ADVERTISEMENT

കൊച്ചി∙ കൊച്ചി പഴയ കൊച്ചി തന്നെ; ബിലാലുമാർ പുതിയ ബിലാലുമാരായി മാറിക്കഴിഞ്ഞിട്ടും. നാടു കാണാനെത്തുന്ന സഞ്ചാരികൾക്കും പണിയെടുക്കാനെത്തുന്ന ടെക്കികൾക്കും ന്യൂജെൻ ജിപ്സികൾക്കും കൊച്ചി ഇപ്പോഴും പഴയ കൊച്ചി തന്നെയാണ്. രാത്രി 12 മണിയാകുമ്പോഴേക്കും മൂടിപ്പുതച്ച് ഉറങ്ങാൻ കിടക്കുന്ന മെട്രോ നഗരം. മാളും മൾട്ടിപ്ലക്സും മറൈൻഡ്രൈവുമുള്ള കൊച്ചിയിൽ ഇല്ലാത്തതു സുരക്ഷിതമായ, ആരോഗ്യകരമായ, രസകരമായ രാത്രി ജീവിതമാണ്.

കേരളത്തിലെ ഏറ്റവും വലിയ മഹാനഗരമായ, ആഡംബരക്കപ്പലുകളിൽ ഉൾപ്പെടെ പതിനായിരക്കണക്കിനു വിദേശ വിനോദ സഞ്ചാരികൾ വർഷംതോറും എത്തുന്ന, വിവിധ നാടുകളിൽനിന്നുള്ള അര ലക്ഷത്തോളം ഐടി ജീവനക്കാർ പണിയെടുക്കുന്ന നമ്മുടെ കൊച്ചി 12 മണിയാകുമ്പോഴേക്കു കിടന്നുറങ്ങുന്നു. ഇതിനൊരു മാറ്റം വേണ്ടേ? മുംബൈ നഗരത്തിൽ സർക്കാർ തന്നെ മുന്നിട്ടിറങ്ങി രാത്രി ജീവിതം സാധ്യമാക്കുന്നെങ്കിൽ എന്തുകൊണ്ടു കൊച്ചിക്കായിക്കൂടാ? ഇരുപത്തിനാലു മണിക്കൂറും തുറന്നു വച്ചിരിക്കുന്ന കടകൾ, ഭക്ഷണത്തിന്റെ കൊതിയൂറുന്ന ഗന്ധം, പൊതുവഴികളിലെ സമത്വം, പാട്ടും ഡാൻസും സിനിമാ പ്രദർശനവുമൊക്കെയായി എന്നും ഉത്സവ പ്രതീതി.

ernakulam-paper-cuting

പുതിയൊരു നഗരവും പുതിയ കാഴ്ചകളും. ഇതൊക്കെയായിരിക്കും രാത്രി ജീവിതം സാധ്യമാക്കിയാൽ നമുക്കു ലഭിക്കുന്നത്. വർഷാവർഷം ജില്ലാ ഭരണകൂടം കൊട്ടിഘോഷിച്ചു നടപ്പാക്കുന്ന നൈറ്റ് ഷോപ്പിങ് ഫെസ്റ്റിവൽ കൊണ്ടൊന്നും കൊച്ചിയുടെ രാത്രികൾ വളരില്ല.  അതിനു സർക്കാരിന്റെ ഉറച്ച തീരുമാനവും വിവിധ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവർത്തനവും വേണം. ശരിയായ പൊലീസ് പട്രോളിങ് വേണം, അതേസമയം സദാചാര ഗുണ്ടായിസം പാടില്ലതാനും.

24 മണിക്കൂറും സജീവമായ പൊതുഗതാഗത സംവിധാനം വേണം. രാത്രി ജീവിതം ഇഷ്ടപ്പെടുന്നെങ്കിലും മെട്രോ മനോരമയോട് അഭിപ്രായങ്ങൾ പങ്കുവച്ച എല്ലാവരും പറഞ്ഞത് ഒരേയൊരു കാര്യം. ഇതൊന്നും ഒരൊറ്റ ദിവസം കൊണ്ടു സാധ്യമാകില്ല. ഒരൊറ്റ ദിവസം കൊണ്ടു  വേണ്ടന്നേ, ഈ വർഷം മുഴുവൻ നമുക്കെടുക്കാം. അങ്ങനെയെങ്കിൽ 2021ൽ കൊച്ചി പുതിയ കൊച്ചിയായാലോ? ബിലാൽ പഴയ ബിലാലായി തുടർന്നാലും...

