ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

റോഡിലൂടെ വളരെ വേഗത്തില്‍ ഇരുചക്രവാഹനം ഓടിക്കുന്ന യുവാക്കളുടെ ഒരു വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വിഡിയോയുടെ രണ്ടാം ഭാഗത്ത് ഒരു പൊലീസുകാരന്‍ രണ്ട് യുവാക്കളെ സ്റ്റേഷനില്‍ വച്ച് മര്‍ദ്ദിക്കുന്നതും കാണാം.

‌അപകടകരമാം വിധം വാഹനം ഓടിക്കുന്ന വിഡിയോ പോസ്റ്റ് ചെയ്ത ഉടന്‍ യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിക്കുന്നുവെന്ന രീതിയിലാണ് പോസ്റ്റുകള്‍ പ്രചരിക്കുന്നത്. എന്നാല്‍, പ്രചരിക്കുന്ന വിഡിയോ രണ്ട് വ്യത്യസ്ഥ സംഭവങ്ങളുടേതാണെന്ന്  അന്വേഷണത്തില്‍ കണ്ടെത്തി. ജാര്‍ഖണ്ഡിലെ ജംഷഡ്‌പുരില്‍ നിന്നുള്ള ബൈക്ക് സ്റ്റണ്ട് വിഡിയോയും തമിഴ്‌നാട് പെരുമ്പാക്കം പൊലീസ് സ്റ്റേഷനിലെ പഴയ വിഡിയോയും ചേര്‍ത്ത് വച്ചാണ് പ്രചാരണം

∙ അന്വേഷണം

"മികച്ച #പ്രകടനത്തിന് അപ്പൊ തന്നെ വിളിച്ച് #അവാര്‍ഡ് കൊടുത്തു.! " എന്നെഴുതിയ ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം കാണാം.

untitled_design_84

വൈറല്‍ വിഡിയോയില്‍ രണ്ട് വ്യത്യസ്ഥ ക്ലിപ്പുകളാണുള്ളത്. ആദ്യത്തേതില്‍ റോഡിലൂടെ അതിവേഗം വാഹനമോടിക്കുന്ന ഇരുചക്രവാഹനവും രണ്ടാമത്തെ ക്ലിപ്പില്‍ പൊലീസ് രണ്ട് യുവാക്കളെ സ്റ്റേഷനില്‍ വച്ച് മര്‍ദ്ദിക്കുന്നതും കാണാം. പൊലീസുകാരന്‍ തമിഴിലാണ് സംസാരിക്കുന്നത്, അതിനാല്‍ രണ്ടാമത്തെ ക്ലിപ്പ് തമിഴ് നാട്ടില്‍ നിന്നുള്ളതായിരിക്കാം എന്ന സൂചന ലഭിച്ചു. ചില പോസ്റ്റുകളുടെ കമന്റിലും തമിഴ്‌നാട്ടിലെ വിഡിയോയാണെന്ന് പറയുന്നുണ്ട്. 

വിഡിയോയെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി രണ്ട് ക്ലിപ്പുകളും ഞങ്ങള്‍ പ്രത്യേകം പരിശോധിച്ചു.

ആദ്യ ക്ലിപ്പ്

യുവാക്കള്‍ റോഡില്‍ ബൈക്ക് സ്റ്റണ്ട് നടത്തുന്ന ഈ വിഡിയോയുടെ കീ ഫ്രെയ്മുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ സമാനമായ ദൃശ്യം ഉള്‍പ്പെടുന്ന നിരവധി സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ലഭ്യമായി. അല്‍പം കൂടി ദൈര്‍ഘ്യവും വ്യക്തതയുമുള്ള വിഡിയോകളാണിവ. ഇത് സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളില്‍ ജാര്‍ഖണ്ഡ് രജിസ്‌ട്രേഷനാണെന്ന് വ്യക്തമായി. ചില സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ഈ ബൈക്ക് സ്റ്റണ്ടില്‍ ഉള്‍പ്പെട്ട യുവാക്കളുടെ ഇന്‍സ്റ്റഗ്രാം ഐഡികളും നല്‍കിയിട്ടുണ്ട്. 

