന്ധങ്ങൾ ഊഷ്മളമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയും.
മനസ്സുകൊണ്ട് പിന്തുണയ്ക്കാം പ്രോത്സാഹിപ്പിക്കാം
പ്രോത്സാഹനവും പിന്തുണയും ഏതൊരു ബന്ധത്തിന്റെയും മാറ്റുകൂട്ടും. പങ്കാളി ചെയ്യുന്ന നല്ല കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് അവരുടെ ആത്മവിശ്വാസത്തെ വർധിപ്പിക്കും. അവർ വൈകാരികമായി തളർന്നിരിക്കുമ്പോൾ പിന്തുണ നൽകുന്നതും ബന്ധം ഊട്ടിയുറപ്പിക്കാൻ സഹായിക്കും. നല്ല കൈര്യങ്ങൾ ചെയ്യുമ്പോൾ പരസ്പരം പ്രോത്സാഹിപ്പിക്കുന്നതും പിന്തുണ നൽകുന്നതും പോലെ പ്രധാനമാണ് മോശം കാര്യങ്ങൾ ചെയ്യുമ്പോൾ അത് ചൂണ്ടിക്കാട്ടി തിരുത്താൻ സഹായിക്കുന്നതും.