സുരക്ഷ പ്രധാനം

സ്വാഗതാർഹമാകേണ്ട മാറ്റമാണു കൊച്ചിയിലെ രാത്രി ജീവിതം. പക്ഷേ, സമൂഹവും അതനുസരിച്ചു മാറേണ്ടി വരും. യാഥാസ്ഥിതിക മനഃസ്ഥിതിയുള്ള സമൂഹമാണു നമ്മുടേത്. ക്രിമിനൽ സ്വഭാവമുള്ളവരും ഉണ്ട്. അതുകൊണ്ടു സുരക്ഷ പ്രധാനം. സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഒരുക്കാൻ കഴിയണം. പൊലീസ് പട്രോളിങ്ങും ശക്തമാക്കണം. പെട്ടെന്നൊരു മാറ്റം സംഭവിക്കില്ല. മേഖലകളായി തിരിച്ച് ഓരോ ദിവസവും തിരഞ്ഞെടുത്ത മേഖലകളിൽ രാത്രി ജീവിതം സാധ്യമാക്കണം. പതിയെ പതിയെ അതു മുഴുവനുമായിക്കൊള്ളും. കോഴിക്കോട്ടെ രാത്രികൾ കുറച്ചു കൂടി സജീവമാണെന്നു തോന്നിയിട്ടുണ്ട്. അത് ഇവിടെയും സാധ്യമായാൽ നഗരത്തിനു നല്ലൊരു മാറ്റം കൈവരും. രാംമോഹൻ പാലിയത്ത്, എഴുത്തുകാരൻ

ടെക്കികൾക്ക് ഏറെ ഗുണം

അരലക്ഷത്തോളം ടെക്കികളുണ്ട് ഇവിടെ കൊച്ചിയിൽ. 10 മണിക്കാണു പലരുടെയും ഷിഫ്റ്റ് തീരുക. ബാക്കിയുള്ളവരുടെ 12 മണിക്കും. ഓഫിസ് – വീട്, വീട് – ഓഫിസ് എന്ന നിലയ്ക്കാണു ഞങ്ങളിൽ പലരും കഴിയുന്നത്. ജോലി കഴിഞ്ഞു കുടുംബത്തോടൊപ്പം പുറത്തുപോകാനോ ഷോപ്പിങ്ങിനോ സിനിമയ്ക്കോ ഒന്നിനും സാധിക്കാറില്ല. രാത്രി ജീവിതം കൊച്ചിയിൽ സാധ്യമായാൽ ഏറ്റവും കൂടുതൽ ഉപകാരപ്പെടുക ഞങ്ങളെപ്പോലെ വ്യത്യസ്ത ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നവർക്കായിരിക്കും. പകൽ സമയങ്ങളിലേതു പോലെ എല്ലാവരും രാത്രി സമയവും ഉപയോഗിക്കാൻ തുടങ്ങിയാൽ അധിക സുരക്ഷ തലവേദന ആകില്ല. രാവിലെ പൊലീസ് നൽകുന്ന സംരക്ഷണം തന്നെയേ രാത്രിയിലും വേണ്ടി വരൂ. അനീഷ് പന്തലിനി, പ്രൊഗ്രസീവ് ടെക്കീസ് സംസ്ഥാന പ്രസിഡന്റ്

യാഥാസ്ഥിതികത്വം മാറണം

രാത്രികളിൽ കൂടി പൊതു ഇടങ്ങൾ സജീവമായാൽ മോഷ്ടാക്കളുടെ ജോലി പോകും എന്നതു മാത്രമേ സംഭവിക്കൂ. യാഥാസ്ഥിതിക കാഴ്ചപ്പാടിൽ നിന്നു മാറാൻ നമുക്ക് ഇതുവരെ സാധിച്ചിട്ടില്ല. അതുകൊണ്ടാണ് ഇപ്പോഴും രാത്രികൾ നമുക്ക് അന്യമാകുന്നത്. സിനിമയും പാട്ടും നൃത്തവും മാത്രമല്ല, ചർച്ചകൾക്കും രാത്രി സമയം ഉപയോഗിക്കാം. ഏതു സമയത്തും ആരെയും പേടിക്കാതെ ഇറങ്ങി നടക്കാൻ കഴിയുക എന്നതു തന്നെ വലിയ കാര്യമല്ലേ. പി. രോഹിത്, വിദ്യാർഥി, സഹ്യ ലേണിങ് ഹബ്

