ADVERTISEMENT

ആംബർഗ്രിസ് എന്ന് നമ്മൾ ഈയിടെ പല വാ‍ർത്തകളിലും വായിക്കാറുണ്ട് അല്ലേ. തിമിംഗലത്തിന്റെ ദഹനശിഷ്ടമായ ആംബർഗ്രിസ് ചിലർക്ക് കടൽത്തീരത്തു നിന്നും മറ്റും കിട്ടിയെന്നും കോടീശ്വരൻമാരായെന്നുമൊക്കെ. ആംബർഗ്രിസ് കടത്തുന്നതിനിടെ പിടിയിലാകുന്നവരെക്കുറിച്ചും അടുത്തിടെ നാം ധാരാളം കേട്ടു. ആംബർഗ്രിസ് അമൂല്യവസ്തു തന്നെയാണ്. ഒരു കിലോയ്ക്ക് ഒരു കോടി രൂപ വരെ വില ഇതിനു ലഭിക്കും. എന്നാൽ ആംബർഗ്രിസ് പോലെ അമൂല്യമായ ഒട്ടേറെ വസ്തുക്കൾ ഈ ഭൂമിയിലുണ്ട്. വലിയ വില ലഭിക്കുന്നവ. ഏതായിരിക്കും ഭൂമിയിലെ ഏറ്റവും വിലപിടിപ്പുള്ള വസ്തു?. അത് ആന്റിമാറ്ററാണ്; പ്രതിദ്രവ്യം. 

ഒട്ടേറെ സയൻസ് ഫിക്‌ഷൻ സിനിമകളിലും നോവലുകളിലുമൊക്കെ നാം ആന്റിമാറ്ററിനെ പറ്റി വായിച്ചിട്ടും കണ്ടിട്ടുമൊക്കെയുണ്ടാകും. നമ്മൾ സാധാരണ കാണുന്ന ദ്രവ്യം അഥവാ മാറ്ററിന്റെ വിപരീത ചാർജും വിപരീത സ്പിൻ പോലുള്ള സവിശേഷതകളുമുള്ളതാണ് ആന്റി മാറ്റർ. മാറ്ററും ആന്റിമാറ്ററും തമ്മിൽ കൂട്ടിമുട്ടിയാൽ ഇവ തമ്മിൽ സ്ഫോടനാത്മകമായി പ്രവർത്തനം നടത്തുകയും ദ്രവ്യം നശിച്ച് ഊർജം ബാക്കിയാകുകയും ചെയ്യും. ഭാവിയിൽ സ്പേസ് ഷിപ്പുകളുടെ ഊർജസ്രോതസ്സ് മുതൽ ആണവ ബോംബിനെ വെല്ലുന്ന ഭീകരബോംബുകൾ വരെ ആന്റിമാറ്റർ കൊണ്ടുണ്ടാക്കാമെന്നു കരുതപ്പെടുന്നു.

antimatter-most-expensive-substance-on-earth
Photo credits : Ismagilova/ Shutterstock.com

ആന്റിമാറ്റർ ഭൂമിയിൽ മനുഷ്യപ്രവർത്തനങ്ങളിൽ ഉണ്ടായിട്ടുണ്ട്. തീരെ ചെറിയ അളവുകളിൽ ഇവ ഉണ്ടാകുമ്പോൾ തന്നെ മാറ്ററുമായി പ്രവർത്തനം നടത്തി നശിക്കാറാണു പതിവ്. ഇതുവരെ മനുഷ്യരുണ്ടാക്കിയ ആന്റി മാറ്റർ കൊണ്ട് ഒരു ചായ ചൂടാക്കാനുള്ള ഊർജം പോലും ലഭിക്കില്ലത്രേ.ഇവ ശേഖരിച്ച് വയ്ക്കാനും പാടാണ്.

എന്നാലും ആന്റി മാറ്ററാണ് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വസ്തു. ഒരു ഗ്രാമിന് 10,000,000 കോടി ഡോളറാണ് ഇതിന്റെ ഏകദേശ വില. ഇത്രയും വിലയുള്ള സ്ഥിതിക്ക് ഒരു ഗ്രാം ഉണ്ടാക്കിയേക്കാം എന്നാണു വിചാരമെങ്കിൽ തെറ്റി. ഒരു ഗ്രാം ആന്റിമാറ്ററുണ്ടാക്കാൻ നിലവിലെ സാഹചര്യത്തിൽ 10 കോടി വർഷമെടുക്കുമത്രേ.