ഈ സൂചനകള്‍ ഉപയോഗിച്ച് കീവേര്‍ഡ് സെര്‍ച്ച് നടത്തിയപ്പോള്‍ വൈറല്‍ വിഡിയോയിലെ സംഭവങ്ങള്‍ പ്രതിപാദിക്കുന്ന ചില റിപ്പോര്‍ട്ടുകള്‍  ഞങ്ങള്‍ക്ക് ലഭ്യമായി. 2025 ജനുവരി എട്ടിന് പ്രഭാത് ഖബര്‍ എന്ന ഹിന്ദി മാധ്യമം  പങ്കുവച്ച റിപ്പോര്‍ട്ടില്‍ വൈറല്‍ വിഡിയോയിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് പ്രകാരം ജംഷഡ്‌പുരിലെ ബിര്‍സാനഗര്‍ യാന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ബൈക്ക് സ്റ്റണ്ട് നടന്നത്. ജനുവരി ഏഴിനാണ് ഇതുമായി ബന്ധപ്പെട്ട് ഏഴ് യുവാക്കളെ അറസ്റ്റ് ചെയ്തത്. അപകടകരമാം വിധം വാഹനമോടിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത XNR-46 എന്ന ഗ്രൂപ്പിന്റെ ഭാഗമായ യുവാക്കളാണ് അറസ്റ്റിലായത്.

യുവാക്കളെ കൊണ്ട് മാപ്പു പറയിക്കുന്ന വിഡിയോ ചിത്രീകരിച്ച ശേഷമാണ് പൊലീസ് ഇവരെ ജാമ്യത്തില്‍ വിട്ടത്. യുവാക്കളുടെ ലൈസന്‍സ് റദ്ദാക്കുകയും പിഴ ഈടാക്കുകയും ചെയ്തു. ജംഷഡ്‌പുര്‍ എസ്‌പി കുമാര്‍ ശിവാഷിഷ് സംഭവത്തെപ്പറ്റി വിശദീകരിക്കുന്ന വിഡിയോ സഹിതമാണ് വാര്‍ത്ത. പ്രഭാത് ഖബര്‍ റിപ്പോര്‍ട്ടിന്റെ സ്‌ക്രീന്‍ഷോട്ട് കാണാം.  

untitled_design_85

മറ്റ് മാധ്യമങ്ങളും സമാനമായ വാര്‍ത്ത നല്‍കിയിട്ടുണ്ട്. ബൈക്ക് സ്റ്റണ്ട് നടത്തിയ യുവാക്കളെ പൊലീസ് മര്‍ദ്ദിച്ചിരുന്നോ എന്ന വിവരവും ഞങ്ങള്‍ പരിശോധിച്ചു. യുവാക്കളെ അറസ്റ്റ് ചെയ്ത ബിര്‍സാനഗര്‍യാന്‍ പൊലീസ് സ്റ്റേഷനല്‍ ഞങ്ങള്‍ ബന്ധപ്പെട്ടു. " ജംഷഡ്‌പുര്‍ പൊലീസിന്റെ സേഫ് ഡ്രൈവ് ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ് റാഷ് ഡ്രൈവിംഗ് നടത്തുന്നവരെ നിരീക്ഷിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഇത്തരം വിഡിയോകള്‍ പങ്കുവച്ച XNR 46 ഗ്രൂപ്പിലെ ചില യുവാക്കളെ ഞങ്ങള്‍ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇവരെ മര്‍ദ്ദിച്ചില്ല, ഇവരുടെ ലൈസന്‍സ് റദ്ദാക്കുകയും പിഴ ഈടാക്കുകയും ചെയ്തു. കൂടാതെ ഇനി ഇത്തരം തെറ്റ് ആവര്‍ത്തിക്കില്ലെന്ന് യുവാക്കളെ കൊണ്ട് വിഡിയോ ചിത്രീകരിച്ചിരുന്നു, " ബിര്‍സാപുര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് വ്യക്തമാക്കി. 

ഞങ്ങളുടെ ജംഷഡ്‌പുര്‍ ലേഖകന്റെ സഹായത്തോടെ ഞങ്ങള്‍ ഈ വിഷയത്തെ കുറിച്ച് വിശദമായി പരിശോധിച്ചു. സിറ്റി പൊലീസിന്റെ റാഷ് ഡ്രൈവിനെതിരെയുള്ള ക്യാംപെയ്‌ന്റെ ഭാഗമായാണ് ഈ സംഘത്തെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി. യുവാക്കളുടെ വീട്ടുകാരെ വിളിച്ചുവരുത്തി തെറ്റ് ആവര്‍ത്തിക്കില്ലെന്ന് എഴുതി വാങ്ങിച്ചിട്ടുണ്ട്. യുവാക്കളെ പൊലീസ് മര്‍ദ്ദിച്ചതായി വിവരമില്ലെന്നും സിന്‍ഹ പറഞ്ഞു.