വിനോദസഞ്ചാരം വളരും

ഇരുപത്തിനാലു മണിക്കൂർ ഉണർന്നിരിക്കുന്ന കൊച്ചിയിൽ വിനോദസ‍ഞ്ചാര മേഖലയുടെ വളർച്ച ദ്രുതഗതിയിലായിരിക്കുമെന്നതിനു സംശയമില്ല. ഫോർട്ട് കൊച്ചിയിലും നഗരത്തിലെ പാർക്കുകളിലും എത്തുന്നവരെ ആകർഷിക്കാൻ സിനിമാ പ്രദർശനമോ സംഗീത, നൃത്ത പരിപാടികളോ സംഘടിപ്പിച്ചാൽ രാത്രിയിലും ആളുകൾ പുറത്തിറങ്ങിത്തുടങ്ങും. നഗരസഭയും ഇക്കാര്യത്തിൽ മുൻകൈ എടുക്കണം. മുംബൈ നഗരത്തിലൊക്കെ ഇതു സാധ്യമായിക്കഴിഞ്ഞു.

കൊച്ചിയിലും ഇത്തരത്തിലുള്ള രാത്രി ജീവിതം സാധ്യമായാൽ ഒരു പുതിയ സംസ്കാരം നമുക്കു വളർത്തിയെടുക്കാൻ സാധിക്കും. നിലവിൽ രാത്രി ജോലിയൊക്കെ കഴിഞ്ഞ് ഒരു സിനിമ കാണണമെന്നു വിചാരിച്ചാൽ 11 മണിക്കാണ് അവസാനഷോ. അത്യപൂർവമായി 11.30നു ഷോ വച്ചാലായി. അതുപോരാ. മൾട്ടിപ്ലക്സുകളിലെങ്കിലും പ്രധാനസിനിമകളുടെ ഷോ റിലീസിന്റെ ആദ്യ ആഴ്ചയിലെങ്കിലും 12 മണിക്കും ഒരു മണിക്കുമൊക്കെ വച്ചാൽ രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നവർക്ക് ഉപയോഗപ്പെടുത്താനാകും.  അശ്വതി പോക്കാട്ട്, സംഗീതാധ്യാപിക

സ്ത്രീകൾക്ക് ഏറെ ഗുണം

കൊച്ചിയിലെന്നല്ല, മറ്റു മെട്രോ നഗരങ്ങളിലും സ്ത്രീകൾക്ക് ഒറ്റയ്ക്കു യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ള കാലമാണിത്. സ്ത്രീകൾ പകൽ പോലും സുരക്ഷിതരല്ലാത്ത കാലത്താണു രാത്രിയിലെ സുരക്ഷ സ്വയം ഏറ്റെടുക്കേണ്ടി വരുന്നത്. അതിനൊരു മാറ്റം സംഭവിച്ചാൽ, പൊലീസും അധികാരികളും സുരക്ഷ ഒരുക്കിയാൽ, രാത്രിജീവിതം ഏറെ ആസ്വദിക്കാൻ പോകുന്നതും സ്ത്രീകളായിരിക്കും. സൃഹൃത്തുക്കളെ ആശ്രയിച്ചു മാത്രം രാത്രിയിൽ പുറത്തിറങ്ങുന്നതിൽനിന്ന് ഒരു മാറ്റമുണ്ടായാൽ അത് ഏറെ ഉപകാരപ്രദമാകും. രാത്രി ഷിഫ്റ്റ് കഴിഞ്ഞിറങ്ങിയതിനുശേഷം പുറത്തേക്കിറങ്ങാൻ, ഷോപ്പിങ്ങിനു പോകാൻ സാധിച്ചാൽ അതു വലിയ പ്രയോജനമാണ്. ദീപ രാജേഷ്, ടെക്നിക്കൽ ലീഡ്, യുവിജെ ടെക്നോളജീസ് 