 

∙മറ്റ് ചില അമൂല്യ വസ്തുക്കൾ

Agarwood
Agarwood. Photo credits : JurateBuiviene/ Shutterstock.com

അഗർവുഡ് എന്നൊരു മരത്തടിയുണ്ട്. ദൈവങ്ങളുടെ മരത്തടി എന്നാണ് ഇത് അറിയപ്പെടുന്നത്. അക്വലേറിയ മലാസെന്‍സിസ് എന്നറിയപ്പെടുന്ന ചില പ്രത്യേക മരങ്ങളിൽ ഫിയലോഫോറ പാരസിറ്റിക എന്ന പൂപ്പൽ ബാധിക്കുമ്പോഴാണ് അഗർവുഡ് ഉണ്ടാകുന്നത്. ഇതിൽ നിന്ന് അതീവ സുഖകരമായ ഒരു ഗന്ധം കിട്ടും. ഒരു കിലോയ്ക്ക് 72 ലക്ഷം രൂപ വരെ വിലയാണ് അഗർവുഡിന്.

Red diamond
Red Diamond . Photo credits : Cico/ Shutterstock.com

വജ്രങ്ങൾ വിലപിടിപ്പുള്ളവയാണ്. എന്നാൽ പ്രകൃതിദത്തമായ ചുവന്ന വജ്രങ്ങൾ അപൂർവവും വില പലമടങ് ഏറിയവയുമാണ്. ലോകത്തിലെ മിക്ക ചുവന്ന വജ്രങ്ങളും ഓസ്ട്രേലിയയിലെ ആർഗൈൽ ഖനിയിൽ നിന്നാണ് ഖനനം ചെയ്തെടുക്കുന്നത്. ഈ ഖനി കഴിഞ്ഞ വർഷം എന്നെന്നേക്കുമായി പൂട്ടി. ഇതു മൂലം ചുവന്ന വജ്രങ്ങളുടെ വില പിന്നെയും കൂടി. ഒരു ഗ്രാം ഭാരമുള്ള ഒരു ചുവന്ന വജ്രത്തിന് 36 കോടിയോളം രൂപ ലഭിക്കും.

Coral snake
Coral snake. Photo credits : Milan Zygmunt/ Shutterstock.com

കാലിഫോർണിയം, പ്ലൂട്ടോണിയം തുടങ്ങിയ റേർ എർത് മെറ്റൽ ഗ്രൂപ്പിലെ മൂലകങ്ങൾക്ക് വില കൂടുതലാണ്.ഒരു ഗ്രാം പ്ലൂട്ടോണിയത്തിന് ഏകദേശം 3.5 ലക്ഷത്തോളം രൂപയാണ് വില.

Da hong pao tea
Da hong pao tea. Photo credits : DedMityay/ Shutterstock.com

കോറൽ സ്നേക് എന്നു പറയുന്ന ഒരു പാമ്പുണ്ട്. തിളക്കമുള്ള നിറങ്ങളാണ് ഇതിന്. ഇതിന്റെ വിഷം ലോകത്തെ ഏറ്റവും മാരകമായ പാമ്പിൻവിഷങ്ങളിൽ രണ്ടാം സ്ഥാനത്താണെന്നു പറയപ്പെടുന്നു. ഒരു ഗ്രാം കോറൽ സ്നേക് വിഷത്തിന് ഏകദേശം 2.8 ലക്ഷം രൂപയാണു വില.

നമ്മളൊക്കെ കടയിൽ നിന്നു ചായ കുടിക്കാറുണ്ട്. 5 മുതൽ ഇരുപതു രൂപ വരെയൊക്കെയാകും മിക്ക ചായകളുടെയും വില. ലോകത്തിലെ ഏറ്റവും വില കൂടിയ തേയിലയുടെ വിലയെത്രയെന്നോ. ഒരു കിലോയ്ക്ക് പത്തു കോടി രൂപ. ചൈനയിലെ ഫുജിയാനിലുള്ള ഡാ ഹോങ് പാവോ എന്നറിയപ്പെടുന്ന തേയിലയാണ് ഈ തൊട്ടാൽ പൊള്ളുന്ന വിലയുമായി നിൽക്കുന്നത്. അഞ്ഞൂറു വർഷങ്ങളോളം പഴക്കമുള്ള തേയിലച്ചെടിയിൽ നിനാണത്രേ ഈ തേയില ഉണ്ടാക്കുന്നത്. ഇപ്പോൾ ഇത്തരം 6 തേയിലച്ചെടികൾ മാത്രമാണുള്ളത്. ഓർക്കിഡിന്റെ സുഗന്ധവും കുടിച്ചുകഴിഞ്ഞാൽ നീണ്ട നേരം നാക്കിൽ നില നിൽക്കുന്ന രുചിയുമാണ് ഡാ ഹോങ് പാവോ തേയില ഉപയോഗിച്ചുള്ള ചായയെ വ്യത്യസ്തമാക്കുന്നത്. ഇപ്പോൾ ഈ തേയിലച്ചെടികളിൽ നിന്ന് ഇല പറിച്ച് തേയിലയുണ്ടാക്കാരുതെന്ന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

English summary: Antimatter most expensive substance on earth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com