രണ്ടാമത്തെ ക്ലിപ്പ്

വൈറല്‍ വിഡിയോയിലെ രണ്ടാമത്തെ ക്ലിപ്പ് റിവേഴ്‌സ് ഇമേജില്‍ തിരഞ്ഞപ്പോള്‍ 2024 ഓഗസ്റ്റില്‍ പങ്കുവച്ച നിരവധി സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍  ലഭ്യമായി. ഇവയിലെല്ലാം തമിഴ്‌നാട്ടിലെ താമ്പരം സിറ്റി പൊലീസിന്റെ പരിധിയിലുള്ള പെരുമ്പാക്കം പൊലീസ് സ്റ്റേഷനില്‍ നടന്ന സംഭവമാണെന്ന് വ്യക്തമാക്കുന്നുണ്ട്. 'ദി എന്‍ഷ്യന്റ് ടൈംസ് ന്യൂസ്' എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച വിഡിയോ കാണാം.

ഈ സൂചന ഉപയോഗിച്ച് കീ വേര്‍ഡ് സെര്‍ച്ച് നടത്തിയപ്പോള്‍ ദി ഹിന്ദു 2024 ഓഗസ്റ്റ് 9ന് പങ്കുവച്ച റിപ്പോര്‍ട്ട്  ലഭ്യമായി. ഇതു പ്രകാരം 2023ല്‍ നടന്ന സംഭവമാണിത്. എന്നാല്‍ വിഡിയോ  പുറത്തുവന്നത് 2024 ഓഗസ്റ്റിലാണ്. അടിപിടി കേസില്‍ അറസ്റ്റിലായ യുവാക്കളെ മര്‍ദ്ദിക്കുന്നത് പെരുമ്പാക്കം സ്‌പെഷ്യല്‍ സബ് ഇന്‍സ്‌പെക്ടര്‍ (എസ്എസ്‌ഐ) ശിവകുമാറാണ്. വിഡിയോ വൈറലായതിനെ തുടര്‍ന്ന് ശിവകുമാറിനെ സസ്‌പെന്റ് ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

വൈറല്‍ വിഡിയോ ഉള്‍പ്പെടുത്തിയുള്ള താംബരം സിറ്റി പൊലീസിന്റെ പ്രസ് റിലീസ് 'അപ്‌ഡേറ്റ് ന്യൂസ് 360' എന്ന തമിഴ് ഓണ്‍ലൈന്‍ മാധ്യമം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുന്‍ വൈരാഗ്യത്തെ തുടര്‍ന്നുള്ള ആക്രമണത്തിന്റെ പേരില്‍ 2023 ഓഗസ്റ്റ് 17ന് രജിസ്റ്റര്‍ ചെയ്ത കേസിലെ ആരോപണ വിധേയരെയാണ് സ്‌പെഷ്യല്‍ സബ് ഇന്‍സ്‌പെക്ടര്‍ ശിവകുമാര്‍ മര്‍ദ്ദിച്ചതെന്നും അന്വേഷണ വിധേയമായി എസ്എസ്‌ഐ യെ സസ്‌പെന്‍ഡ് ചെയ്തതായും പത്രക്കുറിപ്പിലുണ്ട്.

ലഭ്യമായ വിവരങ്ങളില്‍ നിന്ന് ബൈക്ക് സ്റ്റണ്ട് നടത്തിയ യുവാക്കളെ പൊലീസ് മര്‍ദ്ദിക്കുന്നതായി പ്രചരിപ്പിക്കുന്ന വിഡിയോയിലെ സംഭവങ്ങള്‍ക്ക് തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായി.

∙ വാസ്തവം

വൈറല്‍ വിഡിയോയിലെ ക്ലിപ്പുകള്‍ തമ്മില്‍ ബന്ധമില്ല. ആദ്യ വിഡിയോ ജനുവരി ആദ്യ വാരം ജംഷഡ്പുരില്‍ ചിത്രീകരിച്ച ബൈക്ക് സ്റ്റണ്ടും രണ്ടാമത്തേത് തമിഴ്‌നാട്ടിലെ പെരുമ്പാക്കം പൊലീസ് സ്റ്റേഷനില്‍ 2023ല്‍ നടന്ന സംഭവവുമാണ്.

( വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ  ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)

English Summary:

Viral video misinforms viewers with unrelated clips. The misleading video combines a January bike stunt from Jamshedpur and a 2023 incident at a Tamil Nadu police station

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com