കാണാത്ത കൊച്ചി

ഒരുപാട് എക്സ്പ്ലോർ ചെയ്യാനുള്ള നഗരമാണ് കൊച്ചി. ഫോർട്ട് കൊച്ചിയും മറൈൻ ഡ്രൈവുമല്ലാതെ തന്നെ ഒരുപാടു സ്ഥലങ്ങളുണ്ടിവിടെ. അതു രാത്രിയിലും തുറന്നു കിട്ടിയാൽ നഗരത്തിന്റെ മുഖച്ഛായ തന്നെ മാറും. രാത്രികൾ സജീവമാകുന്നതോടെ വ്യവസായ മേഖലയ്ക്കും ഒരുപാടു മാറ്റങ്ങളുണ്ടാകും. രാത്രികളിൽ മാത്രമല്ല പകലും അതിക്രമങ്ങൾ നടക്കുന്നുണ്ട്. പക്ഷേ, പലപ്പോഴും രാത്രിയിലെ ആക്രമണങ്ങൾക്കു ഇര തന്നെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുന്നു. അതിനാണ് ആദ്യം മാറ്റം സംഭവിക്കേണ്ടത്.

രാത്രി ജീവിതം കൂടി ആസ്വദിക്കാനുള്ളതാണെന്നു മനസ്സിലാക്കി വീടിനു പുറത്തേക്ക് എല്ലാവരും ഇറങ്ങാൻ തയാറായാൽ കൊച്ചി ശരിക്കും ഒരു മെട്രോ നഗരമാകും. അതോടൊപ്പം കൊച്ചി മെട്രോ ട്രെയിൻ സർവീസ് 24 മണിക്കൂറുമാക്കണം. രാത്രി 11നു ശേഷം ഇരുവശത്തേക്കും 1 മണിക്കൂർ ഇടവിട്ട് മതിയെന്നേ. പക്ഷേ, കൃത്യമായി അതു വേണം. അതുപോലെ തന്നെ കെഎസ്ആർടിസി, സ്വകാര്യ ബസുകൾ രാത്രി ഓരോ മണിക്കൂർ ഇടവിട്ടു നഗരത്തിൽ സർക്കുലർ സർവീസും നടത്തണം. ഇതിനൊന്നും ലാഭം മാനദണ്ഡമാകരുത്. സേവനമായി കരുതുകയും അതിനു വേണ്ട സൗകര്യങ്ങൾ സർക്കാർ ഒരുക്കി നൽകുകയും വേണം.  ദേവൻ സുബ്രഹ്മണ്യൻ, പരസ്യചിത്ര സംവിധായകൻ

ശരിക്കും മെട്രോ ആകട്ടെ

കൊച്ചി ആസ്വദിക്കാൻ പകലിനേക്കാൾ നല്ലതു രാത്രിയാണ്. താരതമ്യേന റോഡിലെ തിരക്കും കുറവ്. മുൻപൊക്കെ മറൈൻ ഡ്രൈവിലെ  കടകൾ 24 മണിക്കൂറും പ്രവർത്തിക്കുമായിരുന്നു. ഇപ്പോൾ 11 മണി മുതൽ 3 മണി വരെ കടകൾ അടപ്പിച്ചിടുകയാണ്. അതെന്തിനാണെന്ന് അറിയില്ല. രാത്രി ഭക്ഷണം കഴിക്കാനൊരു ഹോട്ടലോ തട്ടുകടയോ അന്വേഷിച്ചു കിലോമീറ്ററുകളോളം സഞ്ചരിക്കണം. അതു മാറിയാൽ തന്നെ ആളുകൾ പുറത്തേക്കിറങ്ങിത്തുടങ്ങും. കൊച്ചി ശരിക്കും ഒരു മെട്രോ നഗരമാകണമെങ്കിൽ രാത്രികൾ കൂടി സജീവമാകണം.  മുഹമ്മദ് റോഷൻ, ബിടെക് ബിരുദധാരി

വ്യവസായരംഗത്തിന് ഉണർവ്

രാത്രിയിൽ പുറത്തിറങ്ങാനും സ്വതന്ത്രമായി നടക്കാനും കഴിയുക എന്നതു തന്നെ വലിയ കാര്യമാണ്. രാത്രിയിൽ കടകളൊക്കെ  തുറന്നു പ്രവർത്തിക്കുന്ന തരത്തിലുള്ള മെട്രോ ജീവിതം ഒരു വീട്ടമ്മ എന്ന നിലയിൽ ഞാൻ സ്വാഗതം ചെയ്യുന്നു. വ്യവസായ മേഖലയ്ക്കും ഇതു വളരെ ഉപകാരപ്രദമാകും. ജിനു ജൂഡ്സൻ, കുമ്പളങ്ങി, വീട്ടമ്മ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com