ഇന്ത്യ–ബ്രിട്ടൻ വ്യാപാര കരാർ ചർച്ചകൾ ഉഷാർ; 10 വർഷത്തിനുള്ളിൽ വ്യാപാരം മൂന്നിരട്ടിയിലേക്ക്

Mail This Article
ന്യൂഡൽഹി∙ ഇന്ത്യ–ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാറിനുള്ള (എഫ്ടിഎ) ചർച്ചകൾ 8 മാസത്തെ ഇടവേളയ്ക്കു ശേഷം ഇരുരാജ്യങ്ങളും പുനരാരംഭിച്ചു. ഇരുരാജ്യങ്ങളിലും നടന്ന പൊതുതിരഞ്ഞെടുപ്പുകളും ബ്രിട്ടനിലെ ഭരണമാറ്റവുമടക്കം എഫ്ടിഎ ചർച്ചകളിൽ കാലതാമസം വരുത്തിയിരുന്നു. ഇന്നലെ ഇന്ത്യയിലെത്തിയ ബ്രിട്ടിഷ് വ്യാപാരമന്ത്രി ജൊനാഥൻ റെയ്നോൾഡ്സ് വാണിജ്യമന്ത്രി പീയൂഷ് ഗോയലുമായി ചർച്ച നടത്തി. ചർച്ച പുനരാരംഭിക്കാൻ ഇരുവരും തമ്മിൽ ധാരണയായി.
കരാറിലൂടെ അടുത്ത 10 വർഷത്തിനുള്ളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം രണ്ടോ മൂന്നോ മടങ്ങ് വർധിക്കുമെന്നാണ് പ്രതീക്ഷ. നിലവിൽ ശരാശരി 2,000 കോടി ഡോളറിന്റെ വ്യാപാരമാണ് ഇരുരാജ്യങ്ങൾക്കിടയിലുമുള്ളത്. വ്യാപാരം സുഗമമാക്കുന്നതിനായി കസ്റ്റംസ് തീരുവയിലടക്കം ഇളവു കൊണ്ടുവന്നേക്കും.

യുഎസിന്റെ താരിഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള ചർച്ച നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. കരാർ സംബന്ധിച്ച ചർച്ചകൾ എപ്പോൾ പൂർത്തിയാകുമെന്ന ചോദ്യത്തിന് ഇരുമന്ത്രിമാരും വ്യക്തമായ മറുപടി നൽകിയില്ല. ദീർഘകാലത്തേക്കുള്ള കരാറായതിനാൽ ധൃതിയുണ്ടാകില്ല, പക്ഷേ വേഗം പൂർത്തിയാക്കുമെന്നു മാത്രമാണ് പീയൂഷ് ഗോയൽ പറഞ്ഞത്. ഇന്ത്യയുമായുള്ള കരാർ ബ്രിട്ടനെ സംബന്ധിച്ച് പ്രധാന മുൻഗണനയാണെന്ന് ജൊനാഥൻ റെയ്നോൾഡ്സ് പറഞ്ഞു.

കുടിയേറ്റം വ്യാപാരക്കരാറിന്റെ പരിധിയിൽ വരുന്നതേയല്ലെന്നും ഇരുമന്ത്രിമാരും വ്യക്തമാക്കി. ഇന്ത്യ–ബ്രിട്ടൻ വ്യാപാരക്കരാർ 2022 ഒക്ടോബറിൽ ഒപ്പുവയ്ക്കാനാണ് ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരുന്ന ബോറിസ് ജോൺസണും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ധാരണയായത്. എന്നാൽ വൈകുകയായിരുന്നു. ഋഷി സുനക് പ്രധാനമന്ത്രിയായ ശേഷം 2022 ഡിസംബറിൽ ചർച്ച പുനരാരംഭിച്ചു. എങ്കിലും തടസ്സങ്ങൾ നേരിട്ടു.
2023-24 (ബ്രാക്കറ്റിൽ വിഹിതം)
ബ്രിട്ടനിൽ നിന്നുള്ള ഇറക്കുമതി: 841.3 കോടി ഡോളർ (1.24%)
ബ്രിട്ടനിലേക്കുള്ള ഇന്ത്യൻ കയറ്റുമതി: 1,292 കോടി ഡോളർ (2.95%)
ആകെ: 2,133.6 കോടി ഡോളർ
ഇന്ത്യയുമായുള്ള വ്യാപാരം: ടോപ് 3 രാജ്യങ്ങൾ
കയറ്റുമതി: യുഎസ്, യുഎഇ, നെതർലൻഡ്സ്
ഇറക്കുമതി: ചൈന, യുഎഇ, യുഎസ്
ഇന്ത്യ–ബ്രിട്ടൻ വ്യാപാരം: ഒറ്റനോട്ടത്തിൽ
ഇന്ത്യയുമായുള്ള മൊത്തം വ്യാപാരം കണക്കിലെടുക്കുമ്പോൾ 16–ാം സ്ഥാനത്താണ് നിലവിൽ ബ്രിട്ടൻ. ഇറക്കുമതിയിൽ 20–ാം സ്ഥാനവും കയറ്റുമതിയിൽ ആറാം സ്ഥാനവുമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തുന്ന രാജ്യങ്ങളിൽ ആറാമതാണ് ബ്രിട്ടൻ.
ഇയു ട്രേഡ് കമ്മിഷണർ വെള്ളിയാഴ്ചയെത്തും
യൂറോപ്യൻ യൂണിയനുമായുള്ള (ഇയു) വ്യാപാര കരാർ ചർച്ചകളും പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച ഇയു ട്രേഡ് കമ്മിഷണർ മാരോസ് സെഫ്കോവിക് കേന്ദ്രമന്ത്രി പീയൂഷ് ഗോയലുമായി ചർച്ച നടത്തും. മാർച്ച് 10 മുതൽ 14 വരെ ബ്രസൽസിൽ നടക്കാനിരിക്കുന്ന 10–ാം റൗണ്ട് ഇന്ത്യ–ഇയു ചർച്ചകളുടെ മുന്നോടിയാണിത്.

യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺഡെർ ലെയനും ചർച്ചകൾക്കായി ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് ബെൽജിയം, സ്വീഡൻ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധി സംഘവും ഇന്ത്യയിലെത്തും.
യുഎസിന്റെ വ്യാപാരനീക്കങ്ങൾ അനിശ്ചിതാവസ്ഥയുണ്ടാക്കുന്നതിനാൽ ഇന്ത്യ പോലെയുള്ള വിപണികളിലേക്ക് എത്താൻ യൂറോപ്യൻ രാജ്യങ്ങളെ പ്രേരിപ്പിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business